Enter your Email Address to subscribe to our newsletters

Thiruvananthapuram, 26 ഫെബ്രുവരി (H.S.)
സര്ക്കാര് ആശുപത്രികളെയും സംവിധാനങ്ങളെയും മോശമാക്കി ചിത്രീകരിക്കാന് ബോധപൂര്വമായ ശ്രമം നടക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോര്ജ്.
ഇതിന് പിന്നില് സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്നവരാണ് എന്നും മന്ത്രി വെളിപ്പെടുത്തി.
രോഗികളെ എത്തിച്ചാല് സ്വകാര്യ ആശുപത്രികള് ആംബുലന്സ് ഡ്രൈവര്മാര്ക്ക് പണം നല്കുന്നുണ്ട്. എറണാകുളത്ത് 10000 രൂപയും തിരുവനന്തപുരത്ത് 5000 രൂപയും നല്കുന്നു. സര്ക്കാര് ആശുപത്രികളില് പോകാതെ ഇവര് സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ എത്തിക്കുകയാണ് എന്നും മന്ത്രി വെളിപ്പെടുത്തി. ആരോഗ്യ വകുപ്പ് ചെയ്യുന്ന ഒട്ടേറെ നല്ല കാര്യങ്ങള് അവഗണിക്കുകയും ഒറ്റപ്പെട്ട മോശം സംഭവങ്ങള് ഹൈലേറ്റ് ചെയ്യപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
നാട്ടിന്പുറങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള് മുതല് മെഡിക്കല് കോളജുകള് വരെ കഴിഞ്ഞ അഞ്ച് വര്ഷത്തിനിടെ മാറിയിട്ടുണ്ട്. ഗ്രാമീണ മേഖലകളില് വരെ കൂടുതല് ആരോഗ്യ കേന്ദ്രങ്ങള് തുറന്നു, ജില്ലാ ആശുപത്രികളില് സൗകര്യം മെച്ചപ്പെടുത്തി, അവയവ മാറ്റ ശസ്ത്രക്രിയകള് നടക്കുന്നു, കുറഞ്ഞ ചെലവില് ചികില്സ ലഭ്യമാക്കുന്നു, ഡയാലിസിസ് സെന്ററുകളുടെ എണ്ണം വര്ധിപ്പിച്ചു തുടങ്ങി ഒരുപിടി നല്ല കാര്യങ്ങള് ചെയ്യാന് അഞ്ച് വര്ഷത്തിനിടെ സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു.
കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ തുടക്കത്തിലാണ് ഈ സര്ക്കാര് അധികാരമേറ്റത്. ചികില്സ എല്ലാവര്ക്കും ലഭിക്കുന്ന രീതിയില് അടിസ്ഥാന സൗകര്യം വര്ധിപ്പിക്കുക എന്നത് അന്ന് എടുത്ത തീരുമാനമായിരുന്നു. ക്യാന്സര് നേരത്തെ കണ്ടെത്താനും പ്രതിരോധിക്കാനും പദ്ധതി തയ്യാറാക്കി നടപ്പാക്കി. രോഗ വ്യാപനം തടയാന് ശുചിത്വ പരിപാലന പദ്ധതിയും കൊണ്ടുവന്നു.
ഏകാരോഗ്യ നിയമം കൊണ്ടുവന്നു
തെക്കന് കേരളത്തിനും മലബാറിനും രണ്ട് ആരോഗ്യ നിയമങ്ങളാണ് നേരത്തെ ഉണ്ടായിരുന്നത്. ഇത് മാറ്റി പുതിയ ഏകാരോഗ്യ നിയമം കൊണ്ടുവന്നു. ക്യാന്സര് രോഗത്തിന് ലോകത്തെ മികച്ച ചികില്സ നല്കാന് നമുക്ക് സാധിക്കുന്നുണ്ട്. പുറത്ത് 50 ലക്ഷം രൂപ വരെ ചെലവ് വരുന്ന ശസ്ത്രക്രിയകള് ഇവിടെ മിതമായ നിരക്കില് ചെയ്യാന് കഴിയുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
ജനകീയ ആരോഗ്യ കേന്ദ്രങ്ങള് ആരംഭിച്ചു, എല്ലാ ചൊവ്വാഴ്ചയും സ്ത്രീകള്ക്ക് മാത്രമായുള്ള പ്രത്യേക പരിശോധനകള് നടക്കുന്നു, ഹെല്ത്ത് ക്ലബ്ബുകള് ആരംഭിച്ചു, ലോകത്ത് എവിടെയും പകര്ച്ച വ്യാധികളുണ്ടായാല് സംസ്ഥാനത്ത് ജാഗ്രത പാലിക്കാന് പുതിയ സംവിധാനം ഒരുക്കി. ആരോഗ്യ രംഗത്ത് പുതിയ ഗവേഷണ സ്ഥാപനങ്ങള് തുടങ്ങാന് സാധിച്ചതും നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.
ഗൈനക്കോളജി സ്പെഷ്യലിറ്റി വിട്ട് ഡോക്ടര്മാര് മറ്റു രംഗത്തേക്ക് പോകുന്നത് ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്. സമ്മര്ദ്ദങ്ങള് കൂടുമ്പോഴാണ് ഡോക്ടര്മാര് മറ്റു വകുപ്പുകളിലേക്ക് മാറുന്നത്. നെഗറ്റീവ് വാര്ത്തകള്ക്ക് വലിയ പ്രചാരം ലഭിക്കുന്നുണ്ട്. തെറ്റായ പ്രചാരണങ്ങളും കൂടുതലാണ്. തിരുവനന്തപുരം ജനറല് ആശുപത്രിയിലെ ഗ്ലൗസ് വിവാദം മന്ത്രി എടുത്തു പറഞ്ഞു.
സ്വകാര്യ ആശുപത്രികളിലെ 600 പരാതികള് ലഭിച്ചു
സ്വകാര്യ ആശുപത്രികളില് നിന്നുള്ള ചികില്സാ പിഴവുകള് സംബന്ധിച്ച് 600 പരാതികള് ആരോഗ്യ വകുപ്പിന് ലഭിച്ചിട്ടുണ്ട്. എന്നാല് സര്ക്കാര് ആശുപത്രികളിലെ ചികില്സാ പിഴവുകള് വലിയ തോതില് വിവാദമാക്കപ്പെടുകയാണ്. ബോധപൂര്വമായ ശ്രമവും ഇതിന് പിന്നിലുണ്ട്. ആലപ്പുഴ മെഡിക്കല് കോളജില് മിക്ക ദിവസവും പ്രതിഷേധം നടന്ന സമയമുണ്ടായിരുന്നു. സിസിടിവി പരിശോധിച്ചപ്പോഴാണ് സ്വകാര്യ ആശുപത്രിയിലെ പിആര്ഒ എല്ലാ പ്രതിഷേധത്തിലും പങ്കെടുക്കുന്നത് കണ്ടത്. ഇത് പരസ്യമായതോടെ പ്രതിഷേധം നിലച്ചുവെന്നും മന്ത്രി പറഞ്ഞു.
കോര്പറേറ്റുകള് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള് ഏറ്റെടുക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളില് ആറ് ലക്ഷത്തിന് ചെയ്യുന്ന ശസ്ത്രക്രിയ സര്ക്കാര് ആശുപത്രികളില് സൗജന്യമായും കുറഞ്ഞ നിരക്കിലും ചെയുമ്പോള് കോര്പറേറ്റുകളെ അസ്വസ്ഥമാക്കുന്നുവെന്ന് മന്ത്രി സൂചിപ്പിച്ചു. 2016ല് 12 ആശുപത്രികളിലാണ് ഡയലാസിസ് യൂണിറ്റ് ഉണ്ടായിരുന്നത്. ഇപ്പോള് 125 ആശുപത്രികളിലുണ്ട്. കുറഞ്ഞ നിരക്കിലാണ് ഇവിടെ ഡയാലിസിസ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
2700 കോടി രൂപയുടെ പദ്ധതികള്
മിക്ക ആരോഗ്യ കേന്ദ്രങ്ങളിലും ബെഡുകളുടെ എണ്ണം വര്ധിപ്പിച്ചു. ആരോഗ്യ മേഖലയില് സംസ്ഥാനത്ത് ഈ മാസം 2700 കോടിയുടെ പദ്ധതികള് പൂര്ത്തിയാക്കി ഉദ്ഘാടനം ചെയ്യുകയാണ്. സംസ്ഥാനത്ത് 1300 ലാബുകളെ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. തൊട്ടടുത്ത ലാബില് സാംപിള് കൊടുത്താല് എവിടെയാണോ ടെസ്റ്റ് നടക്കുന്നത് ആ ഹൈയര് ലാബില് പോയി റിസള്ട്ട് വാങ്ങാന് സാധിക്കുന്ന 'നിര്ണയ' പദ്ധതിയും തുടങ്ങിയിട്ടുണ്ട്.
എറണാകുളത്ത് രണ്ട് സ്വകാര്യ ആശുപത്രികളില് രോഗിയെ എത്തിച്ചാല് ആംബുലന്സ് ഡ്രൈവര്ക്ക് 10000 രൂപ കിട്ടുന്ന സ്ഥിതിയുണ്ടെന്ന് ഡോക്ടര്മാര് തന്നെ പറഞ്ഞുവെന്ന് മന്ത്രി വിശദീകരിച്ചു. തിരുവനന്തപുരത്താണെങ്കില് 5000 രൂപ കിട്ടുന്നുണ്ട്. ആംബുലന്സ് ഡ്രൈവര്മാര് മെഡിക്കല് കോളജില് എത്തിക്കാതെ ഇത്തരം ആശുപത്രികളിലേക്ക് കൊണ്ടുപോകാന് പ്രേരിപ്പിക്കുന്ന സാഹചര്യമുണ്ടെന്ന് അറിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം തുറന്നുതന്നെ പറഞ്ഞുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR