Enter your Email Address to subscribe to our newsletters

Newdelhi, 01 മാര്ച്ച് (H.S.)
നിയമസഭ തെരഞ്ഞെടുപ്പ് വരുന്ന സംസ്ഥാനങ്ങളില് സഖ്യകക്ഷികളുമായി തീവ്രമായ സീറ്റ് പങ്കിടല് ചര്ച്ചകളുമായി കോണ്ഗ്രസ്. എന്ഡിഎയെ നേരിടാന് വിശാല പ്രതിപക്ഷ ഐക്യത്തിനാണ് കോണ്ഗ്രസ് ശ്രമം. അത് കൊണ്ട് തന്നെ വിട്ടുവീഴ്ചകള്ക്ക് ഒരുക്കമാണെന്ന സന്ദേശവും കോണ്ഗ്രസ് നല്കുന്നു. ഏപ്രില് മാസത്തിലാകും കേരളവും തമിഴ്നാടും അസാമും പശ്ചിമബംഗാളുമടക്കമുള്ള സംസ്ഥാനങ്ങളില് നിയമസഭാ തെരഞ്ഞെടുപ്പ്. മാര്ച്ച് ആദ്യവാരം തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായേക്കാം.
തമിഴ്നാട്
ദ്രാവിഡ മുന്നേട്ര കഴകം അഥവാ ഡിഎംകെ നയിക്കുന്ന സഖ്യത്തില് കോണ്ഗ്രസ് ഭാഗമാണ്. ഇവര് എന്ഡിഎയുമായി നേരിട്ട് ഏറ്റുമുട്ടുന്നു. അതേസമയം എന്ഡിഎ ചുവടുറപ്പിക്കാന് ശ്രമിക്കുന്ന കേരളത്തില് കോണ്ഗ്രസ് നയിക്കുന്ന ഐക്യജനാധിപത്യ മുന്നണിയും സിപിഎം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും തമ്മിലാണ് നേരിട്ട് ഏറ്റുമുട്ടുന്നത്.
ഓരോ തെരഞ്ഞെടുപ്പുകളും ഓരോ പുതിയ വെല്ലുവിളികളാണ്. അത് കൊണ്ട് തന്നെ അതിന് അനുസരിച്ചുള്ള താത്പര്യങ്ങളോടെയാണ് സഖ്യങ്ങള് രൂപീകരിക്കുന്നത്. തമിഴ്നാട്ടില് പ്രാദേശിക കക്ഷിയായ ഡിഎംകെ തന്നെയാണ് മുഖ്യ കക്ഷി. അത് കൊണ്ട് തന്നെ 2026ല് കൂടുതല് സീറ്റുകള് വേണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കാന് ഏറെ ബുദ്ധിമുട്ടായിരിക്കും.
എഐസിസിയുടെ ചുമതലയുള്ള ഗിരീഷ് ചോദന്കറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഡിഎംകെ നേതാക്കളുമായി ഇന്ന് സീറ്റ് പങ്കിടല് ചര്ച്ചകള് നടത്തിയത്. ചര്ച്ചയില് കോണ്ഗ്രസിന്റെ രണ്ട് സുപ്രധാന ആവശ്യങ്ങള്ക്ക് ഡിഎംകെ വഴങ്ങിയില്ലെന്നാണ് മാധ്യമ റിപ്പോര്ട്ടുകള്. 234 നിയമസഭ സീറ്റുകളില് 25 സീറ്റുകള് തങ്ങള്ക്ക് വേണമെന്നും അധികാരം പങ്കിടണമെന്നുമുള്ള ആവശ്യമായിരുന്നു കോണ്ഗ്രസ് മുന്നോട്ട് വച്ചത്.
എഐസിസിയുടെ സംഘടന ചുമതലയുള്ള കെ സി വേണുഗോപാല് ഫെബ്രുവരി 22ന് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കെ സി വേണുഗോപാല് കൂടിക്കാഴ്ച നടത്തിയിരുന്നു. നാല്പ്പത്തിയഞ്ച് സീറ്റുകള് വേണമെന്ന ആവശ്യമാണ് വേണുഗോപാല് മുന്നോട്ട് വച്ചത്. എന്നാല് അധികാരം പങ്കിടാന് തയാറാണെങ്കില് സീറ്റുകളുടെ എണ്ണത്തില് വിട്ടുവീഴ്ച ആകാമെന്നൊരു സൂചനയും വേണുഗോപാല് നല്കിയിരുന്നു. 2021ല് കോണ്ഗ്രസ് മത്സരിച്ച 25 സീറ്റും ഡിഎംകെ അന്ന് പരാജയപ്പെട്ട ഇരുപത് സീറ്റുമായിരുന്നു കോണ്ഗ്രസിന്റെ ആവശ്യം. കഴിഞ്ഞ തവണ 25 സീറ്റില് കോണ്ഗ്രസ് മത്സരിച്ചെങ്കിലും 19 സീറ്റേ നേടാനായുള്ളൂ. എന്നാല് 25ല് കൂടുതല് സീറ്റുകള് നല്കാന് ഡിഎംകെ തയാറല്ല. ചര്ച്ചകള് അവസാനിച്ചാല് മാത്രമേ കാര്യങ്ങളില് വ്യക്തത വരൂ എന്ന് ചോദന്കര് ഇടിവിയോട് പറഞ്ഞു.
അസം
അസമില് കോണ്ഗ്രസ്, ഇടത് കക്ഷികള്, രൈജോര് ദള്, അസം ജാതീയ പരിഷത്ത്, സര്വകക്ഷി ഹില് ലീഡേഴ്സ് കോണ്ഫറന്സ്, ജാതീയ ദള് അസോം,എന്നിവരുമായി സഖ്യം രൂപീകരിച്ചാണ് എന്ഡിഎയെ നേരിടുന്നത്. കോണ്ഗ്രസ് നിയമസഭ കക്ഷി നേതാവ് ദേബബ്രത സൈക്കിയ ആണ് സഖ്യകക്ഷികളുമായി സീറ്റ് പങ്കിടല് ചര്ച്ചകള് നടത്തുന്നത്.
അഖില് ഗൊഗോയുടെ രൈജോര് ദള് ഇതിനകം തന്നെ പതിനഞ്ച് സീറ്റുകള് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല് അഞ്ചോ ആറോ എന്നതാണ് കോണ്ഗ്രസിന്റെ നിലപാട്. കോണ്ഗ്രസ് നൂറ് സീറ്റില് മത്സരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പാര്ട്ടി വൃത്തങ്ങള് വ്യക്തമാക്കി. ബാക്കിയുള്ള ഇരുപത്താറ് സീറ്റുകള് സഖ്യകക്ഷികള്ക്ക് നല്കാനും ആലോചിക്കുന്നു. എന്നാല് സഖ്യകക്ഷികള് കൂടുതല് സീറ്റുകള് എന്ന ആവശ്യമാണ് മുന്നോട്ട് വയ്ക്കുന്നത്.
2021ല് കോണ്ഗ്രസിന് കേവലം 29 സീറ്റുകളില് മാത്രമേ വിജയിക്കാനായുള്ളൂ. ബിജെപിക്ക് അറുപത് സീറ്റുകള് കിട്ടി. എന്നാല് ഇക്കുറി സഖ്യത്തിലൂടെ ബിജെപിയ്ക്കെതിരെ മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമെന്നാണ് കോണ്ഗ്രസ് കണക്കുകൂട്ടുന്നത്. സഖ്യകാര്യത്തില് ഉടന് തീരുമാനമുണ്ടാകുമെന്നും അസമിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മനോജ് ചൗഹാന് ഇടിവി ഭാരതിനോട് പറഞ്ഞു.
സീറ്റ് ചര്ച്ചകള് പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം പാര്ട്ടി അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ അധ്യക്ഷത വഹിച്ച ഓണ്ലൈന് കോണ്ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്ഗാന്ധിയും ഈ യോഗത്തില് പങ്കെടുത്തു.
കാലേകൂട്ടി സ്ഥാനാര്ത്ഥികളെ പ്രഖ്യാപിക്കുന്നത് നേട്ടമാകുമെന്ന് വിലയിരുത്തിയ കോണ്ഗ്രസ് നാല്പ്പത് സീറ്റുകളില് ചര്ച്ച നടത്തുകയും മുപ്പത് സീറ്റുകളിലേക്കുള്ള സ്ഥാനാര്ത്ഥികളെ അംഗീകരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന് തെരഞ്ഞെടുപ്പ് തീയതികളില് പ്രഖ്യാപിച്ചാലുടന് തന്നെ പേരുകള് ഔദ്യോഗികമായി പ്രഖ്യാപിക്കും.
കേരളം
പാര്ട്ടിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റിയോഗം മാര്ച്ച് ഒന്നിന് വീണ്ടും ചേരും. കേരളത്തിലെ സ്ഥാനാര്ത്ഥികളുടെ പേരിന് അംഗീകാരം നല്കുമെന്നാണ് സൂചന. 140 നിയമസഭാ സീറ്റില് നൂറിലും കോണ്ഗ്രസാകും മത്സരിക്കുക. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാലുടന് തന്നെ ഇവിടെയും സ്ഥാനാര്ത്ഥികളുടെ പേരുകള് ഔദ്യോഗികമായി പ്രഖ്യാപിക്കും.
കേരളത്തില് ഐക്യജനാധിപത്യ മുന്നണി ശക്തമാണ്. സീറ്റ് പങ്കിടല് ചര്ച്ചകള് പുരോഗമിക്കുകയാണ്. ചിലയിടങ്ങളില് വ്യക്തത വരാനുണ്ട്. എത്രയും പെട്ടെന്ന് തന്നെ ഇത് പൂര്ത്തിയാക്കാനാകുമെന്നാണ് കരുതുന്നതെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി വി മോഹന് ഇടിവിഭാരതിനോട് പറഞ്ഞു.
കോണ്ഗ്രസ്, മുസ്ലീം ലീഗ്, കേരള കോണ്ഗ്രസ്(ജോസഫ്), ആര്എസ്പി, ചെറിയ പ്രാദേശിക കക്ഷികള്എന്നിവ അടങ്ങുന്നതാണ് ഐക്യജനാധിപത്യ മുന്നണി. ഇവിടെ 2016 മുതല് ഇവര് പ്രതിപക്ഷത്താണ്. രാഹുല് ഗാന്ധിയും വയനാട് എംപി പ്രിയങ്കാ ഗാന്ധി വാദ്രയും ഇവിടെ സന്ദര്ശനം നടത്തി കാര്യങ്ങള് വിലയിരുത്തിയിരുന്നു. ഇപ്പോല് ജില്ലാതല ഒരുക്കങ്ങള് വിലയിരുത്തി വരികയാണെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ബി എം സന്ദീപ് ഇടിവി ഭാരതിനോട് പറഞ്ഞു.
കേരളത്തില് പാര്ലമെന്റംഗങ്ങള്ക്ക് മത്സരിക്കാന് അനുവാദമില്ലെന്ന് കോണ്ഗ്രസ് വൃത്തങ്ങള് പറയുന്നുണ്ട്. എന്നാല് അസമില് ലോക്സഭാംഗങ്ങളാ്യ ഗൗരവ് ഗൊഗോയിയും രാകിബുള് ഹുസൈനും യഥാക്രമം ജൊര്ഹാത്, ധുബ്രി നിയമസഭ മണ്ഡലങ്ങളില് നിന്ന് ജനവിധി തേടിയേക്കും. ഗൊഗോയ് പാര്ട്ടി സംസ്ഥാന അധ്യക്ഷനാണ്. ഹുസൈനാകട്ടെ മുസ്ലീം സമുദായങ്ങള്ക്കിടയിലെ പ്രമുഖനേതാവും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR