അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട വ്യക്തിഗത വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ സ്വകാര്യ ഏജൻസികൾക്ക് ചോർത്തി നൽകിയെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
Ernakulam, 27 ഫെബ്രുവരി (H.S.) കേരളത്തിലെ ഒരു കോടിയോളം വരുന്ന പൗരന്മാരുടെ, അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട വ്യക്തിഗത വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ സ്വകാര്യ ഏജൻസികൾക്ക് ചോർത്തി നൽകിയെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് നേത
MASSIVE PRIVACY BREACH


Ernakulam, 27 ഫെബ്രുവരി (H.S.)

കേരളത്തിലെ ഒരു കോടിയോളം വരുന്ന പൗരന്മാരുടെ, അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട വ്യക്തിഗത വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ സ്വകാര്യ ഏജൻസികൾക്ക് ചോർത്തി നൽകിയെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ജീവനക്കാർ, പെൻഷൻകാർ എന്നിവർക്ക് പുറമെ സ്ത്രീസുരക്ഷാ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ലക്ഷക്കണക്കിന് സാധാരണക്കാരായ സ്ത്രീകളുടെ വിവരങ്ങളും രാഷ്ട്രീയ പ്രചാരണത്തിനായി ദുരുപയോഗം ചെയ്തുവെന്ന് അദ്ദേഹം കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

രേഖകൾ പുറത്തുവിട്ട് ചെന്നിത്തല

മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) സാംബശിവ റാവു അയച്ച കത്തുകളുടെ പകർപ്പുകളും ഐടി വകുപ്പിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ പത്തോളം സ്വകാര്യ ഏജൻസികളെ എംപാനൽ ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവുമാണ് ചെന്നിത്തല പ്രധാന തെളിവുകളായി ഹാജരാക്കിയത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ നൽകുന്ന കെ-സ്മാർട്ട് ഡാറ്റാബേസ് ഒന്നടങ്കം മിഷൻ ഡയറക്ടർക്ക് കൈമാറാൻ സാംബശിവ റാവു നിർദ്ദേശിച്ചതായും, ഈ വിവരങ്ങൾ ഐടി മിഷനിലെ കരാർ ജീവനക്കാരന് നൽകാനായിരുന്നു പദ്ധതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 35 വയസ്സിന് മുകളിൽ പ്രായമുള്ള, സ്ത്രീസുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ സ്ത്രീകളുടെ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഫെബ്രുവരി ഏഴിലെ ഔദ്യോഗിക കത്തും അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.

എട്ടു ലക്ഷത്തോളം സർക്കാർ ജീവനക്കാർ, 72 ലക്ഷം ക്ഷേമ പെൻഷൻകാർ, മൂന്ന് ലക്ഷം ചെറുകിട സംരംഭകർ എന്നിവരുടെ പേര്, ഫോൺ നമ്പർ, വയസ്സ്, ലിംഗം, തദ്ദേശ സ്ഥാപനം തുടങ്ങിയ വിവരങ്ങളാണ് ഇത്തരത്തിൽ ചോർത്തപ്പെട്ടത്. ഗവൺമെന്റ് വെരിഫൈഡ് ആയ ഈ വിവരങ്ങൾ കോടിക്കണക്കിന് രൂപ വാണിജ്യമൂല്യമുള്ളതാണെന്നും ഇവ യാതൊരു മുൻകരുതലുമില്ലാതെ സ്വകാര്യ ഏജൻസികൾക്ക് കൈമാറിയത് ക്രിമിനൽ കുറ്റമാണെന്നും ചെന്നിത്തല പറഞ്ഞു. ഇപ്രകാരം ശേഖരിച്ച ഡാറ്റ ഉപയോഗിച്ചാണ് ഫെബ്രുവരി 19 മുതൽ 21 വരെ മുഖ്യമന്ത്രിയുടെ ബിസിനസ് അക്കൗണ്ടിൽ നിന്ന് ഒരു കോടിയോളം പേർക്ക് അനധികൃതമായി വാട്സാപ്പ് സന്ദേശങ്ങൾ അയച്ചതെന്നും അദ്ദേഹം ആരോപിച്ചു.

സുരക്ഷാ ഭീഷണി

പൗരന്മാരുടെ സ്വകാര്യത മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ച സുപ്രീം കോടതി വിധിയുടെയും 2023-ലെ ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ആക്ടിന്റെയും നഗ്നമായ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. വ്യക്തികളുടെ അനുവാദമില്ലാതെ വിവരങ്ങൾ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. മുൻപ് സ്പ്രിംഗ്ലർ ഇടപാടിലൂടെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ വിദേശ കമ്പനിക്ക് നൽകാൻ ശ്രമിച്ചതിന്റെ മറ്റൊരു പതിപ്പാണ് ഇപ്പോൾ നടക്കുന്നത്. സ്വകാര്യ ഏജൻസികളുടെ കൈവശം ഈ വിവരങ്ങൾ എത്തുന്നതോടെ സൈബർ തട്ടിപ്പുകൾക്കും മറ്റ് കുറ്റകൃത്യങ്ങൾക്കും വലിയ സാധ്യതയാണ് തുറന്നിടുന്നത്.

ഗുരുതരമായ ഈ ഡാറ്റാ ചോർച്ചയ്ക്ക് നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News