Enter your Email Address to subscribe to our newsletters

Kerala, 27 ഫെബ്രുവരി (H.S.)
പയ്യന്നൂർ: ഭക്ഷണപ്രിയർക്കും യാത്രാപ്രേമികൾക്കും ഒരുപോലെ വേറിട്ട അനുഭവം നൽകാൻ കേരളത്തിലെ ആദ്യത്തെ റെയിൽവേ കോച്ച് റസ്റ്ററന്റ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഒരുങ്ങുന്നു. പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ മുറ്റത്ത് റസ്റ്ററന്റിനായുള്ള റെയിൽവേ ട്രാക്ക് ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. ഇന്ത്യൻ റെയിൽവേയുടെ അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായാണ് ഈ നവീന പദ്ധതി നടപ്പിലാക്കുന്നത്.
ത്രിടയർ എസി കോച്ചിൽ ഒരുങ്ങുന്ന വിരുന്ന്
റസ്റ്ററന്റായി മാറ്റുന്നതിനായി പഴയ ത്രിടയർ എസി കോച്ചാണ് പയ്യന്നൂരിലെത്തിച്ചിട്ടുള്ളത്. മംഗളൂരുവിൽ നിന്നാണ് ഈ ബോഗി കൊണ്ടുവന്നത്. റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തെ പ്രധാന കവാടത്തിന് മുന്നിൽ, രാമന്തളി ബസുകൾ നിർത്തുന്ന ബസ് ബേക്ക് സമീപമാണ് റസ്റ്ററന്റിനായുള്ള പ്രത്യേക ട്രാക്ക് നിർമ്മിച്ചിരിക്കുന്നത്.
ദൗത്യം വെല്ലുവിളി നിറഞ്ഞത്
കോച്ച് ട്രാക്കിലെത്തിക്കുന്ന പ്രക്രിയ അതീവ സങ്കീർണ്ണമാണ്. നിലവിൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ച കോച്ച് റെയിൽ മാർഗം ഒളവറ റെയിൽവേ ഗേറ്റിലെത്തിക്കും. അവിടെ നിന്ന് 120 ടൺ ഭാരം ഉയർത്താൻ ശേഷിയുള്ള ഭീമൻ ക്രെയിൻ ഉപയോഗിച്ചാണ് റോഡ് മാർഗം സ്റ്റേഷന് മുന്നിലെ ട്രാക്കിലെത്തിക്കേണ്ടത്. ഇതിനായി തൃക്കരിപ്പൂർ - പയ്യന്നൂർ റോഡിൽ ഏകദേശം മൂന്ന് മണിക്കൂറോളം ഗതാഗതം നിയന്ത്രിക്കേണ്ടി വരും. റോഡിന് കുറുകെയുള്ള വൈദ്യുത ലൈനുകൾ താത്കാലികമായി മാറ്റുന്നതടക്കമുള്ള സജ്ജീകരണങ്ങളും ഇതിനായി വേണ്ടിവരും. ഏകദേശം എട്ട് ലക്ഷം രൂപയോളമാണ് കോച്ച് ട്രാക്കിലെത്തിക്കാൻ മാത്രം ചെലവ് പ്രതീക്ഷിക്കുന്നത്.
നേരത്തെ കോച്ച് ട്രാക്കിലെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും ആവശ്യമായ ശേഷിയുള്ള ക്രെയിൻ ലഭ്യമാകാത്തതിനെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ഒരു കോച്ചിന് ശരാശരി 40 മുതൽ 50 ടൺ വരെയാണ് ഭാരം.
അഞ്ചു വർഷത്തെ കരാർ
കോച്ച് റസ്റ്ററന്റ് നടത്തിപ്പിനായി അഞ്ചു വർഷത്തെ ടെൻഡർ റെയിൽവേ നേരത്തെ നൽകിയിരുന്നു. കരാറുകാരനാണ് പഴയ ബോഗി അടിമുടി മാറ്റി അത്യാധുനിക സൗകര്യങ്ങളുള്ള റസ്റ്ററന്റായി രൂപപ്പെടുത്തിയെടുക്കുക. യാത്രക്കാർക്കും നാട്ടുകാർക്കും ഒരുപോലെ ഈ ഭക്ഷണശാല ഉപയോഗപ്പെടുത്താൻ സാധിക്കും. പയ്യന്നൂരിന് പുറമെ പാലക്കാടും കോച്ച് റസ്റ്ററന്റ് സ്ഥാപിക്കാൻ പദ്ധതിയുണ്ട്. നിലവിൽ ദക്ഷിണ പശ്ചിമ റെയിൽവേയുടെ കീഴിലുള്ള ബെംഗളൂരുവിലും ഹുബ്ലിയിലും ഇത്തരം റസ്റ്ററന്റുകൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ഹുബ്ലിയിലെ റസ്റ്ററന്റിന് 'ബോഗി ബോഗി' എന്നാണ് പേരിട്ടിരിക്കുന്നത്.
പയ്യന്നൂർ റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറ്റുന്ന അമൃത് ഭാരത് വികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നു വരുന്നതിനിടയിലാണ് ടൂറിസം സാധ്യതകൾ കൂടി കണക്കിലെടുത്ത് ഈ കോച്ച് റസ്റ്ററന്റ് യാഥാർത്ഥ്യമാകുന്നത്. റെയിൽവേയുടെ ഈ വേറിട്ട പരീക്ഷണം നാടിന്റെ വിനോദസഞ്ചാര-ഭക്ഷണ മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.
---------------
Hindusthan Samachar / Roshith K