ആരോഗ്യമന്ത്രി പച്ചക്കള്ളം തട്ടിവിടുന്നു; എം.വി ഗോവിന്ദനെതിരെ കലാപ ആഹ്വാനത്തിന് കേസെടുക്കണം; പ്രതിപക്ഷ നേതാവ്
Alappuzha, 26 ഫെബ്രുവരി (H.S.) മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ ആരോഗ്യമന്ത്രിയെ കെ.എസ്.യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന പച്ചക്കള്ളം വ്യാപകമായി പ്രചരിപ്പിക്കുകയും സംസ്ഥാനത്ത് വ്യാപകമായി അക്രമങ്ങള്‍ അഴിച്ചു വിടുകയുമാണെന്ന് പ്രതിപക്ഷ
VD Satheeshan


Alappuzha, 26 ഫെബ്രുവരി (H.S.)

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ ആരോഗ്യമന്ത്രിയെ കെ.എസ്.യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന പച്ചക്കള്ളം വ്യാപകമായി പ്രചരിപ്പിക്കുകയും സംസ്ഥാനത്ത് വ്യാപകമായി അക്രമങ്ങള്‍ അഴിച്ചു വിടുകയുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മന്ത്രിയുടെ അടുത്ത് പോലും പ്രതിഷേധക്കാര്‍ എത്തിയിട്ടില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കും പൊലീസിനും റെയില്‍വെ പൊലീസിനും ദൃക്സാക്ഷികള്‍ക്കും അറിയാം. നാലോ അഞ്ചോ മാത്രമായിരുന്ന പ്രതിഷേധക്കാരെ അപ്പോള്‍ തന്നെ പൊലീസ് വളഞ്ഞു. ആരോഗ്യമന്ത്രിയുടെ സമീപത്തേക്ക് പ്രതിഷേധ പ്രകടനം നടത്തിയ ഒരാളും പോയിട്ടില്ല. മന്ത്രിയാണ് ക്രുദ്ധയായി വെല്ലുവിളിച്ചു കൊണ്ട് ഓടിയത്. പിടിവലിയുണ്ടായത് പൊലീസും ആരോഗ്യമന്ത്രിയും തമ്മിലാണ്. ആരോഗ്യമന്ത്രി കെ.എസ്.യുക്കാര്‍ക്ക് അടുത്തേക്ക് പാഞ്ഞു പോകുന്നത് തയാന്‍ ശ്രമിച്ചത് പൊലീസാണ്. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ വളരെ പണിപ്പെട്ടാണ് ആരോഗ്യമന്ത്രിയുടെ രോഷം അടക്കിയത്. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ എല്ലാവരുടെയും കയ്യിലുണ്ട്. അതിനു ശേഷം മാധ്യമ പ്രവര്‍ത്തകരുമായി കുശലം പറഞ്ഞിട്ടാണ് മന്ത്രി അടുത്ത് പ്ലാറ്റ്ഫോമിലേക്ക് പോയത്. അവിടയെത്തി സ്പീക്കറുമായി കൂടിയാലോചിച്ചാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടാക്കിയത്. മുഖ്യമന്ത്രിയോട് ഫോണില്‍ സംസാരിക്കുമ്പോഴും അവരെ കെ.എസ്.യു പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പറയുന്നില്ല. അതിന്റെ എല്ലാ തെളിവുകളുമുണ്ട്. റെയില്‍വെ പൊലീസ് സി.സി ടി.വി പരിശോധിച്ചപ്പോഴും ആക്രമിച്ചതു കണ്ടെത്താനായില്ലെന്നു മാത്രമല്ല, മന്ത്രിയുടെ അടുത്തേക്ക് പോലും കെ.എസ്.യു പ്രവര്‍ത്തകര്‍ എത്തിയിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു്.

ഇന്നലെ മാധ്യമങ്ങള്‍ ആദ്യം കാണിച്ച മന്ത്രിയുടെ കയ്യിലെ പരുക്കിന്റെ യാഥാര്‍ത്ഥ്യം പിന്നീട് മനസിലായി. മിനിയാന്നും അവരുടെ കയ്യില്‍ ആ പാട് ഉണ്ടായിരുന്നെന്നത് വിവിധ പരിപാടികളിലെ ചിത്രങ്ങളില്‍ നിന്നും വ്യക്തമായി. സ്പീക്കറെ പോലെ ഒരാള്‍ ഗൂഡാലോചയില്‍ പങ്കാളി ആകാന്‍ പാടില്ലായിരുന്നു. ആരോഗ്യമന്ത്രി തട്ടിവിട്ട ഒരു പച്ചക്കള്ളത്തിന്റെ പേരില്‍ വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കോണ്‍ഗ്രസ് ഓഫീസുകളും ആക്രമിക്കുകയും പുതുയുഗ യാത്രയുടെ പ്രചരണ സാമഗ്രികള്‍ നശിപ്പിക്കുകയുമാണ്. തിരുവനന്തപുരത്ത് സ്വാഗതസംഘം ഓഫീസ് പോലും തല്ലിത്തകര്‍ത്തു. ഇല്ലാത്ത കള്ളക്കഥയുണ്ടാക്കി പച്ചക്കള്ളം പ്രചരിപ്പിച്ച് നടത്തുന്ന ആക്രമണം ജനങ്ങള്‍ക്ക് അറിയാം. ആരോഗ്യമന്ത്രി കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസപാത്രമായി മാറിയിരിക്കുകയാണ്. അവര്‍ അഭിനയിക്കുകയായിരുന്നു. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ച് പറയുന്നു. എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കട്ടെ. ക്യാമറയുടെയും മാധ്യമങ്ങളുടെയും മുന്നില്‍ നടന്ന സംഭവത്തില്‍ ഇങ്ങനെ കള്ളം പ്രചരിപ്പിക്കുന്നത് ശരിയല്ല. സര്‍ക്കാരിന് എതിരായ വിഷയങ്ങള്‍ വഴിമാറ്റുന്നതിന് വേണ്ടി മനപൂര്‍വം നടത്തിയ ഗൂഡാലോചനയാണ്. ജനങ്ങള്‍ക്ക് മുന്നില്‍ ആരോഗ്യമന്ത്രിയാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. കള്ളക്കഥകള്‍ പ്രചരിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കേണ്ട. ഇല്ലാത്ത സംഭവം ഉണ്ടെന്ന് പ്രചരിപ്പിച്ച്, ആടിനെ പേപ്പട്ടിയാക്കുന്ന പ്രചരണം നടത്തി മനപൂര്‍വം അക്രമം നടത്തുകയാണ്. ആലപ്പുഴയിലും അക്രമം നടത്തി. ഇതൊന്നും കണ്ട് ഞങ്ങളൊന്നും ഭയന്നു പോകുമെന്ന് ആരും കരുതേണ്ട. ഈ ഭീഷണികളെയൊക്കെ അതിജീവിച്ചാണ് ഞങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. ജനകീയമായ പ്രതിഷേധങ്ങളും നടത്തും.

എല്‍.ഡി.എഫിന്റെ മൂന്ന് മേഖലാ ജാഥകളും പൊളിഞ്ഞു പോയെന്ന് അവര്‍ തന്നെ വിലയിരുത്തി. പുതുയുഗ യാത്ര നന്നായി പോകുമ്പോള്‍ അതിന്റെ കാമ്പയിന്‍ വഴിതിരിച്ച് വിടാനാണ് ശ്രമിക്കുന്നത്. എം.വി ഗോവിന്ദനാണ് നുണ പറഞ്ഞത്. ആരോഗ്യമന്ത്രിയുടെ പെടലിയും കയ്യും കെ.എസ്.യുക്കാര്‍ തിരിച്ചെന്ന പച്ചകള്ളം പറഞ്ഞത് ആരാണ്. എം.വി ഗോവിന്ദനെ പോലെ പച്ചക്കള്ളം പറയുന്ന ആരെങ്കിലുമുണ്ടോ. പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പാര്‍ട്ടി സെക്രട്ടറി പദവിയില്‍ ഇരുന്നാണ് പച്ചക്കള്ളം പറയുന്നത്. ആ പദവിയില്‍ ഇരിക്കാന്‍ അദ്ദേഹം യോഗ്യനല്ല. പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും മന്ത്രിയും പച്ചക്കള്ളം പറഞ്ഞ് അക്രമത്തിന് ആഹ്വാനം ചെയ്യുകയാണ്. കലാപത്തിന് ആഹ്വാനം ചെയ്തിന് എം.വി ഗോവിന്ദനെതിരെ കേസെടുക്കണം. കരിങ്കൊടിയുമായി പ്രതിഷേധിച്ച കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. അടുത്ത പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്ന സ്പീക്കര്‍ എങ്ങനെയാണ് കണ്ട് ബോധ്യപ്പെട്ടത്. സ്പീക്കര്‍ പഴയ എസ്.എഫ്.ഐക്കാരനായതാണ്. ഇപ്പോള്‍ സ്പീക്കര്‍ പദവിയിലാണ് ഇരിക്കുന്നതെന്ന് മറുന്നു പോയി. അതുകൊണ്ടാണ് പണ്ട് കോളജുകളില്‍ ഉണ്ടാക്കുന്നതു പോലൊരു നാടകം ഉണ്ടാക്കിയത്. അദ്ദേഹമാണ് ഉപദേശിച്ചതെങ്കില്‍ അദ്ദേഹത്തോട് സലാം പറയുന്നത്. ഗൂഡാലോചനയില്‍ സ്പീക്കര്‍ക്കും പങ്കുണ്ട്. സ്പീക്കറുമായി ആലോചിച്ചിട്ടാണ് എല്ലാം തിരിഞ്ഞത്. അടുത്ത പ്ലാറ്റ് ഫോമില്‍ എത്തുന്നത് വരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കയ്യിലെ പാട് തലേദിവസത്തെ പരിപാടിയിലും ഉണ്ടായിരുന്നതു കൊണ്ട് രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ കത്തികൊണ്ട് കുത്തിയെന്ന് പറഞ്ഞേനെ.

നിയസഭയില്‍ അഞ്ച് മന്ത്രിമാരാണ് പ്രതിപക്ഷ നേതാവിന് മറുപടി പറഞ്ഞതും ആക്ഷേപിച്ചതും. ഇന്നലെ ഈ സംഭവം ഉണ്ടായപ്പോഴും ഞാനാണ് കെ.എസ്.യുക്കാരെ വിട്ടതെന്ന് പറഞ്ഞ് വീണ്ടും കുറെ മന്ത്രിമാര്‍ രംഗപ്രവേശം ചെയ്തു. അതില്‍ ഒരു പരാതിയും ഇല്ല. എന്റെ പി.ആര്‍ ചെയ്യാന്‍ ഞാന്‍ അവരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പുതുയുഗ യാത്രയുടെ ഭാഗമായി എല്ലാ ജില്ലകളിലും സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേരുന്നുണ്ട്. ലോക്കല്‍ സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെയുള്ളവരാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. സി.പി.എമ്മില്‍ നിന്നുള്ളവര്‍ എല്ലാ ജില്ലകളില്‍ നിന്നും കേണ്‍ഗ്രസില്‍ ചേരുകയാണ്. സി.പി.എമ്മിന് എന്താണ് സംഭവിക്കുന്നത് എന്നതില്‍ ഞങ്ങളും അദ്ഭുതപ്പെടുകയാണ്. പൊലീസ് സംരക്ഷണം ഇല്ലാതെയും പുതുയുഗ യാത്ര മുന്നോട്ട് പോകും. പേടിച്ച് ജാഥ നിര്‍ത്തില്ല. ഭയപ്പെടുത്തിയാല്‍ യാത്ര നിര്‍ത്തുമെന്നാണോ അവര്‍ കരുതുന്നതെന്നും സതീശന്‍ ചോദിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News