Enter your Email Address to subscribe to our newsletters

Newdelhi, 26 ഫെബ്രുവരി (H.S.)
സൗത്ത് ഏഷ്യ ട്രാവൽ ആൻഡ് ടൂറിസം എക്സ്ചേഞ്ച് 2026 ൽ (SATTE) ലോക ശ്രദ്ധ പിടിച്ചുപറ്റി റാമോജി ഫിലിം സിറ്റി. ഇന്നലെ ( ഫെബ്രുവരി 25) മുതൽ ഡൽഹിയിലെ യശോഭൂമിയിൽ നടക്കുന്ന മൂന്ന് ദിവസത്തെ പരിപാടിയിലാണ് റാമോജി ഫിലിം സിറ്റി ഇടം പിടിച്ചത്.
ഫിലിം സിറ്റിയുടെ അടിസ്ഥാന സൗകര്യങ്ങൾ, ലോകോത്തര സൗകര്യങ്ങൾ സ്റ്റുഡിയോ അനുഭവങ്ങൾ എന്നിവയാണ് പരിപാടിയിൽ പ്രദർശിപ്പിക്കുന്നത്. ടൂറിസം, ചലച്ചിത്ര നിർമാണം എന്നിവയിൽ റാമോജി ഫിലിം സിറ്റി മുൻപന്തിയിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
റാമോജി ഫിലിം സിറ്റി എന്നത് വെറുമൊരു ഷൂട്ടിങ് ലോക്കേഷൻ മാത്രമല്ല പ്രകൃതി സൗന്ദര്യങ്ങളും നിരവധി കാഴ്ചകളും ഉൾക്കൊള്ളുന്ന ഒരു അവധിക്കാല ടൂറിസ്റ്റ് സ്പോട്ട് കൂടിയാണ്. ഏത് പ്രായത്തിലുള്ളവർക്കും ഇഷ്ടമാകുന്ന ഒരു സ്ഥലം കൂടെയാണ് റാമോജി ഫിലിം സിറ്റിയെന്ന് ചീഫ് ബിസിനസ് ഓഫീസർ രുചി പന്ത് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ എന്ന നിലയിൽ റാമോജി ഫിലിം സിറ്റി ലോക ഗിന്നസ് റെക്കോർഡ്സിൽ ഇടം നേടിയിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ഭാഷകളിലായി ഇതുവരെ 3,500 ലധികം സിനിമകൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും രുചി പന്ത് പറഞ്ഞു.
റാമോജി ഫിലിം സിറ്റിയിലെ സെറ്റുകളിൽ ബാഹുബലിയുടെ സെറ്റ് ഒരു പ്രത്യേക ആകർഷണമാണെന്ന് രുചി പറഞ്ഞു. കോട്ടാരങ്ങളുടെയും യുദ്ധക്കളങ്ങളുടെയും കാഴ്ചകൾ വിദേശികളെ പോലും ആകർഷിക്കുന്നു. കൂടാതെ വിമാനത്താവളം, റെയിൽവേ സറ്റേഷൻ, കോട്ടാരങ്ങൾ, ലാൻഡ്സ്കേപ്പ്ഡ് ഗാർഡനുകൾ എന്നിവയുൾപ്പെടെ നിരവധി സെറ്റുകളാണ് ഇവിടെയുള്ളതെന്നും രുചി പറഞ്ഞു.
ബഡ്ജറ്റ് ഫ്രണ്ട്ലിയായുള്ള താമസസൗകര്യങ്ങളും ആഡംബര രീതിയിലുള്ള താമസസൗകര്യങ്ങളുമായി അഞ്ച് ഹോട്ടലുകൾ ഫിലിം സിറ്റിയിലുണ്ട്. മെഗാ ഇവൻ്റുകൾ, ഡെസ്റ്റിനേഷൻ വിവാഹങ്ങൾ, കോർപ്പറേറ്റ് മീറ്റിങ്ങുകൾ എന്നിവയെല്ലാം ഫിലിം സിറ്റിയിൽ വച്ച് നടക്കാറുണ്ട്.
25 മുതൽ 25,000 വരെ ആളുകളുടെ പരിപാടികൾ ഇവിടെ വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട്. വലിയ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി ഫിലിം സിറ്റിക്ക് ഇവൻ്റ് മാനേജ്മെൻ്റ് ടീമുണ്ട്. എഡ് ഷീരൻ, എ ആർ റഹ്മാൻ തുടങ്ങിയ പോപ്പ് താരങ്ങളുടെയും സംഗീതജ്ഞരുടെയും ഗ്രാൻഡ് പരിപാടികൾ ഇവിടെ നടന്നിട്ടുണ്ടെന്നും ചീഫ് ബിസിനസ് ഓഫീസർ രുചി പന്ത് പറഞ്ഞു.
വിനോദ സഞ്ചാരികൾക്കായി കാർണിവൽ
റാമോജിയിൽ ഏപ്രിൽ മുതൽ കാർണിവൽ ആരംഭിക്കാൻ പോവുകയാണ്. ഈ കാർണിവലിൽ രാത്രിയിലും സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. രാത്രി ഒൻപത് മണി വരെ സന്ദർശകർക്ക് ഫിലിം സിറ്റി കാണാൻ അവസരമുണ്ട്. സാംസ്കാരിക പരിപാടികൾ, ലൈവ് ഷോകൾ, ഭക്ഷ്യമേള, കാർണിവൽ പരേഡ്, മ്യൂസിക്കൽ ഗ്ലോ ഗാർഡൻ, 'മായലോക്' എന്നിവ കാർണിവലിൽ ഉണ്ടവും. ഏപ്രിൽ 23 മുതൽ ജൂൺ ഏഴ് വരെയായിരിക്കും കാർണിവൽ നടത്തുക എന്ന് രുചി പന്ത് വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR