മധ്യേഷ്യയിൽ യുദ്ധഭീതി; കേരളത്തിൽ സ്വര്ണവിലയ്ക്ക് തീപിടിച്ചു; ഇന്ന് മാത്രം വർദ്ധിച്ചത് 5,240 രൂപ!
kochi , 28 ഫെബ്രുവരി (H.S.) കൊച്ചി: പശ്ചിമേഷ്യയിൽ യു.എസ്– ഇറാന് സംഘര്ഷം മൂർച്ഛിച്ചതോടെ ആഗോള വിപണിയിലുണ്ടായ അസ്ഥിരത കേരളത്തിലെ സ്വര്ണ്ണവിലയിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കി. ശനിയാഴ്ച മാത്രം പവന് 5,240 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. രാവിലെയും ഉച്ച
മധ്യേഷ്യയിൽ യുദ്ധഭീതി; കേരളത്തിൽ സ്വര്ണവിലയ്ക്ക് തീപിടിച്ചു; ഇന്ന് മാത്രം വർദ്ധിച്ചത് 5,240 രൂപ!


kochi , 28 ഫെബ്രുവരി (H.S.)

കൊച്ചി: പശ്ചിമേഷ്യയിൽ യു.എസ്– ഇറാന് സംഘര്ഷം മൂർച്ഛിച്ചതോടെ ആഗോള വിപണിയിലുണ്ടായ അസ്ഥിരത കേരളത്തിലെ സ്വര്ണ്ണവിലയിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കി. ശനിയാഴ്ച മാത്രം പവന് 5,240 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണയായാണ് വിലയിൽ ഈ വൻ മാറ്റമുണ്ടായത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വര്ണത്തിന്റെ വില ചരിത്രത്തിലാദ്യമായി 1,23,000 കടന്നു.

വില വർദ്ധനവ് ഇങ്ങനെ

ശനിയാഴ്ച രാവിലെ വിപണി തുറന്നപ്പോൾ തന്നെ പവന് 2,320 രൂപ വർദ്ധിച്ച് 1,20,800 രൂപയിലെത്തിയിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം ഇറാന് നേരെ ആക്രമണമുണ്ടായെന്ന വാർത്തകൾ പുറത്തുവന്നതോടെ വില വീണ്ടും ഉയർന്നു. രണ്ടാമത്തെ വർദ്ധനവിൽ പവന് 2,920 രൂപ കൂടി വർദ്ധിച്ചതോടെ ആകെ വർദ്ധനവ് 5,240 രൂപയായി. നിലവിൽ ഒരു പവൻ സ്വർണ്ണത്തിന് 1,23,720 രൂപയാണ് സംസ്ഥാനത്തെ വില. ഗ്രാമിന് 365 രൂപ വർദ്ധിച്ച് 15,465 രൂപയിലെത്തി.

കനം കുറഞ്ഞ 18 കാരറ്റ് സ്വര്ണത്തിനും വലിയ വിലക്കയറ്റമുണ്ടായി. പവന് 2,400 രൂപ വർദ്ധിച്ച് 1,01,640 രൂപയിലെത്തി. ഗ്രാമിന് 300 രൂപ വർദ്ധിച്ച് 12,705 രൂപയാണ് ഇപ്പോഴത്തെ വില. വെള്ളി വില ഗ്രാമിന് 295 രൂപയായും ഉയർന്നു.

വാങ്ങുന്നവർക്ക് ഇരുട്ടടി

ഇന്നത്തെ വിപണി വിലയും പത്ത് ശതമാനം പണിക്കൂലിയും ജി.എസ്.ടിയും കണക്കാക്കിയാൽ ഒരു പവൻ സ്വർണ്ണാഭരണം വാങ്ങാൻ സാധാരണക്കാരൻ ഏകദേശം 1,40,174 രൂപയോളം ചിലവാക്കേണ്ടി വരും. ഫെബ്രുവരി മാസത്തിന്റെ തുടക്കത്തിൽ സ്വർണ്ണവില ഒരു ലക്ഷത്തിന് താഴേക്ക് പോകുമെന്ന സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും, മാസം അവസാനിക്കുമ്പോൾ രാജ്യാന്തര സാഹചര്യങ്ങൾ വിലയെ റെക്കോർഡുകളിലേക്ക് എത്തിച്ചിരിക്കുകയാണ്.

ആഗോള വിപണിയും യുദ്ധഭീതിയും

രാജ്യാന്തര വിപണിയിൽ സ്വര്ണ വില ഇന്നലെ മാത്രം 100 ഡോളറോളം വർദ്ധിച്ചാണ് വ്യാപാരം അവസാനിപ്പിച്ചത്. യു.എസ്– ഇറാന് സമാധാന ചർച്ചകൾ പരാജയപ്പെട്ടതും യുദ്ധം ഉറപ്പായതുമാണ് വിപണിയെ സ്വാധീനിച്ചത്. നിലവിൽ ട്രോയ് ഔൺസിന് 5,278.1 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

യുദ്ധസാഹചര്യങ്ങളിൽ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്ക് തിരിയുന്നത് (Safe Haven Demand) ഡിമാൻഡ് വർദ്ധിപ്പിക്കുന്നു. വരും ദിവസങ്ങളിൽ ട്രോയ് ഔൺസിന് 5,300 ഡോളർ കടക്കാനും കേരളത്തിൽ വില വീണ്ടും ഉയരാനും സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തിങ്കളാഴ്ച വിപണി തുറക്കുമ്പോഴും വിലയിൽ വർദ്ധനവുണ്ടാകാനാണ് സാധ്യത.

---------------

Hindusthan Samachar / Roshith K


Latest News