കുഞ്ഞുങ്ങളെ കൊന്ന് ക്രൂരത; ഇറാനില് സ്കൂളില് ആക്രമണം: 50ലേറെ പെണ്കുട്ടികള് കൊല്ലപ്പെട്ടു
Tehran, 28 ഫെബ്രുവരി (H.S.) ഇറാനില് പെണ്കുട്ടികള് മാത്രം പഠിക്കുന്ന പ്രൈമറി സ്കൂളിന് നേരെ നടത്തിയ ഇസ്രായേല്, യുഎസ് സംയുക്ത ആക്രമണത്തില് 51 കുട്ടികള് മരിച്ചു. തെക്കന് ഇറാനിലെ ഹോര്മോസ്ഗാന് പ്രവിശയിലുള്ള മിനാബ് നഗരത്തില് സര്ക്കാര് നടത്തുന്ന പെണ്കുട്
MIDDLE EAST TENSION


Tehran, 28 ഫെബ്രുവരി (H.S.)

ഇറാനില് പെണ്കുട്ടികള് മാത്രം പഠിക്കുന്ന പ്രൈമറി സ്കൂളിന് നേരെ നടത്തിയ ഇസ്രായേല്, യുഎസ് സംയുക്ത ആക്രമണത്തില് 51 കുട്ടികള് മരിച്ചു.

തെക്കന് ഇറാനിലെ ഹോര്മോസ്ഗാന് പ്രവിശയിലുള്ള മിനാബ് നഗരത്തില് സര്ക്കാര് നടത്തുന്ന പെണ്കുട്ടികളുടെ സ്കൂളിന് നേരെയാണ് ഇസ്രായേലിന്റെ ആക്രമണം ഉണ്ടായത്. ആദ്യം അഞ്ചു കുട്ടികള് മരിച്ചുവെന്ന റിപ്പോര്ട്ടുകളാണ് പുറത്തുവന്നത്. പിന്നീടാണ് ഇസ്രായേലിന്റെ ക്രൂരമായ ആക്രമണത്തിന്റെ കൂടുതല് നടുക്കുന്ന വിവരങ്ങള് പുറത്തുവന്നത്.

പകല് സമയത്ത് സ്കൂള് പ്രവര്ത്തിച്ചുകൊണ്ടിരുന്ന സമയത്താണ് വ്യോമാക്രമണം ഉണ്ടായത്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണങ്ങള് തുടരുന്നത്. ഇസ്രായേല്, യുഎസ്-ഇറാന് സംഘര്ഷം ആരംഭിച്ച ശേഷം ഇറാനില് നടക്കുന്ന ഏറ്റവും ആദ്യത്തെ സിവിലിയന് ആക്രമണമാണിത്.

ആക്രമണത്തില് 45 പേര്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന് സാധ്യതയുണ്ട്. ഇറാന്റെ അര്ദ്ധ സൈനിക വിഭാഗമായ റവല്യൂഷണറി ഗാര്ഡിന് ഈ മേഖലയില് ഒരു താവളമുണ്ട്. ഇത് ലക്ഷ്യമിട്ടാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണം എന്നാണ് സൂചന. ആക്രമണത്തില് സകൂള് കെട്ടിടങ്ങള് പൂര്ണമായും തകര്ന്നു. അമേരിക്കയിലെ യുദ്ധവിമാനങ്ങളും യുദ്ധത്തില് പങ്കെടുക്കുന്നുണ്ട്.

ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളിലും ഇസ്രായേലിന്റെയും അമേരിക്കയുടെയും വ്യോമക്രമണം തുടരുകയാണ്. ഇറാന് തലസ്ഥാനമായ ടെഹ്റാനിലും ശക്തമായ സ്ഫോടനങ്ങള് തുടരുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളില് നിന്നും നടുക്കുന്ന സ്ഫോടന ദൃശ്യങ്ങള് പുറത്തുവരുന്നുണ്ട്. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്ഗ് ദ്വീപിനടുത്തും സ്ഫോടനങ്ങള് റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്കൂള് ആക്രമണത്തില് മരണസംഖ്യ ഉയര്ന്നതോടെ പശ്ചിമേഷ്യയില് യുദ്ധഭീതി ശക്തമായിരിക്കുകയാണ്. രാജ്യത്തിന് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് ഇറാന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

ഗള്ഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങള് കേന്ദ്രീകരിച്ചാണ് ഇറാന്റെ ആക്രമണം തുടരുന്നത്. ബഹ്റൈന്, ഖത്തര്, യുഎഇ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങളാണ് ഇറാന് ലക്ഷ്യമിടുന്നത്. നിരവധി ഗള്ഫ് രാജ്യങ്ങളില് സ്ഫോടനങ്ങള് റിപ്പോര്ട്ട് ചെയ്യപ്പെട്ടതോടെ പ്രവാസികളും കടുത്ത ഭീതിയിലാണ്.

ഇറാനില് ഭരണമാറ്റം ലക്ഷ്യമിട്ടാണ് ആക്രമണം എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് അവകാശപ്പെടുന്നത്. ഇറാന് ആണവായുധ ശേഷി കൈവരിക്കുന്നത് യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ട്രംപിന്റെ വാദം. ഇറാന് പരമോന്നത നേതാവ് അലി ഖാംനഇയുടെയും പ്രസിഡന്റിന്റെയും ഓഫീസുകള് ലക്ഷ്യമിട്ടാണ് ആക്രമണങ്ങള് പ്രധാനമായും നടക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News