ഷോക്കേറ്റ് മരണത്തില് കെ.എസ്.ഇ.ബി. ക്ക് ഉത്തരവാദിത്തമുണ്ടെന്ന് സുരക്ഷാ കമ്മീഷണര് : നഷ്ടപരിഹാരം നല്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
Thiruvanathapuram, 27 ഫെബ്രുവരി (H.S.) തിരുവനന്തപുരം (ആറ്റിങ്ങല്‍) : കഴിഞ്ഞ വര്‍ഷം ജൂലൈ 26 ന് സര്‍വീസ് വയര്‍ പൊട്ടി വീണതിനെ തുടര്‍ന്ന് ഷോക്കേറ്റ് മരിച്ച ആറ്റിങ്ങല്‍ സ്വദേശിനി ലീലാമണിയുടെ അനന്തരാവകാശികള്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരതുക വിതരണം ചെയ്
KSEB


Thiruvanathapuram, 27 ഫെബ്രുവരി (H.S.)

തിരുവനന്തപുരം (ആറ്റിങ്ങല്‍) : കഴിഞ്ഞ വര്‍ഷം ജൂലൈ 26 ന് സര്‍വീസ് വയര്‍ പൊട്ടി വീണതിനെ തുടര്‍ന്ന് ഷോക്കേറ്റ് മരിച്ച ആറ്റിങ്ങല്‍ സ്വദേശിനി ലീലാമണിയുടെ അനന്തരാവകാശികള്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരതുക വിതരണം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.

ലീലാമണിയുടെ മാനസികവെല്ലുവിളി നേരിടുന്ന അനന്തരാവകാശിക്ക് രക്ഷകര്‍ത്താവിനെ നിയമിക്കുന്ന നടപടികള്‍ നാഷണല്‍ ട്രസ്റ്റ് ആക്റ്റ് 1999 പ്രകാരം ജില്ലാ കളക്ടര്‍ ചെയര്‍മാനായ കമ്മറ്റി സ്വീകരിക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയത കേസിലാണ് ഉത്തരവ്.

മേലാറ്റിങ്ങല്‍ കൂവരക് വിള വീട്ടില്‍ ലീലാമണിയുടെ മരണത്തില്‍ കെ.എസ്.ഇ.ബി.ക്ക് ഉത്തരവാദിത്തമുണ്ടെന്ന് കെ.എസ്.ഇ.ബി. ചീഫ് സേഫ്റ്റി കമ്മീഷണര്‍ കമ്മീഷനെ രേഖാമൂലം അറിയിച്ചു. പൊട്ടികിടന്ന സര്‍വീസ് വയറില്‍ നിന്നാണ് ലീലാമണിക്ക് മാരകമായ വൈദ്യുത ആഘാതം ഏറ്റത്. ലീലാമണിയുടെ വീട്ടിലേക്ക് വലിച്ചിരുന്ന സര്‍വ്വീസ് വയര്‍ പൊട്ടിയശേഷം കൂട്ടിച്ചേര്‍ത്ത് ഇന്‍സുലേഷന്‍ ടേപ്പ് ചുറ്റി വച്ചിരിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് നിന്നിരുന്ന വാഴ ഒടിഞ്ഞ് സര്‍വ്വീസ് വയറിലേക്ക് വീഴുകയും കൂട്ടിച്ചേര്‍ത്ത ഭാഗത്ത് നിന്നും വയര്‍ പൊട്ടുകയുമായിരുന്നു. പൊട്ടിയ വയറിന്റെ ഇന്‍സുലേഷന്‍ പോയ ഭാഗം കൈയിലെടുത്ത ലീലാമണിക്ക് ഷോക്കേല്‍ക്കുകയായിരുന്നു. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി നിയമപ്രകാരം സര്‍വീസ് വയര്‍ സുരക്ഷിതമായി വയ്ക്കാത്തത് കാരണമുള്ള അപകടമായതിനാല്‍ കെ.എസ്.ഇ.ബി. ക്ക് അപകടത്തില്‍ ഉത്തരവാദിത്തമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആറാഴ്ചക്കുള്ളില്‍ കെ.എസ്.ഇ.ബി. എം. ഡി. അറിയിക്കണമെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവില്‍ പറഞ്ഞു.

ലീലാമണിയുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരമായ 10 ലക്ഷം രൂപ നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചീഫ് സേഫ്റ്റി കമ്മീഷണര്‍ അറിയിച്ചു. ആശ്രിതര്‍ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതുകാരണമാണ് നഷ്ടപരിഹാരം നല്‍കാന്‍ കഴിയാഞ്ഞത്. ലീലാമണിക്ക് രണ്ട് അഡോപ്റ്റഡ് കുട്ടികളാണെന്നും ഇവരില്‍ ഒരാള്‍ മാനസികവെല്ലുവിളി നേരിടുന്നുണ്ടെന്നും അവകാശ സര്‍ട്ടിഫിക്കേറ്റിനായി തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News