Enter your Email Address to subscribe to our newsletters

Ernakulam, 28 ഫെബ്രുവരി (H.S.)
സംസ്ഥാനത്തിൻ്റെ ഔദ്യോഗിക നാമം കേരളം എന്ന് മാറ്റാനുള്ള നടപടികൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതിന് പിന്നാലെ, ഈ നീക്കത്തിൻ്റെ ചരിത്രപരമായ യുക്തിയെ ചോദ്യം ചെയ്ത് പ്രമുഖ യുവ ചരിത്രകാരൻ രംഗത്ത്. പണ്ടുകാലത്ത് സാധാരണ ജനങ്ങൾ ഈ പ്രദേശത്തെ തിരിച്ചറിയാൻ കേരളം എന്ന പേരോ കേരള എന്ന വാക്കോ ഉപയോഗിച്ചിരുന്നില്ലെന്നും, യഥാർഥ പ്രാദേശിക നാമമാണ് വീണ്ടെടുക്കേണ്ടതെങ്കിൽ അത് മലയാളം എന്നായിരിക്കണമെന്നും ലണ്ടനിലെ ബർമിങ്ഹാം സർവകലാശാല എഡ്വേഡ് കാഡ്ബറി സെൻ്റർ ഓണററി ഫെലോ പ്രൊഫസർ ഡോ. അബ്ബാസ് പനയ്ക്കൽ വ്യക്തമാക്കി.
നിലവിൽ സംസ്ഥാനത്തെ കേരളം എന്ന് പുനർനാമകരണം ചെയ്യുന്നത് ചരിത്രപരമായി വിലയിരുത്തുമ്പോൾ അസ്വീകര്യമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഡച്ചുകാരുടെയും പോർച്ചുഗീസുകാരുടെയും ബ്രിട്ടീഷുകാരുടെയും ഔദ്യോഗിക രേഖകളിലും പഴയകാല പ്രാദേശിക ലിഖിതങ്ങളിലും ഈ പ്രദേശം മലയാളം എന്നാണ് അറിയപ്പെട്ടിരുന്നത് എന്നാണ് ഇദ്ദേഹം വാദിക്കുന്നത്.
ചരിത്രപരമായ തെളിവുകൾ
പതിനെട്ടാം നൂറ്റാണ്ടിൽ ഈ പ്രദേശം സന്ദർശിച്ച സ്കോട്ടിഷ് ശാസ്ത്രജ്ഞനായ ഫ്രാൻസിസ് ബുക്കാനൻ്റെ നിരീക്ഷണങ്ങളാണ് അബ്ബാസ് പനയ്ക്കൽ തൻ്റെ വാദത്തിന് പ്രധാന ആധാരമായി ചൂണ്ടിക്കാട്ടുന്നത്. ബുക്കാനൻ്റെ അഭിപ്രായത്തിൽ കേരളം എന്നത് ഒരു സംസ്കൃത പദമാണ്. കന്യാകുമാരി മുതൽ ചന്ദ്രഗിരി പുഴ വരെ നീണ്ടുകിടക്കുന്ന പശ്ചിമതീര മേഖലയെ സാധാരണ ജനങ്ങൾ മലയാളം എന്നാണ് വിളിച്ചിരുന്നത്. എന്നാൽ ഈ പ്രദേശത്തെയും അവിടുത്തെ ഭാഷയെയും സൂചിപ്പിക്കാൻ സംസ്കൃതത്തിൽ ഉപയോഗിച്ചിരുന്ന പേരായിരുന്നു കേരളമെന്ന് ബുക്കാനൻ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രമുഖ ചരിത്രകാരനായ കെപി പത്മനാഭമേനോനും തൻ്റെ രചനകളിൽ കേരളം എന്നത് ഒരു സംസ്കൃത നാമമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇഎംഎസ് നമ്പൂതിരിപ്പാടിനെപ്പോലെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ പോലും സാധാരണ ജനങ്ങൾ ഉപയോഗിച്ചിരുന്ന മലയാളം എന്ന പേരിന് പകരം സംസ്കൃത വേരുകളുള്ള കേരളം എന്ന വാക്കിനാണ് മുൻഗണന നൽകിയതെന്നും അബ്ബാസ് പനയ്ക്കൽ അഭിപ്രായപ്പെടുന്നു.
1678ൽ പുറത്തിറങ്ങിയ പ്രശസ്ത സസ്യശാസ്ത്ര ഗ്രന്ഥമായ ഹോർത്തൂസ് മലബാറിക്കസിൽ ഈ പ്രദേശത്തെ വ്യക്തമായും മലയാളം എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. ഇതിൽ മലയ ഡോക്ടർ, മലയാളത്തിലെ മരങ്ങൾ എന്നിങ്ങനെയുള്ള പരാമർശങ്ങൾ ഈ വാദത്തിന് തെളിവായി അദ്ദേഹം നിരത്തുന്നു. ചുരുക്കത്തിൽ, സംസ്ഥാനത്തിന് പുതിയ പേര് നൽകുമ്പോൾ ചരിത്രപരമായ കൃത്യതയും ജനകീയമായ വേരുകളും പരിശോധിക്കപ്പെടേണ്ടതായിരുന്നുവെന്ന പുതിയ ചർച്ചകൾക്കാണ് അബ്ബാസ് പനയ്ക്കലിൻ്റെ വാദങ്ങൾ വഴിതുറക്കുന്നത്.
അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനായ യുവ ചരിത്രഗവേഷകനും ആഗോള മതസൗഹാർദ പ്രവർത്തനങ്ങളുടെ ഏകോപകനുമാണ് ഡോ. അബ്ബാസ് പനയ്ക്കൽ. മലബാർ ചരിത്രത്തെക്കുറിച്ചും കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളെക്കുറിച്ചും ആധികാരികമായ പഠനങ്ങൾ നടത്തിയിട്ടുള്ള അദ്ദേഹം മുസ്ലിയാർ കിങ് ഉൾപ്പെടെയുള്ള പ്രശസ്ത ഗ്രന്ഥങ്ങളുടെ കർത്താവുകൂടിയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR