നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ഘടകങ്ങൾ സമർപ്പിച്ച പ്രാഥമിക സ്ഥാനാർഥി പട്ടിക പരിശോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.
Thiruvananthapuram, 28 ഫെബ്രുവരി (H.S.) നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ഘടകങ്ങൾ സമർപ്പിച്ച പ്രാഥമിക സ്ഥാനാർഥി പട്ടിക പരിശോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. രണ്ടുതവണ വ്യവസ്ഥ നിർബന്ധമാക്കേണ്ടതില്ലെന്നും വിജയ സാധ്യതയാണ് പ്രധാന മാനദണ്
Kerala Assembly election


Thiruvananthapuram, 28 ഫെബ്രുവരി (H.S.)

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ഘടകങ്ങൾ സമർപ്പിച്ച പ്രാഥമിക സ്ഥാനാർഥി പട്ടിക പരിശോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. രണ്ടുതവണ വ്യവസ്ഥ നിർബന്ധമാക്കേണ്ടതില്ലെന്നും വിജയ സാധ്യതയാണ് പ്രധാന മാനദണ്ഡമായി കാണേണ്ടതെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകളും സീറ്റുമാറ്റങ്ങളും എത്രയും വേഗം തീർക്കാൻ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കണ്ണൂരിൽ കെ കെ ശൈലജയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് സെക്രട്ടറിയേറ്റ് അന്തിമ തീരുമാനം കൈക്കൊണ്ടില്ല. പേരാവൂരിൽ മത്സരിക്കാൻ തയാറാണെന്ന കെ കെ ശൈലജയുടെ അഭിപ്രായം അടുത്തുകൂടുന്ന സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചർച്ച ചെയ്യും. അടുത്തയാഴ്ച കുടുന്ന സംസ്ഥാന സമിതി സ്ഥാനാർഥി പട്ടികയ്ക്ക് അംഗീകാരം നൽകും.

ജില്ലാ ഘടകങ്ങളിൽ നിന്നുള്ള പ്രാഥമിക സ്ഥാനാർഥി പട്ടികയിൽ സിറ്റിങ് എംഎൽഎമാരാണ് കൂടുതലുമുള്ളത്. സംസ്ഥാന സെക്രട്ടറിയേറ്റിലെ നിരവധിപേരും പട്ടികയിലുണ്ട്. കൂടുതൽ ചർച്ചകളിലൂടെ അന്തിമ പട്ടിക രൂപീകരിക്കാനാണ് സെക്രട്ടറിയേറ്റ് തീരുമാനം. കെ കെ ശൈലജയെ മാറ്റിനിർത്തിയാൽ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടി ഉണ്ടാകുമെന്ന വിലയിരുത്തൽ സംസ്ഥാന നേതൃത്വത്തിനുണ്ട്. പേരാവൂരിൽ മത്സരിക്കാൻ തയാറാണെന്നാണ് കെ കെ ശൈലജ അറിയിച്ചിരുന്നത്. മട്ടന്നൂരിൽ വി കെ സനോജും തളിപ്പറമ്പിൽ പി കെ ശ്യാമളയും മത്സരിക്കുന്നതിൽ നേതൃത്വത്തിൽ എതിരഭിപ്രായമില്ല. സ്പീക്കർ എ എൻ ഷംസിറിന് ഇത്തവണ സീറ്റ് നൽകാൻ സാധ്യതയില്ല. തലശ്ശേരിയിൽ കാരായി രാജൻ തന്നെയാകും സ്ഥാനാർഥി. പി കെ ബിജുവും എ വിജയരാഘവനും മത്സരിക്കാൻ സാധ്യതയില്ല. കഴിഞ്ഞ തവണ മാറ്റി നിർത്തപ്പെട്ട ഇ പി ജയരാജൻ, തോമസ് ഐസക്ക്, ജി സുധാകരൻ, എ കെ ബാലൻ എന്നിവരും മത്സരിക്കാൻ സാധ്യതയില്ല.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ, മുതിർന്ന നേതാവ് ജി സുധാകരനെ മത്സരിപ്പിക്കുമോയെന്ന ചോദ്യത്തിന് പരിഹാസ രൂപേണയാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മറുപടി നൽകിയത്. 'ഓ... ഇല്ല' അതായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. കെ കെ ശൈശലജയുടെ കാര്യത്തിലും എല്ലാം പാർട്ടി പരിശോധിക്കുമെന്നല്ലാതെ മത്സരിക്കുമോ ഇല്ലയോയെന്ന് വ്യക്തമായ മറുപടി നൽകാൻ സംസ്ഥാന സെക്രട്ടറി തയാറായില്ല. സീറ്റുധാരണ സംബന്ധിച്ചു ഇന്നും നാളെയുമായി സിപിഐ നേതാക്കളുമായി സിപിഎം സംസ്ഥാന സെക്രട്ടറി ചർച്ച നടത്തും. മൂന്നാം തീയതിക്കു മുൻപായി ഇടതുമുന്നണിയിലെ സീറ്റു ചർച്ച പൂർത്തിയാക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ 10 സിറ്റിങ് എംഎൽഎമാരെത്തന്നെ ജില്ലാ സെക്രട്ടറിയേറ്റ് നിർദേശിച്ചിരുന്നു. ജില്ലാ സെക്രട്ടറിയായ വി ജോയിയും ഇതിൽപ്പെടും. അദ്ദേഹത്തിന് അനുമതി നൽകിയാൽ പകരം പുതിയ ജില്ലാ സെക്രട്ടറി വരും. മന്ത്രി വി ശിവൻകുട്ടി (നേമം), വി ജോയ് (വർക്കല), ഒ എസ് അംബിക (ആറ്റിങ്ങൽ), ഡി കെ മുരളി (വാമനപുരം), കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം), വി കെ പ്രശാന്ത് (വട്ടിയൂർക്കാവ്), ജി സ്റ്റീഫൻ (അരുവിക്കര), സി കെ ഹരീന്ദ്രൻ (പാറശാല), ഐ ബി സതീഷ് (കാട്ടാക്കട), കെ ആൻസലൻ (നെയ്യാറ്റിൻകര) എന്നിവർ പട്ടികയിലുണ്ട്. പാലക്കാടും സിറ്റിങ് എംഎൽഎമാർക്കെല്ലാം വീണ്ടും അവസരം നൽകാൻ ജില്ലയിൽ നിന്ന് ശുപാർശ ഉണ്ടായിരുന്നു. മലമ്പുഴയിൽ വി എസ്.അച്യുതാനന്ദൻ്റെ മകൻ വി എ അരുൺകുമാർ വരുമോ എന്ന് സംസ്ഥാന നേതൃത്വത്തിലെ ചർച്ചകൾ വ്യക്തമാക്കും. മന്ത്രി എം ബി രാജേഷ് (തൃത്താല), പി മമ്മിക്കുട്ടി (ഷൊർണൂർ), കെ പ്രേംകുമാർ (ഒറ്റപ്പാലം), കെ ശാന്തകുമാരി (കൊങ്ങാട്), എ പ്രഭാകരൻ (മലമ്പുഴ), പി പി സുമോദ് (തിരൂർ), ഡോ. പി സരിൻ (പാലക്കാട്), കെ പ്രേമൻ (നെന്മാറ), വി പൊന്നുക്കുട്ടൻ (ആലത്തൂർ) എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News