Enter your Email Address to subscribe to our newsletters

Kerala, 28 ഫെബ്രുവരി (H.S.)
ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ ഇന്ന് കേരളത്തില്‍ എത്തും. കോട്ടയത്താണ് ഉപരാഷ്ട്രപതിയുടെ പരിപാടി. ചങ്ങനാശേരി എസ്ബി കോളജിന്റെ ശതാബ്ദി സമാപന ചടങ്ങിലാണ് ഉപരാഷ്ട്രപതി എത്തുന്നത്. ഉച്ചയ്ക്ക് 3നു പെരുന്നയില്‍ എന്‍എസ്എസ് ഹിന്ദു കോളജ് ഗ്രൗണ്ടിലാണ് ഉപരാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങുന്നത്.
എന്‍എസ്എസ് ആസ്ഥാനത്തെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന് അനുമതി നിഷേധിച്ചത് വിവാദമായിട്ടുണ്ട്. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ പെരുന്നയിലെ സമാധി മണ്ഡപത്തില്‍ മുന്‍കൂര്‍ അനുമതി തേടാതെ അനുവദിക്കാനാവില്ലെന്നു ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
കോളജ് ഗ്രൗണ്ടും എന്‍എസ്എസിന്റെ ഗെസ്റ്റ് ഹൗസുമടക്കം ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനായി വിട്ടുകൊടുത്തിട്ടുണ്ട്. ഇതിനുള്ള മുന്‍കൂര്‍ അനുമതി എന്‍എസ്എസ് നേതൃത്വത്തില്‍നിന്നു വാങ്ങിയിരുന്നു. എന്നാല്‍, ക്ഷേത്രമാതൃകയില്‍ പരിപാലിക്കുന്ന മന്നം സമാധി മണ്ഡപത്തില്‍ സുരക്ഷാപരിശോധനയ്ക്കും ഡോഗ് സ്‌ക്വാഡിനും അനുമതി നല്‍കാനാവില്ലെന്നാണ് എന്‍എസ്എസിന്റെ നിലപാട്. 1996ല്‍ പ്രധാനമന്ത്രി പി.വി.നരസിംഹറാവു ചങ്ങനാശേരിയിലെത്തിയപ്പോഴും അന്നത്തെ സമുദായ നേതൃത്വം ഇതേ നയമാണു സ്വീകരിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ഇന്നലെ രാവിലെ മാത്രമാണ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനായി ഉപരാഷ്ട്രപതി അനുമതി തേടിയത് എന്നാണ് എന്‍എസ്എസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം. ഉപരാഷ്ട്രപതിയുടെ പരിപാടിയുടെ ഷെഡ്യൂളില്‍ 2.50ന് കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയതിന് ശേഷം 3 മണിക്ക് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് തൊട്ടടുത്തുള്ള എസ്ബി കോളേജില്‍ മൂന്നരക്കുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നത് എന്നാണുള്ളത്.
പക്ഷേ പരിപാടിയുടെ ഷെഡ്യൂള്‍ പുറത്തുവന്നതിന് ശേഷമാണ് പ്രോട്ടോക്കോള്‍ ഓഫീസറോട്, മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുവാദമില്ലെന്ന് അറിയിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും ഇങ്ങോട്ട് എത്താന്‍ കഴിയില്ലെന്നാണ് എന്‍എസ്എസ് നല്‍കുന്ന വിശദീകരണം.
---------------
Hindusthan Samachar / Sreejith S