മന്ത്രി വീണ ജോര്ജ് ആശുപത്രി വിട്ടു; പുലര്ച്ചെ തിരുവനന്തപുരത്തേക്ക് തിരിച്ചു
Kannur, 27 ഫെബ്രുവരി (H.S.) കെ.എസ്.യു. പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മന്ത്രി ഇന്ന് പുലര്‍ച്ചെയാണ് ആശുപത്രിവിട്ടത്. പുലര്‍ച്ചെ നാല് മണിയോടെയാണ് പരിയാര
veena


Kannur, 27 ഫെബ്രുവരി (H.S.)

കെ.എസ്.യു. പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മന്ത്രി ഇന്ന് പുലര്‍ച്ചെയാണ് ആശുപത്രിവിട്ടത്. പുലര്‍ച്ചെ നാല് മണിയോടെയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. കണ്ണൂരില്‍ നിന്ന് ഔദ്യോഗിക വാഹനത്തില്‍ റോഡ് മാര്‍ഗമാണ് മന്ത്രി തലസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നത്.

മന്ത്രിക്ക് തുടര്‍ ചികിത്സ വേണ്ടിവരും എന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. അതുകൊണ്ട് തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കും. ഇവിടെയാകും ചികിത്സകള്‍ നടത്തുക. നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടന ഒപി അടക്കം ബഹിഷ്‌കരിച്ച് ദിവസങ്ങളായി സമരത്തിലാണ്. ഇതിനിടയിലാണ് ആരോഗ്യമന്ത്രി തന്നെ ചികിത്സക്ക് എത്തുന്നത്.

മന്ത്രിക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കഴിഞ്ഞ ദിവസം മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മന്ത്രിക്ക് കഴുത്തിലേറ്റ ക്ഷതത്തിന്റെ ഭാഗമായി വലതുകൈയിലേക്കും തലയുടെ പിന്‍ഭാഗത്തേക്കും പടരുന്ന വിധത്തിലുള്ള കടുത്ത വേദനയ്ക്ക് നല്‍കിവരുന്ന ചികിത്സയുടെ പശ്ചാത്തലത്തിലാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. എം.ആര്‍.ഐ. റിപ്പോര്‍ട്ട് പ്രകാരം കഴുത്തിലെ കശേരുക്കള്‍ക്കിടയിലുള്ള ഡിസ്‌കുകള്‍ രണ്ടിടങ്ങളില്‍ നാഡീമൂലാഗ്രങ്ങളില്‍ അമര്‍ന്നുള്ള സമ്മര്‍ദം കാരണമാണ് കടുത്ത വേദന അനുഭവപ്പെടുന്നതെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.

മന്ത്രി ആക്രമിച്ചതിന്റെ പേരില്‍ തെരുവിലും സൈബര്‍ ഇടങ്ങളിലും സിപിഎം കോണ്‍ഗ്രസ് പോര് തുടരുകയാണ്. മന്ത്രിയെ അപായപ്പെടുത്താനുള്ള ആസൂത്രിത അക്രമം എന്നതാണ് സി.പി.എം. ഉയര്‍ത്തിയവാദം. കള്ളപ്രചാരണവും കപടനാടകവുമെന്നതാണ് കോണ്‍ഗ്രസിന്റെ മറുവാദം. മന്ത്രിയെ ആക്രമിച്ചിട്ടേയില്ല. പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. അക്രമിച്ചിട്ടുണ്ടെങ്കില്‍ ഒരു ദൃശ്യമെങ്കിലും തെളിവുതരൂ എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം. ദൃശ്യങ്ങള്‍ പുറത്തുവിട്ടാല്‍ ഒരു പവന്‍ സ്വര്‍ണം നല്‍കാമെന്ന് യൂത്ത് കോണ്‍ഗ്രസും വെല്ലുവിളിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News