Enter your Email Address to subscribe to our newsletters

Malappuram, 26 ഫെബ്രുവരി (H.S.)
മൂന്ന് പെണ്കുട്ടികളെ ക്രൂരമായി പൊള്ളിച്ച സംഭവത്തിൽ പിതാവിനെയും രണ്ടാനമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോടാണ് നാടിനെ നടുക്കിയ സംഭവം. കാവനൂർ തോട്ടിലങ്ങാടി സുന്നി പള്ളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ താമസിച്ചുവരികയായിരുന്ന ബിഹാർ സ്വദേശിയായ രാജേഷ് ശർമ്മയും രണ്ടാമത്തെ ഭാര്യ ഷീലാകുമാരിയും ചേര്ന്നാണ് മൂന്ന് പെണ്മക്കളെ ചട്ടകം ചൂടാക്കി പൊള്ളിച്ചത്.
രാജേഷ് ശർമ്മയുടെ ആദ്യ വിവാഹത്തിൽപ്പെട്ട പതിനൊന്ന്, ആറ്, അഞ്ച് വയസുള്ള മൂന്ന് പെൺകുട്ടികളെയാണ് ചട്ടുകം ചൂടാക്കി കാലിലും തുടയിലും പൊള്ളിച്ച് പരുക്കേൽപ്പിച്ചതായി പരാതിയിൽ പറയുന്നു. കുട്ടികളെ നിരന്തരം ഉപദ്രവിക്കുകയും ആവശ്യമായ ഭക്ഷണം നൽകാതിരിക്കുകയും ചെയ്തിരുന്നുവെന്നും ആരോപണമുണ്ട്. അടുപ്പിൽ നിന്ന് കത്തി ചൂടാക്കി ശരീരത്തിൽ പൊള്ളിച്ചതായും പൊലീസ് വ്യക്തമാക്കുന്നു.
കുട്ടികളുടെ കരച്ചിൽ കേട്ടും കുട്ടികളുടെ ശരീരത്തിലെ മുറിവുകൾ ശ്രദ്ധയിൽപ്പെട്ടതുമായ അയൽവാസികളാണ് വിവരം പുറംലോകത്തെ അറിയിച്ചത്. മാതാപിതാക്കളുടെ സ്വഭാവത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നതായും നാട്ടുകാര് പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ മുജീബ് റഹ്മാൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് എന്നിവയും ജുവനൈൽ ജസ്റ്റിസ് ആക്ട് വകുപ്പ് 75 ഉം പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇരുപത്തിനാലാം തീയതിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ന്യസംസ്ഥാന തൊഴിലാളികളായ പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പട്ടിണിക്കിട്ടും ക്രൂരത
കുട്ടികൾക്ക് കൃത്യമായി ഭക്ഷണം നൽകാതെ പട്ടിണിക്കിടുക, ഇരുമ്പ് വടികൊണ്ടും മറ്റും ശരീരത്തിൽ മർദിക്കുക, മുറിവേൽപ്പിക്കുക തുടങ്ങിയ കടുത്ത ശാരീരിക പീഡനങ്ങളാണ് മാതാപിതാക്കൾ നടത്തിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു. മൂന്ന് പെൺകുട്ടികളിൽ ഒരാളുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളും മർദ്ദനമേറ്റ ചതവുകളും കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾ ദീർഘകാലമായി ഈ നരകയാതന അനുഭവിക്കുകയായിരുന്നു എന്നാണ് സൂചന.
കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ഐപിസിയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവുമാണ് മാതാപിതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇത്തരം ക്രൂരതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
മാതാപിതാക്കളിൽ നിന്ന് തന്നെ ഇത്തരമൊരു അനുഭവം കുട്ടികൾക്ക് ഉണ്ടായത് പ്രദേശവാസികളെയും സോഷ്യൽ മീഡിയയെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. നിലവിൽ കുട്ടികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ്. ഈ കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR