Enter your Email Address to subscribe to our newsletters

Chennai , 27 ഫെബ്രുവരി (H.S.)
ചെന്നൈ: തമിഴ് സിനിമാ ലോകത്തെയും രാഷ്ട്രീയ വൃത്തങ്ങളെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് നടനും തമിഴക വെട്രി കഴകം (TVK) അധ്യക്ഷനുമായ വിജയ്യുടെ വിവാഹമോചന വാർത്ത പുറത്തുവന്നു. വിജയ്യുടെ ഭാര്യ സംഗീത സ്വർണ്ണലിംഗം ചെങ്ങൽപ്പെട്ട് ഫാമിലി കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തതായാണ് റിപ്പോർട്ടുകൾ. 26 വർഷം നീണ്ടുനിന്ന ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നത്.
ആരോപണങ്ങൾ ഗൗരവതരം
കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിജയ്ക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് സംഗീത ഉന്നയിച്ചിരിക്കുന്നത്. ഒരു പ്രമുഖ നടിയുമായി വിജയ് ദീർഘകാലമായി വിവാഹേതര ബന്ധം പുലർത്തുന്നുണ്ടെന്നും ഇത് തന്റെ കുടുംബജീവിതം തകർത്തുവെന്നുമാണ് സംഗീതയുടെ ആരോപണം. 2021 ഏപ്രിൽ മാസത്തിലാണ് ഈ ബന്ധത്തെക്കുറിച്ച് താൻ അറിഞ്ഞതെന്നും, തുടർന്ന് നടന്ന തർക്കങ്ങൾക്കൊടുവിൽ വിജയ് മനംമാറ്റത്തിന് തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്.
വിജയ് ആ നടിയുമായി വിദേശയാത്രകൾ നടത്തുകയും പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തത് തനിക്ക് വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും സംഗീത കോടതിയെ അറിയിച്ചു. ഏപ്രിൽ 20-ന് കേസ് കോടതി പരിഗണിക്കും. അന്ന് വിജയ്യും സംഗീതയും നേരിട്ട് ഹാജരാകേണ്ടി വന്നേക്കും.
ആരാധകരിൽ നിന്ന് പ്രണയിനിയിലേക്ക്
വിജയ്യുടെയും സംഗീതയുടെയും പ്രണയകഥ സിനിമയെ വെല്ലുന്ന ഒന്നായിരുന്നു. ലണ്ടനിൽ താമസിച്ചിരുന്ന ശ്രീലങ്കൻ തമിഴ് വംശജയായ സംഗീത, വിജയ്യുടെ കടുത്ത ആരാധകിയായിരുന്നു. 'പൂവേ ഉനക്കാകെ' എന്ന ചിത്രത്തിലെ വിജയ്യുടെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ട സംഗീത അദ്ദേഹത്തെ നേരിൽ കാണാനായി ചെന്നൈയിൽ എത്തുകയായിരുന്നു. ആ കൂടിക്കാഴ്ച പിന്നീട് പ്രണയത്തിലേക്കും 1999-ൽ വിവാഹത്തിലേക്കും നയിച്ചു. ഇവർക്ക് ജേസൺ സഞ്ജയ് എന്ന മകനും ദിവ്യ സാഷ എന്ന മകളുമുണ്ട്. മകൻ ജേസൺ സഞ്ജയ് നിലവിൽ സംവിധാന രംഗത്തേക്ക് ചുവടുവെക്കാനുള്ള ഒരുക്കത്തിലാണ്.
രാഷ്ട്രീയ പ്രവേശനത്തിനിടെയുള്ള തിരിച്ചടി
തമിഴ് രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയായി വളരാൻ ഒരുങ്ങുന്നതിനിടെയാണ് വിജയ്ക്ക് വ്യക്തിജീവിതത്തിൽ ഇത്തരമൊരു വെല്ലുവിളി നേരിടേണ്ടി വരുന്നത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് സജീവമായി മുന്നോട്ട് പോകുന്നതിനിടെയുള്ള ഈ വിവാഹമോചന വാർത്ത അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിച്ഛായയെ എങ്ങനെയൊക്കെ ബാധിക്കുമെന്ന ചർച്ചകൾ തമിഴ്നാട്ടിൽ സജീവമാണ്.
കഴിഞ്ഞ കുറച്ചു കാലമായി വിജയ് പങ്കെടുത്ത പല പ്രധാന ചടങ്ങുകളിലും സംഗീതയുടെ അസാന്നിധ്യം വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ മക്കൾക്കൊപ്പം ലണ്ടനിൽ അവധി ആഘോഷിക്കുകയാണെന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ. സംഗീതയുടെ ഹർജി പുറത്തുവന്നതോടെ ആരാധകർക്കിടയിലുണ്ടായിരുന്ന അഭ്യൂഹങ്ങൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വിഷയത്തിൽ വിജയോ അദ്ദേഹത്തിന്റെ ടീമോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
---------------
Hindusthan Samachar / Roshith K