Enter your Email Address to subscribe to our newsletters

Thiruvananthapuram, 26 ഫെബ്രുവരി (H.S.)
സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങളും ഓഫീസ് സംബന്ധമായ വിവരങ്ങളും അടങ്ങുന്ന ഡാറ്റ കരാര് ജീവനക്കാരന്റെ മെയിലിലേക്ക് അയച്ചുവെന്ന വാർത്ത നിരാകരിക്കാതെ മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി (OSD - Officer on Special Duty) സീറാം സാംബശിവറാവു.
ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും റാവു പറഞ്ഞു. പറയാനുള്ള കാര്യങ്ങൾ ഇന്നലെ പത്രക്കുറിപ്പായി പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല. വിഷയത്തിൽ കോടതിയിൽ കേസുള്ളതിനാൽ ഇനി പറയാനുള്ള കാര്യങ്ങൾ അവിടെ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡാറ്റ കൈമാറിയതിൽ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. അതിനെ പിന്തുണയ്ക്കുന്ന തരത്തിലാണ് സാംബശിവറാവുവിന്റെ പ്രതികരണം.
നിതിൻ വി. ചന്ദ്രൻ എന്ന ഐ.ടി മിഷനിലെ കരാർ ജീവനക്കാരന്റെ ഇ-മെയിലിലേക്കാണ് വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള ഒരു കോടിയോളം വ്യക്തിവിവര ഡാറ്റകൾ അയക്കാൻ സാംബശിവറാവു നൽകിയ കത്തിൽ നിന്ന് പുറത്തുവരുന്ന വിവരം. ഡാറ്റാ ചോർച്ച സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ നടത്തിയ വാർത്താസമ്മേളനത്തിൽ രമേശ് ചെന്നിത്തല ഈ കത്ത് പുറത്തുവിട്ടിരുന്നു. കരാർ പ്രകാരം ഐ.ടി മിഷനിലാണ് നിയമനമെങ്കിലും നിതിൻ ഇപ്പോൾ സാംബശിവറാവുവിന്റെ ഓഫീസിലാണ് ജോലി ചെയ്യുന്നത്. 936 ഇനങ്ങളിൽ സേവനം നൽകുന്ന കെ-സ്മാർട്ടിൽ (K-Smart) നിന്നും ഡാറ്റ ആവശ്യപ്പെട്ടെങ്കിലും ഈ ഡാറ്റ എന്തിനാണ് ആവശ്യപ്പെടുന്നതെന്ന് കൂടുതൽ വ്യക്തത വരുത്തി രേഖാമൂലം അറിയിക്കണമെന്ന് കെ-സ്മാർട്ട് ഓഫീസ് അധികൃതർ ആവശ്യപ്പെട്ടതോടെ അത് നടന്നില്ല.
നിലവിൽ 5.42 ലക്ഷം ജീവനക്കാർ, 62 ലക്ഷം ക്ഷേമ പെൻഷൻകാർ, 10 ലക്ഷം സ്ത്രീസുരക്ഷാ പെൻഷൻ വാങ്ങുന്നവർ, ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്ത സംരംഭകർ, 'സി.എം വിത്ത് മീ' (CM with Me) കോൾ സെന്ററിലേക്ക് വിവിധ ആവശ്യങ്ങൾക്കായി വിളിച്ചവർ എന്നിങ്ങനെ ഒരു കോടിയോളം പേർക്കാണ് സന്ദേശം പോയത്. എന്നാൽ മറ്റ് സർക്കാർ സംവിധാനങ്ങളിൽ നിന്നോ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നോ പൊതുജനങ്ങളുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങളിൽ നിന്നോ ഡാറ്റ ശേഖരിച്ചിട്ടുണ്ടോ എന്നത് അവ്യക്തമായി തുടരുകയാണ്. ശേഖരിച്ചിട്ടുണ്ടെങ്കിൽ ഇവ എങ്ങനെ, ആർക്ക് കൈമാറി എന്നതിലും ഔദ്യോഗികമായി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
ഡാറ്റ സുരക്ഷ: പത്രക്കുറിപ്പിൽ പറയുന്നത് ഇങ്ങനെ
ചട്ടപ്രകാരമുള്ള വിവരശേഖരണം, അവയുടെ ക്രമീകരണം എന്നിവ മാത്രമല്ല സ്വീകരിച്ച വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതും ഐ.ടി മിഷന്റെ സുപ്രധാന ഉത്തരവാദിത്തമാണ്. അതിലൊന്നും ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല. വ്യക്തിഗതമായ എല്ലാ വിവരങ്ങളും സർക്കാർ സംവിധാനങ്ങളിൽ ഭദ്രമാണ്. ഈ വിവരങ്ങൾ ഒന്നുംതന്നെ സർക്കാരിന് പുറത്തുള്ള ഒരു ഏജൻസിയുമായും പങ്കുവെക്കുകയോ കൈമാറുകയോ ചെയ്യുന്നില്ല. കൂടാതെ എല്ലാ വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കാൻ സർക്കാരിന് ഐ.ടി വകുപ്പിന്റെ കീഴിൽത്തന്നെ വിപുലമായ സ്റ്റേറ്റ് ഡാറ്റാ സെന്റർ (SDC) സംവിധാനമുണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്. ഇതിനെ ശരിവെക്കുന്ന തരത്തിലാണ് മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി പ്രതികരിച്ചത്.
കേസ് പരിഗണിക്കുന്നത് നാളെ
ഡാറ്റാ ചോർച്ച സംബന്ധിച്ച കേസ് ഹൈക്കോടതി വീണ്ടും നാളെ (ഫെബ്രുവരി 27) പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സർക്കാർ അഭിഭാഷകൻ സത്യവാങ്മൂലം (Affidavit) സമർപ്പിച്ചിരുന്നില്ല. സ്പാർക്ക് (SPARK) അടക്കമുള്ള സോഫ്റ്റ്വെയറുകളിൽ നിന്ന് ഡാറ്റ എങ്ങനെ കൈമാറ്റം ചെയ്തുവെന്ന ചോദ്യത്തിനടക്കം സർക്കാർ കോടതിയിൽ മറുപടി നൽകിയേക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR