Enter your Email Address to subscribe to our newsletters

Wayanad, 26 ഫെബ്രുവരി (H.S.)
ചൂരല്മല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കോൺഗ്രസ് നിർമിച്ച് നൽകുന്ന ഭവന പദ്ധതിയുടെ ശിലാസ്ഥാപനം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർവ്വഹിച്ചു. കൽപ്പറ്റയ്ക്കടുത്തുള്ള കുന്നത്ത്ബെറ്റയിലാണ് ചടങ്ങ് നടന്നത്. വയനാട് എം.പി പ്രിയങ്ക ഗാന്ധി വദ്രയും ഈ ചടങ്ങിൽ രാഹുൽ ഗാന്ധിക്കൊപ്പം പങ്കെടുത്തു.
ദുരന്തസമയത്ത് നൽകിയ വാഗ്ദാനം പാലിച്ച് 100 വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമിട്ടതിൽ സന്തോഷമുണ്ടെന്ന് രാഹുല് ഗാന്ധി പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്നുള്ള സഹകരണം കുറവായതിനാലും ഭൂമി ലഭ്യതയിലെ സാങ്കേതിക തടസങ്ങൾ കാരണവുമാണ് പദ്ധതി വൈകിയതെന്ന് അദ്ദേഹം ആരോപിച്ചു.
മുണ്ടക്കൈ-ചൂരൽമല ദുരന്തസമയത്ത് ഞാൻ വയനാട്ടിലെ ജനങ്ങൾക്ക് ഒരു വാക്ക് നൽകിയിരുന്നു—വീട് നഷ്ടപ്പെട്ടവർക്ക് കോൺഗ്രസ് വീട് നിർമ്മിച്ച് നൽകുമെന്ന്. ഇന്ന് ആ വാഗ്ദാനം യാഥാർത്ഥ്യമാകുന്നതിന്റെ ആദ്യ പടിയാണിത് എന്ന് അദ്ദേഹം പറഞ്ഞു. വയനാട് നേരിട്ട സമാനതകളില്ലാത്ത ഈ ദുരന്തത്തെ 'ദേശീയ ദുരന്തമായി' പ്രഖ്യാപിക്കാത്തതിലും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കാത്തതിലും അദ്ദേഹം കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. രാഷ്ട്രീയ വിവേചനമാണ് കേന്ദ്രം കാണിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
വയനാട്ടിലെ ജനങ്ങൾ തൻ്റെ കുടുംബമാണെന്നും പ്രിയങ്ക ഗാന്ധി അവരെ കൂടുതൽ കരുത്തോടെയും സമർപ്പണത്തോടെയും നയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും വിദ്വേഷത്തെ സ്നേഹം കൊണ്ട് തോൽപ്പിക്കാമെന്ന് വയനാട്ടിലെ ജനങ്ങൾ തന്നെ പഠിപ്പിച്ചുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
2024 ജൂലൈയിൽ മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ടവർക്കായാണ് കോൺഗ്രസ് ഈ വീടുകൾ നിർമിക്കുന്നത്. ആകെ 100 വീടുകളാണ് പാർട്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 50 വീടുകളുടെ നിർമാണമാണ് ആരംഭിക്കുന്നത്. ആറ് മാസത്തിനുള്ളിൽ ഇവ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ വീടും 1100 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ മൂന്ന് കിടപ്പുമുറികളോട് കൂടിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ഏകദേശം എട്ട് സെന്റ് സ്ഥലത്താണ് ഓരോ വീടും നിർമ്മിക്കുന്നത്. വീട് നിർമ്മാണത്തിന് പുറമെ, സർക്കാർ സഹായം ലഭിക്കാത്ത 40 കടയുടമകൾക്ക് 5 ലക്ഷം രൂപ വീതം സാമ്പത്തിക സഹായവും ഈ ചടങ്ങിൽ വിതരണം ചെയ്തു. സാങ്കേതിക കാരണങ്ങളാൽ സർക്കാർ പട്ടികയിൽ നിന്ന് പുറത്തായ ദുരിതബാധിതർക്കാണ് ഈ പദ്ധതിയിൽ മുൻഗണന നൽകുന്നത്.
അതേസമയം, വയനാട് സന്ദർശനത്തിന് മുന്നോടിയായി കണ്ണൂരിലെ പേരാവൂരിൽ നടന്ന 'കർഷക സംഗമത്തിൽ' രാഹുല് ഗാന്ധി സംസാരിച്ചിരുന്നു. ഒരു കെട്ടിടം നിൽക്കാൻ ശക്തമായ അടിത്തറ വേണം, അതുപോലെ ഇന്ത്യയുടെ അടിത്തറ കർഷകരാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ അമേരിക്കയുമായി നടത്തുന്ന വ്യാപാര കരാറുകൾ ഇന്ത്യൻ കർഷകരെ ബലികൊടുക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. വിദേശ സമ്മർദ്ദത്തിന് വഴങ്ങിയാണ് പ്രധാനമന്ത്രി ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വന്യജീവി ആക്രമണം, ശരിയായ താങ്ങുവിലയുടെ അഭാവം, സംഭരണ സൗകര്യങ്ങളുടെ കുറവ് എന്നിവ കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR