തിരിച്ചുവരവിന് ശ്രമം തുടങ്ങി അരവിന്ദ് കെജ്രിവാള്; നാളെ ഡല്ഹിയില് എഎപി റാലി
New delhi, 28 ഫെബ്രുവരി (H.S.) ഡല്‍ഹി മദ്യനയക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജനപ്രീതി തിരികെ പിടിക്കാന്‍ ശ്രമം തുടങ്ങി എഎപി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ഇതിന്റെ ഭാഗമായി നാളെ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ആം ആദ്
kejarival


New delhi, 28 ഫെബ്രുവരി (H.S.)

ഡല്‍ഹി മദ്യനയക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജനപ്രീതി തിരികെ പിടിക്കാന്‍ ശ്രമം തുടങ്ങി എഎപി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ഇതിന്റെ ഭാഗമായി നാളെ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ആം ആദ്മി പാര്‍ട്ടി ജനകീയ റാലി സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു. ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും കേസിലെ പ്രതിയുമായിരുന്ന മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ മെഗാ റാലിയില്‍ പങ്കെടുക്കുമെന്നാണ് വിവരം.

ബിജെപിക്കെതിരെയുള്ള ഒരു യുദ്ധപ്രഖ്യാപനമായിട്ടാണ് നാളെ നടക്കാനിരിക്കുന്ന റാലിയെ പാര്‍ട്ടി കണക്കാക്കുന്നത്. കുറ്റവിമുക്തനാക്കപ്പെട്ട വിധി വന്നതിന് പിന്നാലെ 'ഡല്‍ഹിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ ധൈര്യമുണ്ടോയെന്ന്' കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വെല്ലുവിളിച്ചത് ഡല്‍ഹി രാഷ്ട്രീയത്തില്‍ ചര്‍ച്ചയായിരുന്നു. തിരിച്ചുവരവിനുള്ള കോപ്പുകൂട്ടുന്ന കെജ് രിവാളിന്റെ തുടര്‍നീക്കങ്ങള്‍ എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഡല്‍ഹി റൗസ് അവന്യൂ കോടതി വെള്ളിയാഴ്ചയാണ് കുറ്റവിമുക്തരാക്കിയത്. മദ്യനയവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയതിനോ കുറ്റം ചെയ്തതിനോ യാതൊരുവിധ തെളിവുകളുമില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. അന്വേഷണം നടത്തിയ സിബിഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി ഉന്നയിച്ചത്.

2021 നവംബറില്‍ ഡല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് 1000 കോടി രൂപയുടെ അഴിമതി നടന്നെന്നായിരുന്നു കെജ്രിവാളിനെതിരെയുള്ള പ്രധാന ആരോപണം. മദ്യക്കമ്പനികള്‍ക്ക് ഇളവുകള്‍ നല്‍കിയതിലൂടെ ലഭിച്ച കമ്മീഷന്‍ തുക ആം ആദ്മി പാര്‍ട്ടി ഉപയോഗിച്ചുവെന്ന ആരോപണങ്ങളും അക്കാലത്ത് ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ ബിജെപി രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചത് ഈ കേസായിരുന്നു. അരവിന്ദ് കെജ്രിവാള്‍ നേരിട്ട് പണം വാങ്ങിയെന്നും മനീഷ് സിസോദിയ ഇതിന് ഇടനിലക്കാരനായി നിന്നുവെന്നുമായിരുന്നു ബിജെപിയുടെ പ്രധാന ആരോപണം. കേസിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ ആം ആദ്മി പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയ്ക്ക് കനത്ത തിരിച്ചടിയുണ്ടാക്കിയിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News