Enter your Email Address to subscribe to our newsletters

Thiruvanathapuram, 27 ഫെബ്രുവരി (H.S.)
കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ മന്ത്രി വീണാ ജോര്‍ജിന്റെ പരിപാടികള്‍ എല്ലാം മആറ്റിവച്ചു. മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവെച്ചതായി ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡോക്ടര്‍മാര്‍ കുറച്ചുദിവസത്തേക്ക് പൂര്‍ണവിശ്രമം നിര്‍ദേശിച്ചതിനാലാണ് ഇത്. നിലവില്‍ പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തിലാണ് മന്ത്രി.
കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശാനുസരണം ഇന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. കഴുത്തിലേറ്റ ക്ഷതത്തിന്റെ ഭാഗമായി വലതുകൈയിലേക്കും തലയുടെ പിന്‍ഭാഗത്തേക്കും മന്ത്രിക്ക് വേദന ഉണ്ടായിരുന്നു. നിലവില്‍ അടിയന്തര ശസ്ത്രക്രിയ വേണ്ട സാഹചര്യമില്ല എന്ന് കഴിഞ്ഞ ദിവസത്തെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ മന്ത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തുടര്‍ ചികിത്സ തേടിയിട്ടുണ്ട്. നിലവില്‍ നാല് ദിവസത്തെ പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ മന്ത്രിക്ക് നിര്‍ദേശിച്ചിട്ടുള്ളത്. മരുന്നുകള്‍ തുടരുന്നുണ്ട്.
മന്ത്രിക്ക് കഴുത്തിലേറ്റ ക്ഷതത്തിന്റെ ഭാഗമായി വലതുകൈയിലേക്കും തലയുടെ പിന്ഭാഗത്തേക്കും പടരുന്ന വിധത്തിലുള്ള കടുത്ത വേദനയ്ക്ക് നല്കിവരുന്ന ചികിത്സയുടെ പശ്ചാത്തലത്തിലാണ് ബോര്ഡിന്റെ വിലയിരുത്തല്. എം.ആര്.ഐ. റിപ്പോര്ട്ട് പ്രകാരം കഴുത്തിലെ കശേരുക്കള്ക്കിടയിലുള്ള ഡിസ്‌കുകള് രണ്ടിടങ്ങളില് നാഡീമൂലാഗ്രങ്ങളില് അമര്ന്നുള്ള സമ്മര്ദം കാരണമാണ് കടുത്ത വേദന അനുഭവപ്പെടുന്നതെന്നാണ് ഡോക്ടര്മാര് വ്യക്തമാക്കുന്നത്.
മന്ത്രി ആക്രമിച്ചതിന്റെ പേരില് തെരുവിലും സൈബര് ഇടങ്ങളിലും സിപിഎം കോണ്ഗ്രസ് പോര് തുടരുകയാണ്. മന്ത്രിയെ അപായപ്പെടുത്താനുള്ള ആസൂത്രിത അക്രമം എന്നതാണ് സി.പി.എം. ഉയര്ത്തിയവാദം. കള്ളപ്രചാരണവും കപടനാടകവുമെന്നതാണ് കോണ്ഗ്രസിന്റെ മറുവാദം. മന്ത്രിയെ ആക്രമിച്ചിട്ടേയില്ല. പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. അക്രമിച്ചിട്ടുണ്ടെങ്കില് ഒരു ദൃശ്യമെങ്കിലും തെളിവുതരൂ എന്നാണ് കോണ്ഗ്രസ് നേതാക്കളുടെ ചോദ്യം. ദൃശ്യങ്ങള് പുറത്തുവിട്ടാല് ഒരു പവന് സ്വര്ണം നല്കാമെന്ന് യൂത്ത് കോണ്ഗ്രസും വെല്ലുവിളിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S