വൈപ്പിൻ ബീച്ച് ഇടനാഴി യാഥാര്ഥ്യമാവും, 2.97 കോടി രൂപ അനുവദിച്ചു
Ernakulam, 27 ഫെബ്രുവരി (H.S.) എറണാകുളം ജില്ലക്കാർ ഏറെ നാളായി കാത്തിരിക്കുന്ന വൈപ്പിൻ ബീച്ച് ഇടനാഴി പദ്ധതി യാഥാർത്ഥ്യമാകുന്നു. 2017-ല് വിഭാവനം ചെയ്ത പദ്ധതി എട്ടു വർഷത്തോളം നിലച്ച രീതിയിലായിരുന്നു. 2025 ജൂലൈയില് പുതുക്കിയ നിർദ്ദേശത്തിന് ഭരണാനുമതി
Vypin Beach Corridor


Ernakulam, 27 ഫെബ്രുവരി (H.S.)

എറണാകുളം ജില്ലക്കാർ ഏറെ നാളായി കാത്തിരിക്കുന്ന വൈപ്പിൻ ബീച്ച് ഇടനാഴി പദ്ധതി യാഥാർത്ഥ്യമാകുന്നു. 2017-ല് വിഭാവനം ചെയ്ത പദ്ധതി എട്ടു വർഷത്തോളം നിലച്ച രീതിയിലായിരുന്നു.

2025 ജൂലൈയില് പുതുക്കിയ നിർദ്ദേശത്തിന് ഭരണാനുമതി ലഭിച്ചതോടെയാണ് പദ്ധതിക്ക് പുനരുജ്ജീവൻ ലഭിച്ചത്. പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്, ചെറായി ബീച്ചില് കഴിഞ്ഞ ദിവസം മുതല് നിർമ്മാണ പ്രവർത്തനങ്ങള്ക്ക് തുടക്കമായി.

പദ്ധതിയില് ഉള്പ്പെടുന്ന പ്രധാന ബീച്ചുകള് ചെറായി, കുഴുപ്പിള്ളി, മുനമ്ബം എന്നിവയാണ്. ജില്ലയിലെ പ്രധാനപ്പെട്ടതും ഫോർട്ട് കൊച്ചിക്ക് ശേഷം കൂടുതല് സഞ്ചാരികളെ ആകർഷിക്കുന്നതുമായ സ്ഥലമാണ് ചെറായി. അറിയപ്പെടാത്ത മറ്റ് ബീച്ചുകള്ക്ക് പ്രചാരം നല്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്സില് സെക്രട്ടറി ലിജോ ജോസിനെ ഉദ്ധരിച്ച് ദി ന്യൂ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

പദ്ധതിക്ക് 2.97 കോടി രൂപയുടെ ഭരണാനുമതി സർക്കാരില് നിന്നും ലഭിച്ചു കഴിഞ്ഞു. പദ്ധതി നിർദ്ദേശമനുസരിച്ച്, വിനോദസഞ്ചാരികള്ക്ക് മികച്ച അനുഭവം നല്കുന്നതിനായി ബീച്ചുകളിലെ അടിസ്ഥാന സൗകര്യങ്ങള് മെച്ചപ്പെടുത്തും. നിലവിലുള്ള സൗകര്യങ്ങള് നവീകരിക്കുകയും ലഘുഭക്ഷണ ശാലകള്, ശുചിമുറികള്, മഴവെള്ള സംഭരണികള്, കുട്ടികളുടെ കളിസ്ഥലങ്ങള് എന്നിവ നിർമ്മിക്കുകയും ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകള്ക്ക് പേരുകേട്ട ജില്ലയാണ് എറണാകുളം. അറബിക്കടലിനും കായലിനും ഇടയിലായി സ്ഥിതി ചെയ്യുന്ന വൈപ്പിൻ ദ്വീപിലെ ബീച്ചുകള് ധാരാളം സന്ദർശകരെ ആകർഷിക്കുന്ന ഒരിടമാണ്. നിലവില് ചെറായി ബീച്ചില് നിന്ന് അഞ്ചു മിനിറ്റില് താഴെ ദൂരെയുള്ള കുഴുപ്പിള്ളി ബീച്ചിലാണ് ജില്ലയിലെ ഏക ഫ്ലോട്ടിങ് പാലമുള്ളത്.

കുഴുപ്പിള്ളിയിലെ കാറ്റാടി മരങ്ങളും ഒരു പ്രധാന ആകർഷണമാണ്. ചെറായിയുടെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന മുനമ്ബം ബീച്ച് ഇതുവരെ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത ഒരു ആകർഷകമായ കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷ. ഇവിടെ കൂടുതലായി സഞ്ചാരികള് എത്തുന്നുണ്ടെങ്കിലും ആവശ്യത്തിന് സൗകര്യങ്ങള് ഏർപ്പെടുത്തിയിരുന്നില്ല.

മുനമ്ബം ബീച്ചില് നടപ്പാതകള്, പുലിമുട്ടുകള് കുട്ടികളുടെ കളിസ്ഥലങ്ങള്, ജല കായിക വിനോദങ്ങള്ക്കുള്ള ഇടം, ശുചിമുറികള്, കിയോസ്കുകള് എന്നിവ നിർമ്മിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.ഇതോടെ ജില്ലയിലെ ബീച്ചുകളില് എത്തുന്ന വിനോദ സഞ്ചാരികള്ക്ക് ഇത് ഏറെ ഗുണകരമാവും. പദ്ധതി പൂർത്തിയാവുന്നതോടെ സഞ്ചാരികളുടെ എണ്ണവും ഉയരുമെന്നാണ് കണക്കാക്കുന്നത്.

2017-ല് അവതരിപ്പിച്ച ആദ്യ നിർദ്ദേശത്തില് വൈപ്പിനും ചെറായിക്കുമിടയിലുള്ള ഏകദേശം 25 കിലോമീറ്റർ ദൂരത്തിലെ ഒമ്ബത് ബീച്ചുകളെ ബന്ധിപ്പിക്കാനാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. എന്നാല് പിന്നാലെ തീരദേശ പരിപാലന അതോറിറ്റി ഉന്നയിച്ച എതിർപ്പുകള് കാരണമാണ് പദ്ധതിക്ക് കാലതാമസം നേരിട്ടതെന്ന് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള് പറയുന്നു. എങ്കിലും ഇപ്പോള് ആ തടസങ്ങള് എല്ലാം നീങ്ങുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News