കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ മുറുകുന്നു; സതീശനും സണ്ണി ജോസഫും ഡൽഹിയിലേക്ക്, 20 സിറ്റിംഗ് എംഎൽഎമാർ വീണ്ടും മത്സരിക്കും
Kerala, 27 ഫെബ്രുവരി (H.S.) തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാനായി കോൺഗ്രസ് നേതൃത്വം ഡൽഹിയിലേക്ക്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വരാനിരിക്കുന്ന ഞായറാഴ്ച എഐസിസ
കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ മുറുകുന്നു; സതീശനും സണ്ണി ജോസഫും ഡൽഹിയിലേക്ക്, 20 സിറ്റിംഗ് എംഎൽഎമാർ വീണ്ടും മത്സരിക്കും


Kerala, 27 ഫെബ്രുവരി (H.S.)

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാനായി കോൺഗ്രസ് നേതൃത്വം ഡൽഹിയിലേക്ക്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വരാനിരിക്കുന്ന ഞായറാഴ്ച എഐസിസി നേതൃത്വവുമായി നിർണ്ണായക ചർച്ചകൾ നടത്തും. സിറ്റിംഗ് എംഎൽഎമാരുടെ കാര്യത്തിലും തർക്കമില്ലാത്ത മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിലും ഈ സന്ദർശനത്തോടെ ഏകദേശ ധാരണയാകുമെന്നാണ് കരുതുന്നത്.

സിറ്റിംഗ് എംഎൽഎമാർക്ക് മുൻഗണന

നിലവിലെ എംഎൽഎമാരിൽ ഭൂരിഭാഗം പേരെയും വീണ്ടും മത്സരിപ്പിക്കാനാണ് കോൺഗ്രസ് പ്രാഥമികമായി തീരുമാനിച്ചിരിക്കുന്നത്. പാലക്കാട്, തൃപ്പൂണിത്തുറ എന്നീ രണ്ട് മണ്ഡലങ്ങൾ ഒഴികെ ബാക്കി 20 സിറ്റിംഗ് സീറ്റുകളിലും നിലവിലെ എംഎൽഎമാർ തന്നെ ജനവിധി തേടും. വിജയസാധ്യത കണക്കിലെടുത്താണ് ഈ തീരുമാനം. ഒറ്റപ്പേര് മാത്രം ഉയർന്നു വന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനവും ഉടൻ ഉണ്ടായേക്കും.

പ്രധാന സ്ഥാനാർത്ഥികൾ ഇവർ

തിരഞ്ഞെടുപ്പ് ഗോദയിൽ മുൻനിര നേതാക്കളെ ഇറക്കി ഭരണം പിടിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. വട്ടിയൂർക്കാവിൽ കെ. മുരളീധരൻ സ്ഥാനാർത്ഥിയാകാൻ ധാരണയായിട്ടുണ്ട്. തൃത്താലയിൽ മുൻ എംഎൽഎ വി.ടി. ബൽറാമും മണലൂരിൽ ടി.എൻ. പ്രതാപനും വീണ്ടും അങ്കത്തിനിറങ്ങും. ഈ നേതാക്കളുടെ സാന്നിധ്യം മണ്ഡലങ്ങളിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ.

യൂത്ത് കോൺഗ്രസ് സീറ്റുകളിൽ തർക്കം

യുവ പ്രാതിനിധ്യത്തിനായി യൂത്ത് കോൺഗ്രസ് ശക്തമായ സമ്മർദ്ദമാണ് ചെലുത്തുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ് കൊടുങ്ങല്ലൂരിൽ സ്ഥാനാർത്ഥിയാകും. ഇത് കൂടാതെ 11 സീറ്റുകൾ കൂടി വേണമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ പട്ടിക പകുതിയായി വെട്ടിച്ചുരുക്കാനാണ് എഐസിസി നിർദ്ദേശിച്ചിരിക്കുന്നത്. ഇതിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്.

ആറന്മുളയിൽ അബിൻ വർക്കി, നാദാപുരത്ത് കെ.എം. അഭിജിത്ത്, തളിപ്പറമ്പിൽ അബ്ദുൽ റഷീദ്, ചെങ്ങന്നൂരിൽ ബിനു ചുള്ളിയിൽ എന്നിവരുടെ പേരുകളാണ് യുവജന സംഘടന നിർദ്ദേശിച്ചിട്ടുള്ളത്. ചാത്തന്നൂരിൽ ചൈത്ര തമ്പാൻ, വിഷ്ണു സുനിൽ പന്തളം എന്നിവരിൽ ഒരാളെ പരിഗണിക്കണമെന്നും കായംകുളത്ത് അരിതാ ബാബുവിനെ വീണ്ടും മത്സരിപ്പിക്കണമെന്നും ആവശ്യമുണ്ട്. പാലക്കാട് കെ.എസ്. ജയഘോഷിനെയും ഒറ്റപ്പാലത്ത് ഒ.കെ. ഫാറൂഖിനെയും പരിഗണിക്കാനാണ് സാധ്യത. തലശ്ശേരിയിൽ വി.കെ. ഷിബിനയുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ യുവാക്കൾക്കും വനിതകൾക്കും അർഹമായ പരിഗണന വേണമെന്ന ഹൈക്കമാൻഡ് നിർദ്ദേശം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ വി.ഡി. സതീശനും സണ്ണി ജോസഫും ശ്രമിക്കും. വരും ദിവസങ്ങളിൽ സ്ക്രീനിംഗ് കമ്മിറ്റി കൂടുന്നതോടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ ശക്തരായ സ്ഥാനാർത്ഥികളെ തന്നെ അണിനിരത്താനാണ് കോൺഗ്രസ് തന്ത്രം മെനയുന്നത്.

---------------

Hindusthan Samachar / Roshith K


Latest News