Enter your Email Address to subscribe to our newsletters

Thiruvananthapuram, 28 ഫെബ്രുവരി (H.S.)
ക്ഷേത്ര പൂജയ്ക്ക് എത്തിയ പതിനാലുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന ലൈംഗികമായി പീഡിപ്പിച്ച കേസില് കണ്ണമ്മൂല ബാലസുബ്രമണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ബിനീഷിന് ഇരട്ട ജീവപര്യന്തം. എറണാകുളം പറവൂർ മൂത്തകുന്ന് കണ്ടാംതറ വീട്ടിൽ നിന്നും തിരുവനന്തപുരം ചെല്ലമംഗലം ജനത റോഡ് ഭഗവതിമന്ദിരം വീട്ടിൽ താമസിച്ചു വരുന്ന ബാലപ്പൻ മകൻ 45 വയസുള്ള ബിനീഷിനെയാണ് തിരുവനന്തപുരം പോക്സോ കോടതി ശിക്ഷിച്ചത്.
ജില്ലാ ജഡ്ജി എം.പി.ഷിബു വിവിധ വകുപ്പുകളിലായി ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. 2019-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പരീക്ഷ പേടിയുണ്ടായിരുന്ന ഒൻപതാം ക്ലാസുകാരിയെ പൂജയ്ക്കായി മാതാവ് പൂജാരിയുടെ അടുക്കൽ എത്തിക്കുകയും പൂജാരി കുട്ടിയ്ക്ക് ബാധ ഏറ്റിട്ടുണ്ടെന്നും ബാധ ഒഴിപ്പിക്കുന്നതിലേക്കായി പ്രത്യേകം പൂജ ആവശ്യമാണെന്നും വ്യക്തമാക്കി.
ഇക്കാര്യം രക്ഷാകർത്താവിനെ ധരിപ്പിച്ച ശേഷം കുട്ടിയെ ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള പൂജാരിയുടെ പൂജാമുറിക്കുള്ളിൽ കൂട്ടികൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്നും കുട്ടിയുടെ പരീക്ഷ പേടി മാറാത്തതിനാൽ കുട്ടിയെ മാതാവ് അടുത്തുള്ള ഒരു മെൻ്റൽ എയ്ഡ് ക്യാമ്പിൽ കൊണ്ടുപോകുകയും അവിടുത്തെ ഡോക്ടറിനോട് കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയും ഡോക്ടർ പൊലീസിനെ അറിയിക്കുകയുമുണ്ടായി.
ഇതിനുപിന്നാലെ തിരുവല്ലം പൊലീസ് കേസെടുക്കുകയും വൈദ്യ പരിശോധനയ്ക്ക് കുട്ടിയെ ഹാജരാക്കുകയും ചെയ്തു. കുട്ടിയെ പരിശോധിച്ച തൈക്കാട്ട് ഹോസ്പിറ്റലിലെ ഡോക്ടർ. ആർ .ബിന്ദു കുട്ടിയുടെ ജനനേന്ദ്രിയത്തിനുള്ളിലെ മുറിപ്പാട് രേഖാചിത്രം സഹിതം റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. തുടർന്ന് പൂജാരിയുടെ പൂജാമുറി റെയ്ഡ് ചെയ്ത തിരുവല്ലം എസ് ഐ ആയിരുന്ന കെ എൽ സമ്പത്ത് അൻപത്തിയൊന്നു വ്യത്യസ്ത രൂപത്തിലുള്ള തടിപ്പാവകൾ കണ്ടെത്തി കോടതിയിൽ ഹാജരാക്കുകയുണ്ടായി.
കോടതിയിൽ കേസിൻ്റെ വിസ്താരമധ്യേ പെൺകുട്ടി അൻപത്തിയൊന്നു തടിപ്പാവകളിൽ (മരം കൊണ്ട് നിർമ്മിച്ച കളിപ്പാട്ടങ്ങള്) നിന്നും തന്നെ ഉപദ്രവിക്കാൻ പ്രതി ഉപേയാഗിച്ച തടിപ്പാവ പ്രത്യേകം തിരിച്ചറിഞ്ഞു. ആ തടിപ്പാവയുടെ രൂപവും ഡോക്ടറുടെ രേഖാചിത്രവും ഒരുപോലെ വന്നുവെന്ന ഒരു ഞെട്ടിക്കുന്ന തെളിവുകൂടി ഈ കേസിൽ ഉണ്ടായിരുന്നു. എന്നാൽ പ്രതിയെ രക്ഷപ്പെടുത്താനുള്ള നിലപാടാണ് ക്ഷേത്ര ഭാരവാഹികളുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് പൊലീസ് ആരോപിച്ചു.
തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലേക്ക് കേസ് മാറ്റുകയും ഇൻസ്പെക്ടർമാരായിരുന്ന കെ. എസ് അരുൺ, പി.ഹരിലാൽ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയുമുണ്ടായി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത്ത് പ്രസാദ്, അഭിഭാഷകരായ ബിന്ദു.വി.സി, ദുർഗ്ഗ. ആർ.സി എന്നിവരാണ് ഹാജരായത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR