Enter your Email Address to subscribe to our newsletters

Jaipur, 27 ഫെബ്രുവരി (H.S.)
രാജ്യത്തിൻ്റെ കരുത്തായ തദ്ദേശീയ നിർമ്മിത യുദ്ധ ഹെലികോപ്റ്റർ 'പ്രചണ്ഡ്' പറത്തി ഇന്ത്യൻ രാഷ്ട്രപതിയും സായുധ സേനയുടെ സുപ്രീം കമാൻഡറുമായ ദ്രൗപതി മുർമു. അത്യാധുനിക യുദ്ധ ഹെലികോപ്റ്റർ പറത്തുന്ന രാജ്യത്തെ ആദ്യ രാഷ്ട്രപതിയായി ദ്രൗപതി മുർമു ചരിത്രം സൃഷ്ടിച്ചു. രാജസ്ഥാനിലെ ജയ്സൽമീറിലെ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് വെള്ളിയാഴ്ച (ഫെബ്രുവരി 27) ആണ് ചരിത്രപ്പറക്കൽ നടത്തിയത്.
രാവിലെ 9:15 ന് വ്യോമസേനാ സ്റ്റേഷനിൽ എത്തിയ ശേഷം, പ്രചണ്ഡ് ഹെലികോപ്റ്ററിൻ്റെ കഴിവുകളെയും ദൗത്യത്തെയും കുറിച്ച് ഉദ്യോഗസ്ഥരിൽ നിന്ന് രാഷ്ട്രപതിക്ക് വിശദമായ വിവരങ്ങൾ ലഭിച്ചു. തുടർന്ന് പൈലറ്റ് യൂണിഫോമിൽ കോക്ക്പിറ്റിൽ കയറി, ഏകദേശം 10:15 ന് ഗ്രൂപ്പ് ക്യാപ്റ്റൻ എൻഎസ് ബഹുവിനൊപ്പം പറന്നുയർന്നു. 25 മിനിറ്റ് ദൈർഘ്യമുള്ള പറക്കലിൽ, പാകിസ്ഥാൻ അതിർത്തിയിലെ പൊഖ്റാൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലും ചരിത്രപ്രസിദ്ധമായ ശക്തി സ്ഥലിലും ആകാശ യാത്ര നടത്തി.
ഹിന്ദുസ്ഥാൻ എയറോനോട്ടിക ലിമിറ്റഡ് നിർമ്മിച്ച ഈ ആധുനിക യുദ്ധ ഹെലികോപ്റ്ററിൽ നിന്ന്, രാജ്യത്തെ ഏറ്റവും വലിയ ഫീൽഡ് ഫയറിംഗ് റേഞ്ചായ യുദ്ധാഭ്യാസ മേഖലയുടെയും ആണവ പരീക്ഷണ കേന്ദ്രത്തിൻ്റെയും ആകാശ സർവേ നടത്തി. പറക്കലിനിടെ, രാഷ്ട്രപതി ഹെലികോപ്റ്ററിൽ നിന്ന് സല്യൂട്ട് ചെയ്യുകയും അവിടെയുണ്ടായിരുന്ന സൈനികരുടെയും ഓഫിസർമാരുടെയും ആശംസകൾ സ്വീകരിക്കുകയും ചെയ്തു. മറ്റൊരു ഹെലികോപ്റ്ററിൽ വ്യോമസേനാ മേധാവി എ.പി. സിംഗ് (എയർ ചീഫ് മാർഷൽ) സന്നിഹിതനായിരുന്നു.
ഇന്ന് ഞാൻ പ്രചണ്ഡ ഹെലികോപ്റ്ററിൽ പറക്കുന്നു. ഈ ഹെലികോപ്റ്റർ ഇന്ത്യയുടെ സ്വാശ്രയത്വത്തിൻ്റെ ശക്തമായ പ്രതീകമാണ്. ഇപ്പോൾ പ്രശസ്തമായ ജയ്സാൽമീർ കോട്ടയ്ക്ക് മുകളിലൂടെ പറക്കുന്നു. രാജ്യത്തെ ധീരരായ സൈനികർക്ക് അഭിമാനത്തോടെ നന്ദി പറയുന്നു. എല്ലാവർക്കും എൻ്റെ സ്നേഹപൂർവ്വമായ ആശംസകളും നേരുന്നു, ജയ് ഹിന്ദ് - രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു.
'വായു ശക്തി-2026' ൽ മുഖ്യാതിഥി
വൈകുന്നേരം അഞ്ച് മണിയോടെ, പൊഖ്റാൻ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വലിയ സൈനികാഭ്യാസമായ 'വായു ശക്തി-2026' ന് രാഷ്ട്രപതി സാക്ഷ്യം വഹിക്കും. അതിർത്തി മരുഭൂമി മേഖലയിൽ നടക്കുന്ന ഈ ലൈവ്-ഫയർ അഭ്യാസത്തിൽ, വ്യോമസേനാ യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, മറ്റ് യുദ്ധ പ്ലാറ്റ്ഫോമുകൾ എന്നിവ അവയുടെ ഫയർ പവർ, ഏകോപിത പ്രവർത്തനങ്ങൾ എന്നിവ പ്രദർശിപ്പിക്കും.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, രാജസ്ഥാൻ ഗവർണർ ഹരിഭാവു ബാഗ്ഡെ, മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ, മുതിർന്ന സൈനിക, ഭരണ ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
രാഷ്ട്രപതി ദ്രൗപതി മുർമു മുമ്പ് യുദ്ധവിമാനങ്ങൾ പറത്തി ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. 2023 ഏപ്രിൽ 8 ന്, അസമിലെ തേസ്പൂർ വ്യോമതാവളത്തിൽ നിന്ന് ഏകദേശം 30 മിനിറ്റ് സുഖോയ്-30 എംകെഐ യുദ്ധവിമാനം പറത്തി. അതോടെ ഈ വിമാനത്തിൽ പറക്കുന്ന രാജ്യത്തെ രണ്ടാമത്തെ വനിതാ രാഷ്ട്രപതിയായി. തുടർന്ന്, 2025 ഒക്ടോബർ 29 ന് അംബാല ആസ്ഥാനമായുള്ള ഗോൾഡൻ ആരോസ് സ്ക്വാഡ്രണിൽ നിന്ന് റാഫേൽ യുദ്ധവിമാനം പറത്തി അവർ മറ്റൊരു റെക്കോർഡും സ്ഥാപിച്ചു.
മണിക്കൂറിൽ ഏകദേശം 700 കിലോമീറ്റർ വേഗതയിൽ ഏകദേശം 15,000 അടി ഉയരത്തിൽ പറന്ന അവർ വ്യോമസേനയുടെ ശക്തിയും ആധുനിക സാങ്കേതികവിദ്യയും പരിശീലിച്ചു. സുഖോയ്, റാഫേൽ എന്നീ രണ്ട് വ്യത്യസ്ത ആധുനിക യുദ്ധവിമാനങ്ങൾ പറത്തിയ രാജ്യത്തെ ആദ്യത്തെ രാഷ്ട്രപതിയായി നാമകരണം ചെയ്യപ്പെട്ടു.
വ്യാഴാവ്ച വൈകുന്നേരം 7:30 ഓടെയാണ് രാഷ്ട്രപതി മുർമു ജയ്സാൽമീർ വ്യോമസേനാ സ്റ്റേഷനിൽ എത്തിയത്. ഗവർണർ ഹരിഭാവു ബാഗ്ഡെയും മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും അവരെ സ്വീകരിച്ചു. ആകാശ യാത്രക്ക് ശേഷം രാഷ്ട്രപതി ജയ്സാൽമീർ വ്യോമസേനാ സ്റ്റേഷനിലേക്ക് മടങ്ങി. അവിടെ അമർപ്രീത് സിംഗ് അവരെ സ്വാഗതം ചെയ്യുകയും ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട ഒരു മെമൻ്റോ നൽകുകയും ചെയ്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR