തൃക്കരിപ്പൂരിൽ മാലിന്യശേഖരണത്തിനിടെ ലഭിച്ച രണ്ടുലക്ഷം വിലമതിക്കുന്ന വജ്രമാല ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ്മ സേനാംഗങ്ങൾ.
Kasaragod, 28 ഫെബ്രുവരി (H.S.) തൃക്കരിപ്പൂർ പഞ്ചായത്തിലെ ഹരിത കർമ സേനാംഗങ്ങളുടെ സത്യസന്ധതയ്ക്ക് മുന്നിൽ ഇപ്പോൾ നാടൊന്നാകെ കൈയടിക്കുകയാണ്. പതിവുപോലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടയിൽ ലഭിച്ച ഒരു വജ്രമാല, അതിൻ്റെ യഥാർഥ ഉടമയെ കണ്ടെത്തി തിര
HARITHA KARMA SENA


Kasaragod, 28 ഫെബ്രുവരി (H.S.)

തൃക്കരിപ്പൂർ പഞ്ചായത്തിലെ ഹരിത കർമ സേനാംഗങ്ങളുടെ സത്യസന്ധതയ്ക്ക് മുന്നിൽ ഇപ്പോൾ നാടൊന്നാകെ കൈയടിക്കുകയാണ്. പതിവുപോലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടയിൽ ലഭിച്ച ഒരു വജ്രമാല, അതിൻ്റെ യഥാർഥ ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ച സേനാംഗങ്ങൾ മനുഷ്യത്വത്തിൻ്റെ തിളക്കമുള്ള ഉദാഹരണമായി മാറി.

പതിവ് പോലെ പ്ലാസ്റ്റിക്ക് ശേഖരിക്കുന്നതിനിടയിലാണ് സേന അംഗമായ എം ഉഷ തറയിൽ എന്തോ തിളങ്ങുന്നത് കണ്ടത്. അടുത്ത് പോയി നോക്കിയപ്പോൾ തിളങ്ങുന്നത് ഒരു മാല ആണെന്ന് തിരിച്ചറിഞ്ഞു. ആദ്യം സ്വർണം എന്നായിരുന്നു ഉഷ കരുതിയത്. കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകരായ സ്മിത തങ്കയം, എം ഷൈല ഉടുമ്പുന്തല, എംപിടി ജുവൈരിയ മെട്ടമ്മൽ എന്നിവരെ അറിയിച്ചതോടെ സ്വർണം ആണോ സ്വർണതത്തെക്കാൾ മൂല്യമുള്ള ഡയമണ്ട് ആണോ എന്ന സംശയം ഉടലെടുത്തു.

തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റിനെ ഇവര് വിവരമറിയിക്കുകയായിരുന്നു. പ്രസിഡൻ്റ് സാജിത സഫറുള്ളയും വിഇഒ റാഷിദും ചേർന്ന് പരിശോധിച്ചപ്പോൾ കൈയിൽ കിട്ടിയത് ലക്ഷങ്ങൾ വിലയുള്ള മാല ആണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് ഉടമസ്ഥനെ കണ്ടെത്താനുള്ള തിരച്ചിൽ ആയിരുന്നു. സ്ഥാപനങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് ആയതിനാൽ ആ നിലയിൽ ആയിരുന്നു അന്വേഷണം. പലരെയും വിളിച്ച് അന്വേഷിച്ചു. ഒടുവിൽ ഉടമസ്ഥനെ കണ്ടെത്തിയതോടെ ഉഷ ഉള്പ്പെടെയുള്ളവര്ക്ക് ആശ്വാസവും ഒപ്പം ഇരട്ടി സന്തോഷവുമായി.

തൃക്കരിപ്പൂർ ടൗണിലെ ബസ് സ്റ്റാന്ഡ് പരിസരത്തെ ഒരു സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ഡോക്ടറുടെ ആയിരുന്നു മാല. ഇത് സ്വർണം അല്ലെന്നും വജ്രം ആണെന്നും ഡോക്ടർ പറഞ്ഞു. നഷ്ടപ്പെട്ടു എന്ന് കരുതി വിഷമിച്ചിരിക്കുന്നതിനിടെ ആണ് മാല കണ്ടെത്തി എന്ന് പറഞ്ഞു വിവരം എത്തുന്നത്. താൻ ബാങ്കിലേക്ക് പോകും വഴി സ്റ്റെപ് കയറിയിരുന്നു. ആ സമയത്ത് നഷ്ടപെട്ടതാകാം എന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു.

കളഞ്ഞു കിട്ടിയ ലക്ഷങ്ങൾ വിലമതിക്കുന്ന ഡയമണ്ട് നെക്ലേസ് ഉടമയെ കണ്ടെത്തി തിരിച്ചു നൽകിയതോടെഹരിത കർമ സേനയുടെ സത്യസന്ധതയെ അഭിനന്ധിച്ച് നിരവധിപ്പേരെത്തിയെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എസ് നജീബ് മാധ്യമങ്ങളോട് പറഞ്ഞു. നഷ്ടപ്പെട്ടെന്ന് കരുതിയ മാല തിരിച്ചു കിട്ടിയപ്പോൾ അവർക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തത് ആണെനും നജീബ് പറഞ്ഞു. രണ്ടു ലക്ഷത്തോളം രൂപ വില മതിക്കുന്നതാണ് ഡയമണ്ട് ആഭരണം. പ്രസിഡൻ്റിൻ്റെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എസ് നജീബ്, മെമ്പർ ഫായിസ് ബീരിച്ചേരി എന്നിവരുടെയും സാന്നിധ്യത്തിൽ മാല ഉടമയെ തിരിച്ചേല്പിക്കുകയും ചെയ്തു. അങ്ങനെ ആധുനിക കാലത്ത് 'വജ്രത്തിളക്കമുള്ള' സത്യസന്ധരായി മാറിയിരിക്കുകയാണ് ഈ ഹരിത കർമ സേനാംഗങ്ങള്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News