Enter your Email Address to subscribe to our newsletters

Thiruvananthapuram, 27 ഫെബ്രുവരി (H.S.)
നിയമസഭാ തെരഞ്ഞെടുപ്പിലെ സാധ്യത പട്ടികയിൽ ഉൾപ്പെടാത്തതിനെത്തുടർന്ന് മാറ്റിനിർത്തപ്പെട്ട മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെ മത്സരിപ്പിക്കാനൊരുങ്ങി സി.പി.എം. സംസ്ഥാന നേതൃത്വം. നാളെ കൂടുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകാനാണ് സാധ്യത. അഞ്ചുതവണ മത്സരിച്ചെന്ന കാരണത്താൽ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് സാധ്യത പട്ടികയിൽ ശൈലജയെ ഉൾപ്പെടുത്തിയിരുന്നില്ല.
ഇതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലും അണികൾക്കിടയിലും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കൂടാതെ, തെരഞ്ഞെടുപ്പിൽ ഈ വിഷയം പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലും പാർട്ടിക്കുണ്ട്. അതുകൊണ്ടാണ് ശൈലജയെ മത്സരിപ്പിക്കാൻ നേതൃത്വം ഒരുങ്ങുന്നത്. 2006-ൽ വി.എസ്. അച്യുതാനന്ദന് സീറ്റ് നിഷേധിച്ചതും തുടർന്ന് പാർട്ടിയിലുണ്ടായ പ്രതിഷേധങ്ങളും മുൻനിർത്തിയാണ് ശൈലജയുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ സി.പി.എമ്മിനെ പ്രേരിപ്പിക്കുന്നത്.
ഇന്നു കൂടിയ പോളിറ്റ്ബ്യൂറോ യോഗത്തിലും ഇതുസംബന്ധിച്ച് ചർച്ചയുണ്ടായി. കെ.കെ. ശൈലജയെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയുള്ള പ്രചാരണങ്ങളും വ്യാപകമായിരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും നൽകിയ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി സാധ്യത പട്ടികയിൽ കെ.കെ. ശൈലജ ഉൾപ്പെട്ടിരുന്നില്ല.
അഞ്ചുതവണ മത്സരിച്ചതിനാൽ ശൈലജ മത്സരിക്കേണ്ടെന്ന നിലപാടിലായിരുന്നു ജില്ലാ നേതൃത്വം. കണ്ണൂർ മട്ടന്നൂർ മണ്ഡലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ താല്പര്യമില്ലെന്ന നിലപാടിലായിരുന്നു കെ.കെ. ശൈലജ. ഇക്കാര്യം സി.പി.എം. സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായി സൂചനയുണ്ടായിരുന്നു. വിജയസാധ്യതയല്ല, മറിച്ച് ടേം വ്യവസ്ഥ പാലിക്കണമെന്ന ഒരൊറ്റ മാനദണ്ഡമാണ് ജില്ലാ സെക്രട്ടേറിയറ്റ് പാലിച്ചതെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റിയംഗമായ നേതാവ് ഇ ടിവി ഭാരതിനോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഉയർന്നുവന്ന വനിതാ മുഖ്യമന്ത്രി ചർച്ചകളും ജനകീയ നേതാവ് പരിവേഷവും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പരിഗണിക്കേണ്ടതില്ലെന്നായിരുന്നു സെക്രട്ടേറിയറ്റ് തീരുമാനം. ശൈലജയ്ക്ക് പകരം ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനെയാണ് മട്ടന്നൂരിലേക്ക് പാർട്ടി പരിഗണിച്ചിരുന്നത്. മട്ടന്നൂർ നൽകിയില്ലെങ്കിൽ ശൈലജയ്ക്ക് പേരാവൂർ നൽകുമെന്ന അഭ്യൂഹമാണ് പാർട്ടിക്കുള്ളിൽ ഉണ്ടായിരുന്നത്. 2011 മുതൽ സണ്ണി ജോസഫ് ജയിച്ചുവരുന്ന മണ്ഡലം ശൈലജ തിരിച്ചുപിടിക്കണമെന്ന അഭിപ്രായമാണ് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ ഉയർന്നത്.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന്റെ രണ്ടാംദിനം സഭ വിട്ടിറങ്ങിയ ഭരണപക്ഷത്തിന് വേണ്ടി മാധ്യമങ്ങളെ കണ്ടത് കെ.കെ. ശൈലജയായിരുന്നു. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതിനെ നിശിതമായി വിമർശിക്കുകയും നയപ്രഖ്യാപന പ്രസംഗം തിരുത്തിയതിൽ വിശദമായി സംസാരിക്കുകയും ചെയ്തു. ഭരണപക്ഷത്തുനിന്ന് സാധാരണ മന്ത്രിമാർ അല്ലെങ്കിൽ എം.വി. ഗോവിന്ദൻ അടക്കമുള്ളവരാണ് മാധ്യമങ്ങളെ കണ്ടിരുന്നതെങ്കിൽ ആ പതിവ് തെറ്റിച്ചാണ് ശൈലജ മാധ്യമങ്ങളെ കണ്ടത്. തുടർഭരണം പ്രതീക്ഷിക്കുന്ന എൽ.ഡി.എഫ്., ശൈലജയെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണോ എന്ന സൂചന നൽകുന്നതായിരുന്നു ആ നീക്കം.
അതേസമയം, തളിപ്പറമ്പിൽ സുകന്യയുടെ പേരിനോടും പാർട്ടിയിൽ വിയോജിപ്പ് ഉയർന്നിട്ടുണ്ട്. തളിപ്പറമ്പിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് താല്പര്യം എം.വി. നികേഷ് കുമാറിനെയാണെന്നാണ് സൂചന. നികേഷിനെ മത്സരിപ്പിക്കണമെന്ന നിലപാടിലാണ് എം.വി. ഗോവിന്ദൻ. സ്ഥാനാർത്ഥി സാധ്യതാ പട്ടികയെച്ചൊല്ലി കണ്ണൂരിൽ തർക്കമുണ്ട്. എന്നാൽ, കണ്ണൂരിൽ സി.പി.എം. സ്ഥാനാർഥി നിർണ്ണയത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്ന് മുതിർന്ന സി.പി.എം. നേതാവ് ഇ.പി. ജയരാജൻ ഇ ടിവി ഭാരതിനോട് പറഞ്ഞു. സെക്രട്ടേറിയറ്റ് ചർച്ചകൾ പുരോഗമിക്കുന്നതേയുള്ളൂ. ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങളിൽ അടിസ്ഥാനമില്ല. എന്തെല്ലാമോ വാർത്തകൾ വരുന്നുണ്ടെങ്കിലും പാർട്ടി അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR