Enter your Email Address to subscribe to our newsletters

Thrissur, 27 ഫെബ്രുവരി (H.S.)
നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ഗുരുവായൂർ മണ്ഡലത്തിലായതിലെ കോണ്ഗ്രസ് പരിഹാസത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. 'കോൺഗ്രസിനോട് കൊണ്ടുപോയി കേസ് കൊടുക്കാൻ പറ' എന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയ്ക്ക് തൃശൂരും തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുമായിരുന്നു വോട്ട്. ഇതോടെ സുരേഷ് ഗോപി കുമ്പിടിയാണെന്ന പരിഹാസവുമായി കോൺഗ്രസ് നേതാക്കള് രംഗത്തെത്തുകയായിരുന്നു. ഇതിലാണ് സുരേഷ് ഗോപിയുടെ പരിഹാസം.നേരത്തെ ഇക്കാര്യത്തിൽ സുരേഷ് ഗോപിയുടെ ഓഫിസ് വിശദീകരണം നൽകിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ നെട്ടിശേരിയിലെ വാടക വീടിൻ്റെ വിലാസത്തിൽ ആയിരുന്നു സുരേഷ് ഗോപിക്ക് വോട്ട് ഉണ്ടായിരുന്നത്. നെട്ടിശേരിയിലെ വാടക വീട് വിൽപന നടത്തിയതിനാലാണ് ഗുരുവായൂരിലെ സ്വന്തം ഫ്ലാറ്റിലേക്ക് സുരേഷ് ഗോപിയുടെ വോട്ട് മാറ്റിയത്. കുടുംബാംഗങ്ങളുടെ വോട്ട് തിരുവനന്തപുരത്തേക്ക് മാറ്റുകയും ചെയ്തുവെന്ന് സുരേഷ് ഗോപിയുടെ ഓഫീസ് വിശദീകരിച്ചിരുന്നു.
ലോക്സഭ, തദ്ദേശ തെരഞ്ഞെടുകളിൽ സുരേഷ് ഗോപിയ്ക്ക് രണ്ടിടത്തായിരുന്നു വോട്ട് എന്നതാണ് വിവാദത്തിന് കാരണമായത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും തൃശൂര് കോര്പ്പറേഷനിലെ നെട്ടിശ്ശേരിയില് സ്ഥിരതാമസക്കാരാണെന്ന് പറഞ്ഞാണ് വോട്ട് ചേര്ത്തതും ചെയ്തതും. ഇപ്പോള് നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില് അദ്ദേഹവും കുടുംബവും വോട്ട് ചെയ്തത് തിരുവനന്തപുരം കോര്പ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലുമായിരുന്നു. ഗുരുവായൂരിലേക്ക് വോട്ട് മാറ്റിയത് കൃത്യമായ പദ്ധതികളോടെയെന്ന വിമർശനവും ഉയർന്നിരുന്നു.
എന്നാൽ എസ്ഐആറിന് ശേഷമുള്ള വോട്ടര് പട്ടിക പുറത്ത് വന്നപ്പോൾ ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സുരേഷ് ഗോപിക്ക് വോട്ടുള്ളത് 697-ാം നമ്പർ വോട്ടർ ആയാണ് സുരേഷ് ഗോപിയുടെ പേര് നിലവിൽ ചേർത്തിരിക്കുന്നത്. ക്ഷേത്രത്തോട് ചേർന്നുള്ള അച്യുതം ഫ്ലാറ്റിലാണ് വോട്ട് ചേർത്തത്. ഗുരുവായൂരിലെ ആദ്യത്തെ ഫ്ളാറ്റ് സമുച്ചയമാണ് അച്യുതം. സുരേഷ് ഗോപിയുടെ ഉടമസ്ഥതയിലാണ് ഈ ഫ്ളാറ്റ്. തിരുവനന്തപുരത്ത് താമസിക്കുന്ന സുരേഷ് ഗോപിയുടെ കുടുംബം തൃശൂരില് വോട്ട് ചേര്ത്തതില് നിയമ പ്രശ്നങ്ങള് ഇല്ലെങ്കിലും തുടര്ച്ചയായി വോട്ട് മാറ്റുന്നതാണ് വിവാദത്തിന് കാരണം.
അതേസമയം വീണ ജോർജിനെതിരായ ആക്രമണത്തിൽ യാതൊന്നും പ്രതികരിക്കാതെ കേന്ദ്രമന്ത്രി. ചോദ്യങ്ങല് കൈകുമ്പിട്ട് ചിരിയ്ക്കുക മാത്രമാണ് ചെയ്തത്. തൃശൂരിൽ പത്മജയുടെ വിജയം ഉറപ്പ് എന്നും സുരേഷ് ഗോപി പ്രതികരിച്ചു. കൂടാതെ തൃശൂരിൽ പത്മജാ വേണുഗോപാലിൻ്റെ സ്ഥാനാർഥിത്വവും സുരേഷ് ഗോപി സ്ഥിരീകരിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR