Enter your Email Address to subscribe to our newsletters

Kochi, 26 ഫെബ്രുവരി (H.S.)
ബിഎസ്എന്‍എല്‍ ഉന്നത ഉദ്യോഗസ്ഥനെതിരെ സിബിഐ കേസ്. തിരുവനന്തപുരത്തെ ബിഎസ്എന്‍എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ആയിരുന്ന സി. രാജേന്ദ്രനെതിരെയാണ് സിബിഐ കേസെടുത്തത്. കരാറുകാരില്‍നിന്ന് ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ്.
ഇന്നലെ സി. രാജേന്ദ്രന്റെ ചെന്നൈയിലെയും മധുരയിലെയും ഓഫീസുകളിലും വീടുകളിലും സിബിഐ റെയ്ഡ് നടത്തി. വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ഒട്ടേറെ രേഖകളും പണവും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്.തിരുവനന്തപുരത്തെ ബിഎസ്എന്‍എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ആയിരുന്നു സി. രാജേന്ദ്രന്‍. ബിഎസ്എന്‍എല്‍ന്റെ ഭൂഗര്‍ഭ കേബിള്‍ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള കരാറുകാരനില്‍നിന്ന് ബില്ല് പാസാക്കുന്നതിന് കോഴ വാങ്ങിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
ആരോപണങ്ങളെ തുടര്‍ന്ന് ബിഎസ്എന്‍എല്‍ രാജേന്ദ്രനെതിരെ വകുപ്പുതല അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയില്‍ തിരുവനന്തപുരത്തുനിന്ന് രാജേന്ദ്രനെ കല്‍ക്കട്ടയിലേക്കും പിന്നീട് ചെന്നൈയിലേക്കും സ്ഥലംമാറ്റി. സിബിഐ രാജേന്ദ്രന്റെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ കൈക്കൂലി ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ സന്ദര്‍ശനത്തിനായി ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തയ്യാറാക്കിയ പദ്ധതി വിവാദത്തിലായിരുന്നു. പി.എസ്.യു ഡയറക്ടര്‍മാരില്‍ ഒരാളായ വിവേക് ബന്‍സലിന്റെ തികച്ചും അനൗദ്യോഗികമായ സന്ദര്‍ശനം പ്രമാണിച്ച് രണ്ടുദിവസത്തിനുള്ളില്‍ 50 ജീവനക്കാരെയാണ് വിന്യസിച്ചത്. സന്ദര്‍ശനം യാതൊരു ബുദ്ധിമുട്ടും കൂടാതെ നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജീവനക്കാര്‍ക്ക് പ്രത്യേക ചുമതലകള്‍ നല്‍കിയിരുന്നു.
ഡെപ്യൂട്ടി ജിഎം തയ്യാറാക്കിയ ഔദ്യോഗിക ഉത്തരവ് അനുസരിച്ച് ബോട്ട് യാത്രകള്‍, ക്ഷേത്രസന്ദര്‍ശനങ്ങള്‍ എന്നിവ ഒരുക്കുന്നതിനും ടവലുകള്‍, അടിവസ്ത്രങ്ങള്‍, എണ്ണ, ചീപ്പ് തുടങ്ങിയവ അടങ്ങുന്ന 'സ്‌നാന്‍' കിറ്റുകള്‍ തയ്യാറാക്കുന്നതിനും പാക്ക്‌ചെയ്യുന്നതിനും ജീവനക്കാരെ ചുമതലപ്പെടുത്തിയിരുന്നു. താമസത്തിനായി ആഡംബരമുറികള്‍ തയ്യാറാക്കുക, ഫോട്ടോയെടുക്കുക, പ്രാദേശിക ഗതാഗതത്തിനായുള്ള വാഹനങ്ങളില്‍ വെള്ളം, ചോക്ലേറ്റുകള്‍, ചിപ്സ്, മറ്റ് ലഘുഭക്ഷണങ്ങള്‍ എന്നിവ ലഭ്യമാക്കുക തുടങ്ങിയ ജോലികളും ഉള്‍പ്പെട്ടിരുന്നു.
കഴിഞ്ഞ പാദത്തില്‍ 1,300 കോടി രൂപയിലധികം നഷ്ടം രേഖപ്പെടുത്തിയ ബിഎസ്എന്‍എല്‍, ഇത്രയും വിപുലമായ സന്ദര്‍ശനപദ്ധതിയെ കുറിച്ച് പ്രതികരിച്ചിട്ടില്ല. വിശദമായ ക്രമീകരണങ്ങള്‍ വിവരിക്കുന്ന ഔദ്യോഗിക ഉത്തരവ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് തൊട്ടുപിന്നാലെ റദ്ദാക്കി. വ്യക്തിപരമായ സന്ദര്‍ശനത്തിനായി ഇത്രയും ധാരാളമായ ക്രമീകരണങ്ങള്‍ക്കും പൊതുമേഖലാ വിഭവങ്ങള്‍ വിന്യസിച്ചതിനും വലിയ വിമര്‍ശനമാണ് ഉയരുന്നത്.
ഫെബ്രുവരി 19-ന് ഡിജിഎം തലത്തില്‍ പുറത്തിറക്കിയ ഔദ്യോഗിക ആശയവിനിമയമനുസരിച്ച്, ഡയറക്ടറുടെ വരവ് ക്രമീകരണങ്ങള്‍ മുതല്‍ മതപരമായ സന്ദര്‍ശനങ്ങള്‍, ദൈനംദിന ലോജിസ്റ്റിക്‌സ് വരെയുള്ള മുഴുവന്‍ ഷെഡ്യൂളും ഉള്‍ക്കൊള്ളുന്ന വിശദമായ മിനിറ്റ്-ടു-മിനിറ്റ് പദ്ധതി തയ്യാറാക്കിയിരുന്നു. പ്രയാഗ് രാജ് റെയില്‍വേ സ്റ്റേഷനിലെ സ്വീകരണം മുതല്‍ പുണ്യസ്‌നാനങ്ങള്‍, പ്രമുഖ മതസ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍, ഭക്ഷണം, ഗതാഗതം, വ്യക്തിപരമായ സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നത് വരെയുള്ള വിശദമായ ക്രമീകരണങ്ങള്‍ പ്രോട്ടോക്കോളില്‍ ഉള്‍പ്പെട്ടിരുന്നു.
---------------
Hindusthan Samachar / Sreejith S