Enter your Email Address to subscribe to our newsletters

Thiruvananthapuram, 28 ഫെബ്രുവരി (H.S.)
പിരിച്ചുവിട്ട എം പാനലുകാരെ തിരിച്ചെടുക്കണമെന്നും ഇവർക്ക് മുൻകാല പ്രാബല്യത്തോടെ അർഹമായ 50 ശതമാനം സർവീസ് ആനുകൂല്യങ്ങൾ നൽകണമെന്നും ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ഉത്തരവിട്ടു. ട്രൈബ്യൂണലിൻ്റെ ഈ സുപ്രധാന വിധി കെഎസ്ആർടിസിക്ക് കനത്ത പ്രഹരമായി മാറും. കുറഞ്ഞത് ഒരു വർഷവും 249 ദിവസവും തുടർച്ചയായി ജോലി ചെയ്ത ശേഷം പിരിച്ചുവിടപ്പെട്ട എം പാനൽ ജീവനക്കാരെയാണ് ഈ ഉത്തരവ് പ്രകാരം തിരിച്ചെടുത്ത് ആനുകൂല്യം നൽകേണ്ടത്.
ട്രൈബ്യൂണൽ ജഡ്ജി സ്മിത ജാക്സൺ കെ ജെയാണ് കേസ് പരിഗണിച്ച് വിധി പ്രസ്താവിച്ചത്. 3500ൽ അധികം വരുന്ന എം പാനലുകാരെ തിരിച്ചെടുക്കാനും, ഇവരെ പിരിച്ചുവിട്ട അന്ന് മുതൽ പുനർനിയമനം നൽകുന്ന കാലയളവുവരെ 50 ശതമാനം വേതനം നൽകാനുമാണ് നിർദേശം. ജീവനക്കാരെ തിരിച്ചെടുക്കുന്നതിനെ ശക്തമായി എതിർത്ത കെഎസ്ആർടിസി, വിചാരണയ്ക്കിടെ എം പാനലുകാരുടെ വിവരങ്ങൾ ബോധപൂർവം മറച്ചുവച്ച് കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ചതിനെ ട്രൈബ്യൂണൽ രൂക്ഷമായി വിമർശിച്ചു.
179 ദിവസം പൂർത്തിയാകുമ്പോൾ പിരിച്ചുവിടും
2019ലെ കണക്കുകൾ പ്രകാരം 5526 ഷെഡ്യൂളുകളുള്ള കെഎസ്ആർടിസിക്ക് 5662 ബസുകളും 33146 ജീവനക്കാരുമാണുള്ളത്. ജീവനക്കാരുടെ ഈ കുറവ് പരിഹരിക്കുന്നതിനായി സ്ഥാപനം കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്ക്, അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ എം പാനലുകാരെ നിയമിച്ചാണ് പ്രവർത്തിച്ചുവന്നത്. 179 ദിവസം പൂർത്തിയാകുമ്പോൾ ഇവരെ പിരിച്ചുവിടുകയും ഒരു ദിവസം കഴിഞ്ഞ് വീണ്ടും നിയമനം നൽകുകയും ചെയ്യുന്ന രീതിയാണ് കെഎസ്ആർടിസി അവലംബിച്ചിരുന്നത്.
ഇതിനിടെ പിഎസ്സി ലിസ്റ്റിൽ ഉണ്ടായിരുന്ന ചിലർ ഹൈക്കോടതിയെ സമീപിച്ചതോടെ, നിലവിലുണ്ടായിരുന്ന എം പാനലുകാരെ പിരിച്ചുവിടാൻ കോടതി നിർദേശിച്ചു. അർഹമായ ആനുകൂല്യങ്ങളോ തൊഴിൽ ഉറപ്പോ ലഭിക്കാതെ വന്ന സാഹചര്യത്തിൽ, ഇവരോട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിനെ സമീപിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. തുടർന്ന് തൊഴിലാളികൾ കെഎസ്ആർടിസി വർക്കേഴ്സ് ഫെഡറേഷൻ എന്ന സംഘടന രൂപീകരിച്ച് ട്രൈബ്യൂണലിനെ സമീപിച്ചു. ഇതിനിടെ എട്ട് തൊഴിലാളികൾ നേരിട്ട് കോടതിയിൽ എത്തിയെങ്കിലും കേസ് തുടർന്നുനടത്താതെ പിന്മാറിയിരുന്നു.
യൂണിയനുമായി കെഎസ്ആർടിസി മാനേജ്മെൻ്റ് മുൻപ് കരാറിൽ ഏർപ്പെട്ട് തൊഴിലാളികളെ തിരിച്ചെടുക്കാമെന്ന് 2012ൽ ഉറപ്പുനൽകിയിരുന്നെങ്കിലും പിന്നീട് തുടർനടപടികൾ ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് യൂണിയൻ കോടതിയെ സമീപിച്ചത്. കേസിൽ യൂണിയനുവേണ്ടി അഭിഭാഷകനായ ലിജു വി സ്റ്റീഫനാണ് ഹാജരായത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR