Enter your Email Address to subscribe to our newsletters

Kannur, 28 ഫെബ്രുവരി (H.S.)
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സജീവമാക്കി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ജില്ലയിലെ എട്ടു മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് നിന്ന് തന്നെ മൂന്നാം തവണയും ജനവിധി തേടുമ്പോൾ, നിലവിലെ പല പ്രമുഖർക്കും സീറ്റ് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതേസമയം, പാർട്ടി ഫണ്ട് തിരിമറി ആരോപണങ്ങൾ നേരിടുന്നവർ ഉൾപ്പെടെയുള്ള ചിലർ വീണ്ടും മത്സരരംഗത്ത് എത്തിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ വ്യക്തമാക്കുന്നത്.
നിലവിൽ ഒരു തവണ പൂർത്തിയാക്കിയ പയ്യന്നൂർ, കല്യാശ്ശേരി, അഴീക്കോട് തുടങ്ങിയ മണ്ഡലങ്ങളിൽ സ്ഥാനാർഥികൾക്ക് മാറ്റമുണ്ടാകില്ല. പാർട്ടി ഫണ്ട് തിരിമറി ആരോപണത്തിൽ ഉൾപ്പെട്ട ടിഐ മധുസൂദനൻ പയ്യന്നൂരിൽ തന്നെ വീണ്ടും മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കല്യാശ്ശേരിയിൽ എം വിജിനും അഴീക്കോട് കെവി സുമേഷും വീണ്ടും ജനവിധി തേടും. എൽഡിഎഫിനെ നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാകും ഇത്തവണയും മുൻപന്തിയിലുണ്ടാകുക.
പാർട്ടി സംസ്ഥാന സെക്രട്ടറിയായതിനാൽ എംവി ഗോവിന്ദൻ ഇത്തവണ തളിപ്പറമ്പിൽ നിന്നും മത്സരിക്കില്ല. പകരം മുൻ എംഎൽഎ ജയിംസ് മാത്യുവിൻ്റെ ഭാര്യയും കണ്ണൂർ കോർപറേഷൻ മുൻ പ്രതിപക്ഷ നേതാവുമായ എൻ സുകന്യയുടെ പേരാണ് പരിഗണിക്കുന്നത്. മട്ടന്നൂർ മണ്ഡലത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും അതേ മണ്ഡലത്തിലെ വോട്ടറുമായ വികെ സനോജ് പോരിനിറങ്ങും. തലശ്ശേരി നിയോജകമണ്ഡലത്തിൽ സ്പീക്കർ എഎൻ ഷംസീർ രണ്ടുതവണ പൂർത്തിയാക്കിയതിനാൽ കാരായി രാജൻ ജനവിധി തേടും.
സിപിഎം മത്സരിക്കുന്ന പേരാവൂർ മണ്ഡലത്തിൽ ഇതുവരെയും പാർട്ടി ഒരു പേരും മുന്നോട്ടുവച്ചിട്ടില്ല. തളിപ്പറമ്പിൽ ആദ്യഘട്ടത്തിൽ ഉയർന്നുകേട്ട എംവി നികേഷ് കുമാറിൻ്റെ പേർ പാർട്ടി നേതൃത്വം പരിഗണിക്കാത്തതിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉൾപ്പെടെ അതൃപ്തിയിലാണെന്നാണ് സൂചന. പുറത്തുവരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും എല്ലാം പാർട്ടി തീരുമാനിക്കുമെന്നുമാണ് കെകെ രാഗേഷ് ഇടിവി ഭാരതിനോട് വ്യക്തമാക്കിയത്. ജില്ലയിൽ നിന്ന് ഒരു വനിത പ്രാതിനിധ്യം വേണമെന്ന നിലയിലേക്ക് വന്നാൽ തളിപ്പറമ്പിൽ എംവി ഗോവിന്ദൻ്റെ ഭാര്യ പികെ ശ്യാമളയുടെ പേരും പരിഗണിച്ചേക്കും. ഘടകകക്ഷികളായ എൽജെഡി കൂത്തുപറമ്പിലും കേരള കോൺഗ്രസ് എം ഇരിക്കൂറിലും മത്സരിക്കും. കണ്ണൂർ മണ്ഡലത്തിൽ കടന്നപ്പള്ളി രാമചന്ദ്രൻ വീണ്ടും ജനവിധി തേടും.
കണ്ണൂരിൽ സിപിഎം മത്സരിച്ച എട്ടു സീറ്റുകളിൽ അഴീക്കോടും പേരാവൂരും ഒഴികെയുള്ള മണ്ഡലങ്ങളിൽ കഴിഞ്ഞതവണ 20,000ത്തിന് മുകളിൽ ഭൂരിപക്ഷമാണ് പാർട്ടി നേടിയത്. സംസ്ഥാനത്തു തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 60,963 വോട്ടുകൾ മട്ടന്നൂർ നിയോജകമണ്ഡലത്തിൽ കെകെ ശൈലജ നേടി. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ 50,123 വോട്ടിൻ്റെയും തലശ്ശേരിയിൽ സ്പീക്കർ എഎൻ ഷംസീർ 36,801 വോട്ടിൻ്റെയും ഭൂരിപക്ഷത്തിലാണ് നിയമസഭയിലെത്തിയത്.
പയ്യന്നൂരിൽ ടിഐ മധുസൂദനൻ 49,750 വോട്ടിനും തളിപ്പറമ്പിൽ എംവി ഗോവിന്ദൻ 22,689 വോട്ടിനും കല്യാശ്ശേരിയിൽ എം വിജിൻ 44,393 വോട്ടിനുമാണ് വിജയിച്ചത്. അഴീക്കോട് കെവി സുമേഷിൻ്റെ ഭൂരിപക്ഷം 6,141 വോട്ടായിരുന്നു. പേരാവൂരിൽ മാത്രമാണ് സിപിഎം മത്സരിച്ച സീറ്റുകളിൽ പരാജയമറിഞ്ഞത്. അന്നത്തെ ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ ഇന്നത്തെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനോട് 3,172 വോട്ടിനാണ് പരാജയപ്പെട്ടത്.
ഇടത് കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത് പയ്യന്നൂരിലെ പോരാട്ടം
രാജ്യത്ത് തന്നെ സിപിഎമ്മിന് ഏറ്റവും അംഗബലമുള്ള ജില്ലയാണ് കണ്ണൂർ. എന്നാൽ സ്വന്തം മണ്ഡലത്തിലെ എംഎൽഎക്കെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണമുയർത്തി ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണൻ രംഗത്തുവന്നതോടെയാണ് കണ്ണൂരിലെ പാർട്ടി രാഷ്ട്രീയം കലങ്ങിമറിയാൻ തുടങ്ങിയത്. ധനരാജ് ഫണ്ടും രക്തസാക്ഷി ഫണ്ടും ഉൾപ്പെടെ അപഹരിച്ചുവെന്ന് ആരോപിച്ചാണ് കുഞ്ഞികൃഷ്ണനെ പാർട്ടി പുറത്താക്കിയത്. ഈ വെട്ടിപ്പ് ആരോപണം സിപിഎമ്മിനെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു.
പാർട്ടിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായ പയ്യന്നൂരിൽ നിന്നുതന്നെ ഇത്തരം ആരോപണങ്ങൾ ഉയർന്നത് വലിയ ചർച്ചയായി. അഴിമതിക്കെതിരെ അദ്ദേഹം ഒരു പുസ്തകവും എഴുതിയിരുന്നു. അതേ എംഎൽഎ വീണ്ടും ജനവിധി തേടാനിറങ്ങുമ്പോൾ വിമത വിഭാഗത്തിൻ്റെ പ്രതിനിധി എതിർ സ്ഥാനാർഥിയായി മത്സരിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കുഞ്ഞികൃഷ്ണൻ മത്സരിച്ചാൽ ഫണ്ട് വിവാദം വീണ്ടും സജീവ ചർച്ചയാകും.
മത്സരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും സാഹചര്യമനുസരിച്ച് തീരുമാനിക്കുമെന്നുമാണ് കുഞ്ഞികൃഷ്ണൻ്റെ നിലപാട്. അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് താൻ നടത്തുന്നതെന്നും പാർട്ടി നിലനിൽക്കാനുള്ള പോരാട്ടമാണിതെന്നും അദ്ദേഹം മുൻപേ വ്യക്തമാക്കിയിരുന്നു. കുഞ്ഞികൃഷ്ണൻ്റെ നീക്കത്തിനനുസരിച്ചായിരിക്കും യുഡിഎഫിൻ്റെ സ്ഥാനാർഥി നിർണയം.
അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചാൽ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് പ്രചാരണമുണ്ട്. കുഞ്ഞികൃഷ്ണൻ നിലപാടറിയിച്ചാൽ പിന്തുണ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് ഇടിവിയോട് വ്യക്തമാക്കിയിരുന്നു. പഞ്ചായത്തിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ അദ്ദേഹത്തിൻ്റെ അടുത്ത നീക്കം ഏറെ ശ്രദ്ധേയമാണ്.
താൻ മത്സരിച്ചാൽ തൻ്റെ നിലപാടുകൾക്ക് തിരിച്ചടിയാകാൻ സാധ്യതയുള്ളതിനാൽ, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പയ്യന്നൂർ കാരാ വാർഡിൽ വിമതനായി മത്സരിച്ച വൈശാഖിനെ മുൻനിർത്തിയുള്ള കരുനീക്കങ്ങൾക്കും കുഞ്ഞികൃഷ്ണൻ വിഭാഗം ഒരുങ്ങുന്നതായി സൂചനയുണ്ട്. ടിഐ മധുസൂദനൻ സ്ഥാനാർഥിയായാൽ കൂട്ടായ്മയുടെ നിർദേശപ്രകാരം സ്വതന്ത്രനായി നിൽക്കുമെന്ന് വൈശാഖ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്രയോടൊപ്പമെത്തിയ ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ അദ്ദേഹത്തെ വീട്ടിലെത്തി കണ്ടിരുന്നു. ഈ അവസരം ഉപയോഗപ്പെടുത്താൻ ബിജെപിയും ശ്രമിക്കുമെന്നുറപ്പാണ്.
50,000 കടക്കുമോ പയ്യന്നൂർ, അതോ ടിഐ മധുസൂദനന് ഭയക്കേണ്ടി വരുമോ...?ഏതു കൊടുങ്കാറ്റിലും ഉലയാത്ത ചുവന്ന കോട്ടയാണ് പയ്യന്നൂർ. പയ്യന്നൂർ നഗരസഭ, ചെറുപുഴ, എരമം-കുറ്റൂർ, കാങ്കോൽ-ആലപ്പടമ്പ, കരിവെള്ളൂർ-പെരളം, പെരിങ്ങോം-വയക്കര, രാമന്തളി എന്നീ തദ്ദേശ സ്ഥാപനങ്ങൾ ഉൾക്കൊള്ളുന്നതാണ് നിയോജകമണ്ഡലം. ഇതിൽ ചെറുപുഴ പഞ്ചായത്ത് മാത്രമാണ് യുഡിഎഫ് ഭരിക്കുന്നത്.
കരിവെള്ളൂർ സമരസേനാനിയും സിപിഎം നേതാവുമായ എവി കുഞ്ഞമ്പുവാണ് ആദ്യമായി പയ്യന്നൂരിൽ നിന്ന് നിയമസഭയിലെത്തിയത്. പിന്നീട് സുബ്രഹ്മണ്യഷേണായി, എംവിആർ, പിണറായി വിജയൻ, പികെ ശ്രീമതി, സി കൃഷ്ണൻ ഉൾപ്പെടെയുള്ളവർ മണ്ഡലത്തിൻ്റെ പ്രതിനിധികളായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഐ മധുസൂദനൻ 93,695 വോട്ടാണ് നേടിയത്. യുഡിഎഫ് സ്ഥാനാർഥി എം പ്രദീപ് കുമാർ 43,915 വോട്ടും ബിജെപി സ്ഥാനാർഥി കെകെ ശ്രീധരൻ 11,308 വോട്ടും നേടി. അന്ന് 49,750 വോട്ടിൻ്റെ റെക്കോർഡ് ഭൂരിപക്ഷമാണ് ടിഐ മധുസൂദനന് ലഭിച്ചത്.
വോട്ട് ശതമാനത്തിൻ്റെ കണക്കെടുത്താൽ 62.49 ശതമാനമാണ് അദ്ദേഹം സ്വന്തമാക്കിയത്. 2016ൽ 40,263 വോട്ടിനാണ് സി കൃഷ്ണൻ വിജയിച്ചത്. അന്ന് അദ്ദേഹത്തിന് 83,226 വോട്ട് (58.02%) ലഭിച്ചപ്പോൾ കോൺഗ്രസിലെ സാജിദ് മൗവലിന് 42,963 വോട്ടാണ് ലഭിച്ചത്. ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ നിയമസഭാ മണ്ഡലം ഉൾക്കൊള്ളുന്ന 153 വാർഡുകളിൽ 112 എണ്ണം എൽഡിഎഫ് നേടി. യുഡിഎഫിന് 37 വാർഡുകൾ ലഭിച്ചപ്പോൾ മറ്റുള്ളവർക്ക് നാല് വാർഡുകളാണ് ലഭിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിച്ചത് 32,113 വോട്ടിൻ്റെ ലീഡാണെങ്കിൽ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത് 13,257 ആയി കുറഞ്ഞിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR