Enter your Email Address to subscribe to our newsletters

Kannur, 26 ഫെബ്രുവരി (H.S.)
കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ആരോഗ്യനിലയില്‍ പുരോഗതി. മന്ത്രിക്ക് നേരത്തെ അനുഭവപ്പെട്ടിരുന്ന കടുത്ത വേദനയ്ക്ക് ആശ്വാസമെന്ന് പുതിയ മെഡിക്കല് ബുള്ളറ്റിന്‍. കടുത്ത വേദന കുറഞ്ഞതിനാല്‍ അടിയന്തര ശസ്ത്രക്രിയ വേണ്ടതില്ലെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. രക്തസമ്മര്‍ദ്ദം മരുന്നുകളാല്‍ നിയന്ത്രണവിധേയമാണ്. കഴുത്തിലെ കശേരുക്കളില്‍ ഉണ്ടായ സമ്മര്‍ദ്ദമാണ് വേദനയ്ക്ക് കാരണം.യാത്ര അനുവദിക്കാന്‍ ആകാത്തത് കൊണ്ട് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.
ഇന്നലെയാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെഎസ്‌യു വീണാ ജോര്‍ജിനെതിരെ കെഎസ്യു പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായത്. വന്ദേഭാരത് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ മന്ത്രി വീണാ ജോര്‍ജിനെ പ്ലാറ്റ്‌ഫോമില്‍ എത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. പൊലീസ് വലയം ഭേദിച്ചാണ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. മന്ത്രി തിരിഞ്ഞ് നിന്ന് യൂത്ത് കോണ്‍ഗ്രസുകാരോട് രൂക്ഷമായി പ്രതികരിച്ചപ്പോള്‍ പൊലീസ് പിടിച്ചുമാറ്റി. പ്രതിഷേധക്കാര്‍ അതിക്രമിച്ചെത്തിയപ്പോള്‍ കഴുത്തിന് പരിക്കെന്ന് വ്യക്തമാക്കിയ മന്ത്രി അല്‍പസമയം പ്ലാറ്റ്‌ഫോമില്‍ ഇരുന്നു. പിന്നീട് മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
മന്ത്രിയെ ആക്രമിച്ചു എന്ന ആരോപണം കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും തള്ളി. പ്രതിഷേധിക്കുക മാത്രമാണ് ഉണ്ടായത്. മന്ത്രിയുടെ അടുത്ത് പോലും പ്രതിഷേധക്കാര്‍ എത്തിയില്ലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്ജിനെ ആക്രമിച്ചു എന്ന സിപിഎം ആരോപണം തെളിയിക്കാന് വെല്ലുവിളിച്ച് യൂത്ത് കോണ്ഗ്രസ്. കെഎസ്യു, യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് ആക്രമിച്ചു എന്നതിന്റെ വീഡിയോ തെളിവ് ഹാജരാക്കാനാണ് വെല്ലുവിളി. ദൃശ്യങ്ങള് നല്കുന്നവര്ക്ക് ഒരു പവന് സ്വര്ണം പാരിതോഷികം നല്കുമെന്നും യൂത്ത് കോണ്ഗ്രസ് പ്രഖ്യാപിച്ചു.
യൂത്ത് കോണ്ഗ്രസ് കണ്ണൂര് ജില്ലാ കമ്മിറ്റിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. മന്ത്രിക്ക് നേരെയുണ്ടായ ആക്രമണം നാടകമാണെന്ന ആരോപണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യൂത്ത് കോണ്ഗ്രസിന്റെ നടപടി. കോണ്ഗ്രസും മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്ന നിലപാടിലാണ്.
കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിയെ ആക്രമിച്ചെന്ന പോലീസിന്റെയും സര്ക്കാരിന്റെയും വാദങ്ങളെ നേരിടാനാണ് ഇത്തരമൊരു വെല്ലുവിളി സംഘടന മുന്നോട്ടുവെച്ചിരിക്കുന്നത്. റെയില്വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളോ മാധ്യമങ്ങള് പകര്ത്തിയ ദൃശ്യങ്ങളോ തെളിവായി നല്കുന്നവര്ക്ക് ഈ സമ്മാനം ലഭിക്കുമെന്ന് യൂത്ത് കോണ്ഗ്രസ് അറിയിച്ചു.
അതേസമയം, സംഭവത്തില് കുഴിമന്തി ചലഞ്ചുമായി കെഎസ്യു മട്ടന്നൂര് ബ്ലോക്ക് കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. വീണാ ജോര്ജിനെ കണ്ണൂരില്വെച്ച് കെ.എസ്.യു പ്രവര്ത്തകര് അക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള് ഹാജരാക്കുന്നവര്ക്ക് കുഴിമന്തി നല്കുന്ന ചലഞ്ചാണ് കെ.എസ്.യു. മട്ടന്നൂര് ബ്ലോക്ക് കമ്മിറ്റി നടത്തുന്നത്. മന്ത്രിയെ തങ്ങള് ആക്രമിച്ചിട്ടില്ലെന്നും തൊട്ടിട്ടുപോലുമില്ലെന്നുമാണ് യൂത്ത് കോണ്ഗ്രസിന്റെയും കെഎസ്യുവിന്റെയും നിലപാട്.
---------------
Hindusthan Samachar / Sreejith S