നിയമപോരാട്ടങ്ങൾക്കും ആകാംക്ഷകൾക്കും ഒടുവിൽ 'കേരള സ്റ്റോറി 2' സിനിമയുടെ റിലീസിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പച്ചക്കൊടി
Ernakulam, 27 ഫെബ്രുവരി (H.S.) നിയമപോരാട്ടങ്ങൾക്കും ആകാംക്ഷകൾക്കും ഒടുവിൽ ''കേരള സ്റ്റോറി 2'' സിനിമയുടെ റിലീസിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പച്ചക്കൊടി. സിനിമയുടെ പ്രദർശനം 15 ദിവസത്തേക്ക് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. നിർമ
The Kerala story


Ernakulam, 27 ഫെബ്രുവരി (H.S.)

നിയമപോരാട്ടങ്ങൾക്കും ആകാംക്ഷകൾക്കും ഒടുവിൽ 'കേരള സ്റ്റോറി 2' സിനിമയുടെ റിലീസിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പച്ചക്കൊടി. സിനിമയുടെ പ്രദർശനം 15 ദിവസത്തേക്ക് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. നിർമാതാക്കൾ നൽകിയ അപ്പീലിൽ ഇന്നലെ രാത്രി പ്രത്യേക സിറ്റിങ് നടത്തി വാദം കേട്ട കോടതി, ഇന്ന് ഉച്ചയോടെയാണ് സുപ്രധാന വിധി പ്രസ്താവിച്ചത്. എസ്.എ ധർമ്മാധികാരി , പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്ജി പരിഗണിച്ചത്.

സിനിമയുടെ റിലീസിന് തൊട്ടുമുൻപ് ഏർപ്പെടുത്തിയ സ്റ്റേ വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന നിർമാതാക്കളുടെ വാദം കോടതി കണക്കിലെടുത്തു. ഇന്ത്യക്ക് അകത്തും പുറത്തുമായി ആയിരത്തി അഞ്ഞൂറിലധികം തിയറ്ററുകളിൽ പ്രദർശനത്തിന് തയ്യാറെടുത്ത ചിത്രത്തിന് അവസാന നിമിഷം തടസ്സം സൃഷ്ടിക്കുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾക്കും വലിയ ധനനഷ്ടത്തിനും കാരണമാകുമെന്ന് നിര്മാതാക്കള് കോടതിയെ അറിയിച്ചിരുന്നു. സെൻസർ ബോർഡ് (CBFC) അനുമതി നൽകിയ ചിത്രത്തിന്റെ പ്രദർശന സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്നും നിര്മാതാക്കള് വാദിച്ചിരുന്നു.

ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ സിംഗിൾ ബെഞ്ച് സിനിമയ്ക്ക് ഏർപ്പെടുത്തിയ സ്റ്റേക്കെതിരെ അടിയന്തരമായാണ് നിർമാതാക്കൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഇന്നലെ രാത്രി 7.30 മുതൽ പത്തുമണി വരെ നീണ്ട പ്രത്യേക സിറ്റിംഗിൽ സിംഗിൾ ബെഞ്ചിന്റെ അധികാരപരിധിയെ ഡിവിഷൻ ബെഞ്ച് രൂക്ഷമായി ചോദ്യം ചെയ്തിരുന്നു. പൊതുതാത്പര്യ സ്വഭാവമുള്ള ഇത്തരം ഹർജികൾ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചാണെന്നും സിംഗിൾ ബെഞ്ചിന് ഇതിൽ ഉത്തരവിറക്കാൻ അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരിഗണനാ അധികാരമില്ലാത്ത കോടതി പുറപ്പെടുവിച്ച ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ഇന്ന് ഉച്ചയ്ക്ക് സ്റ്റേ നീക്കി വിധി വന്നത്.

സിനിമ ഒരു തരത്തിലും മതവിദ്വേഷമോ മതസ്പർധയോ വളർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന നിർമാതാക്കളുടെ വിശദീകരണം കോടതി മുഖവിലയ്ക്കെടുത്തു. ഒരു മതത്തിലെ കേവലം ചില ആളുകൾ ചെയ്യുന്ന സാമൂഹിക തിന്മകളെ ചൂണ്ടിക്കാണിക്കുക മാത്രമാണ് സിനിമ ചെയ്യുന്നതെന്നും അത് ഒരു മതത്തെ മുഴുവനായി മോശമായി ചിത്രീകരിക്കലല്ലെന്നും നിര്മാതാക്കള് വാദിച്ചു. രാജ്യം മുഴുവൻ നടക്കുന്ന കാര്യങ്ങളാണ് സിനിമ പ്രതിപാദിക്കുന്നതെന്നും കേരളത്തെ മാത്രം ഇകഴ്ത്തിക്കാട്ടുന്നില്ലെന്ന നിർമാതാക്കളുടെ വാദവും കോടതി രേഖപ്പെടുത്തി.

റിലീസിന്റെ തൊട്ടടുത്ത ദിവസം മാത്രം കോടതിയെ സമീപിച്ച ഹർജിക്കാരുടെ നീക്കം ദുരുദ്ദേശ്യപരമാണെന്ന നിർമാതാക്കളുടെ ആരോപണവും കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി വിധി വന്നതോടെ സിനിമയുടെ പ്രദർശനത്തിന് ഉണ്ടായിരുന്ന എല്ലാ നിയമതടസ്സങ്ങളും നീങ്ങിയിട്ടുണ്ട്. ഇന്നായിരുന്നു ചിത്രത്തിന്റെ റിലീസ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News