Enter your Email Address to subscribe to our newsletters

Kochi, 26 ഫെബ്രുവരി (H.S.)
കൊച്ചി : സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം ഒപി പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. സമരത്തിന്റെ പേരില്‍ രോഗികള്‍ക്ക് ആരോഗ്യ സേവനം നിഷേധിക്കപ്പെടരുതെന്നു സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. അവശ്യ ആരോഗ്യ സേവനം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും ചീഫ് ജസ്റ്റിസ് സൗമ്യന്‍സണ്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഓര്‍മിപ്പിച്ചു.
അനിശ്ചിതകാല സമരം അവസാനിപ്പിക്കാന്‍ ഇടപെടല്‍ തേടിയുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആരോഗ്യ വകുപ്പിനോട് കോടതി വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനാണു നിര്‍ദേശം. മുതിര്‍ന്ന ഡോക്ടര്‍മാര്‍ മാറിനില്‍ക്കുന്നത് ചികിത്സാ തുടര്‍ച്ചയെ ബാധിക്കുന്നുവെന്നും പാവപ്പെട്ട രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2016 ജനുവരി മുതല്‍ ഉള്ള ശമ്പള കുടിശ്ശിക നല്‍കുക, പ്രവേശന തസ്തികയിലെ ശമ്പള അപാകത പരിഹരിക്കുക, പുതിയ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍ തസ്തികകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അപര്യാപ്തത പരിഹരിക്കുക, പഴയ മെഡിക്കല്‍ കോളേജുകളില്‍ രോഗി ബാഹുല്യത്തിനനുസരിച്ച് ഡോക്ടര്‍മാരുടെ തസ്തികള്‍ സൃഷ്ടിക്കുക വഴി രോഗി പരിചരണം മെച്ചപ്പെട്ടതാക്കുക, അന്യായമായ പെന്‍ഷന്‍ സീലിങ് ഒഴിവാക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് കെജിഎംസിടിഎ പ്രതിഷേധിക്കുന്നത്. ആരാഗ്യമന്ത്രിയും ധനമന്ത്രിയും ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല.
പ്രതിദിനം 4000 രോഗികള്‍ ഒ പി യില്‍ എത്തിയിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികളുടെ എണ്ണം 1200 ആയി കുറഞ്ഞിട്ടുണ്ട്. ദിവസേന 4500 ഓളം രോഗികള്‍ എത്തിയിരുന്ന തിരുവനന്തപുരം മെഡിക്കല്‍ ഇപ്പോള്‍ 2500 ഓളം രോഗികളെ എത്തുന്നുള്ളൂ. 4000 ത്തോളം രോഗികള്‍ ദിവസേന ഓ പി യില്‍ എത്തിയിരുന്ന ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആയിരത്തില്‍ താഴെ രോഗികളെ എത്തുന്നുള്ളൂ. മറ്റെല്ലാ മെഡിക്കല്‍ കോളേജുകളുടെയും അവസ്ഥ ഇതുതന്നെയാണ്. അഡ്മിഷനുകളും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഓ പിയില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ കാര്യമായ ചികിത്സ വേണ്ട രോഗികള്‍ സ്വകാര്യ ആശുപത്രികളെയും മറ്റും ആശ്രയിക്കുകയാണ്. പി ജി വിദ്യാര്‍ത്ഥികള്‍ ആണ് ഇപ്പോള്‍ ഒപി യില്‍ താല്‍ക്കാലിക ചികിത്സ നല്‍കുന്നത്.
---------------
Hindusthan Samachar / Sreejith S