ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ സൈനിക നീക്കത്തെത്തുടർന്ന് ഗൾഫ് മേഖല യുദ്ധഭീതിയിൽ
Dubai, 28 ഫെബ്രുവരി (H.S.) ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ സൈനിക നീക്കത്തെത്തുടർന്ന് ഗൾഫ് മേഖല യുദ്ധഭീതിയിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. ഇറാൻ്റെ തിരിച്ചടി ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായതോടെ ലക്ഷക്കണക്കിന് മല
MIDDLE EAST CRISIS


Dubai, 28 ഫെബ്രുവരി (H.S.)

ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ സൈനിക നീക്കത്തെത്തുടർന്ന് ഗൾഫ് മേഖല യുദ്ധഭീതിയിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. ഇറാൻ്റെ തിരിച്ചടി ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായതോടെ ലക്ഷക്കണക്കിന് മലയാളി പ്രവാസികളാണ് കടുത്ത ആശങ്കയിലും ഭീതിയിലുമായത്. യുഎഇയിലെ അബുദാബിയിലുണ്ടായ മിസൈൽ ആക്രമണവും ഒരാളുടെ മരണവും ഗൾഫിലെ മറ്റ് രാജ്യങ്ങളിലുള്ള മലയാളികൾക്കിടയിലും വലിയ നടുക്കമുണ്ടാക്കിയിട്ടുണ്ട്.

മിഡിൽ ഈസ്റ്റിലെ നിലവിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് വിവിധ രാജ്യങ്ങൾ വ്യോമാതിർത്തികൾ അടച്ചതോടെ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ പൂർണ്ണമായും താറുമാറായി. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇറാൻ, ഇറാഖ്, കുവൈറ്റ്, ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾ വ്യോമാതിർത്തികൾ അടച്ചതോടെ ഗൾഫ് മേഖലയിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CIAL) നിന്നുള്ള സർവീസുകൾ ഇതിനോടകം തന്നെ തടസ്സപ്പെട്ടു കഴിഞ്ഞു. കണ്ണൂർ എയർപോർട്ടിൽ നിന്ന് ദോഹയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യയുടെ ദുബായ്, ദോഹ സർവീസുകളും ഔദ്യോഗികമായി റദ്ദാക്കി. എയർ അറേബ്യയുടെ അബുദാബി വിമാനവും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. ഷാർജയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ബോർഡിംഗ് തടസ്സപ്പെടുകയും മസ്കറ്റിൽ നിന്നുള്ള ഒമാൻ എയർ വിമാനം വഴിതിരിച്ചുവിടുകയും ചെയ്തു. കൊച്ചിയിൽ നിന്നുള്ള എത്തിഹാദ് വിമാനം പുറപ്പെടുന്നത് താൽക്കാലികമായി നിർത്തിവെച്ചപ്പോൾ ദുബായിൽ നിന്നുള്ള ഇൻഡിഗോ വിമാനം റദ്ദാക്കി. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് അടുത്ത 24 മണിക്കൂറിലേക്കുള്ള തങ്ങളുടെ എല്ലാ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യയുടെ നാലും ഇൻഡിഗോയുടെ മൂന്നും സർവീസുകൾ റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ റിയാദ്, ദുബായ്, ദമാം സർവീസുകളും ഇൻഡിഗോയുടെ ജിദ്ദ, റിയാദ്, ദുബായ് സർവീസുകളുമാണ് നിലവിലെ സാഹചര്യത്തിൽ റദ്ദാക്കിയത്.

വ്യോമപാതകൾ പുനഃസ്ഥാപിക്കുന്നത് വരെ സർവീസുകളിൽ അനിശ്ചിതത്വം തുടരാനാണ് സാധ്യതയെന്ന് സിിയാൽ അധികൃതർ അറിയിച്ചു. എയർ ഇന്ത്യ, ബ്രിട്ടീഷ് എയർവേയ്സ്, ലുഫ്താൻസ, ഖത്തർ എയർവേയ്സ് ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികളെല്ലാം ഈ മേഖലയിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചു. വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുൻപായി യാത്രക്കാർ അതത് എയർലൈനുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ സമയവിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. സർവീസുകൾ റദ്ദാക്കിയത് കാരണം അവധിക്ക് നാട്ടിൽ പോകാനിരുന്നവരും തിരികെ ജോലിക്ക് കയറാനിരുന്നവരുമായ നൂറുകണക്കിന് മലയാളികളാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.

തങ്ങളുടെ കുടുംബാംഗങ്ങളെ ഫോണിലൂടെയും മറ്റും ബന്ധപ്പെട്ട് സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താനുള്ള നെട്ടോട്ടത്തിലാണ് നാട്ടിലുള്ളവർ. കുവൈറ്റിലെ പല ഭാഗങ്ങളിലും തുടർച്ചയായി സൈറണുകൾ മുഴങ്ങുന്നുണ്ടെന്നും ആകാശത്ത് മിസൈലുകൾ ആകാശത്തു വച്ചുതന്നെ നിർജീവമാക്കുന്നത് കാണാമെന്നും പ്രവാസികൾ വെളിപ്പെടുത്തി.

അബുദാബിയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് സമീപം താമസിക്കുന്നവർ വലിയ സ്ഫോടന ശബ്ദങ്ങൾക്കും പുകപടലങ്ങൾക്കും സാക്ഷ്യം വഹിക്കുകയാണ്. ഖത്തറിലും സമാനമായ സ്ഥിതിയാണെന്നും മൊബൈലുകളിൽ തുടർച്ചയായി അലർട്ട് സന്ദേശങ്ങൾ വരുന്നുണ്ടെന്നും റോഡുകൾ വിജനമാണെന്നും അവിടെയുള്ള മലയാളികൾ ആശങ്ക പങ്കുവെച്ചു. ഇസ്രയേലിലും ഇറാനിലും ജോലി ചെയ്യുന്ന മലയാളികൾ നിലവിൽ ബങ്കറുകളിലും സുരക്ഷിത കേന്ദ്രങ്ങളിലുമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഘർഷസാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം കേരളീയർക്കായി നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. സഹായം ആവശ്യമുളള കേരളീയർക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിലെ ഹെൽപ്പ് ഡെസ്ക് നമ്പറുകളായ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ഇന്ത്യയിൽ നിന്നുള്ള ടോൾ ഫ്രീ നമ്പർ) എന്നിവയിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇന്ത്യൻ പൗരന്മാർ അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നോർക്ക അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News