ജനങ്ങള് വോട്ട് ചെയ്യണമെന്ന് ഉറപ്പാക്കണം; വോട്ട് ചെയ്യല് നിര്ബന്ധമാക്കുന്നത് പരിഗണിക്കാം; സുപ്രീംകോടതി
New delhi, 26 ഫെബ്രുവരി (H.S.) ന്യൂഡല്‍ഹി : വോട്ട് ചെയ്യാന്‍ കൂടുതല്‍ പേര്‍ പോളിങ് ബൂത്തിലെത്തണമെങ്കില്‍ വോട്ട് ചെയ്യല്‍ നിര്‍ബന്ധമാക്കണമെന്ന് സുപ്രിംകോടതി. മത്സരിക്കാനുള്ള സ്ഥാനാര്‍ഥി ഒരാള്‍ മാത്രമാണെങ്കിലും വോട്ടെടുപ്പ് അനുവദിക്കണമെന്ന് ആവശ്യപ
Supreme Court


New delhi, 26 ഫെബ്രുവരി (H.S.)

ന്യൂഡല്‍ഹി : വോട്ട് ചെയ്യാന്‍ കൂടുതല്‍ പേര്‍ പോളിങ് ബൂത്തിലെത്തണമെങ്കില്‍ വോട്ട് ചെയ്യല്‍ നിര്‍ബന്ധമാക്കണമെന്ന് സുപ്രിംകോടതി. മത്സരിക്കാനുള്ള സ്ഥാനാര്‍ഥി ഒരാള്‍ മാത്രമാണെങ്കിലും വോട്ടെടുപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അടങ്ങുന്ന ബെഞ്ചാണ് വാക്കാലുള്ള ഈ പരാമര്‍ശം നടത്തിയത്.

ജനങ്ങള്‍ വോട്ട് ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്താന്‍ കര്‍ക്കശമല്ലെങ്കിലും നിര്‍ബന്ധിത സംവിധാനം വേണമെന്ന് ചീഫ് ജസ്റ്റിസാണ് പറഞ്ഞത്. ദുര്‍ബല വിഭാഗത്തിലുള്ളവരെ അപേക്ഷിച്ച് സമ്പന്നരുടെയും അഭ്യസ്തവിദ്യരുടെയും എണ്ണമാണ് വോട്ടിങ്ങില്‍ കുറവെന്നാണ് തന്റെ അനുഭവമെന്ന് ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. ഗ്രാമങ്ങളില്‍ പോളിങ് ദിനം ആഘോഷമാക്കാറുണ്ട്. സ്ത്രീകള്‍ക്ക് വീട്ടിലെ പണികളില്‍ നിന്ന് മോചനം കിട്ടും, അവര്‍ സംഘമായി പാട്ടു പാടിയും നൃത്തം ചെയ്തുമൊക്കെ പോളിങ് ബൂത്തില്‍ എത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ഥി ഒരാള്‍ മാത്രമുള്ളിടത്ത് വോട്ടര്‍മാര്‍ക്ക് നോട്ട ഓപ്ഷന്‍ ഉപയോഗിക്കാമെന്ന ഹരജിയിലെ വാദത്തോട് പ്രതികരിക്കവെ നോട്ട കൊണ്ട് വോട്ടിങ് ശതമാനമോ സ്ഥാനാര്‍ഥികളുടെ മേന്മയോ മെച്ചപ്പെട്ടിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു. ഒരാള്‍ മാത്രം മത്സരിക്കുന്നിടത്ത് സ്ഥാനാര്‍ഥിക്ക് നോട്ടയേക്കാള്‍ കുറവ് വോട്ടാണ് കിട്ടുന്നതെങ്കില്‍ ആ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജി വീണ്ടും പരിഗണിക്കാനായി മാറ്റി.

---------------

Hindusthan Samachar / Sreejith S


Latest News