വള്ളുവനാട്ടിലെ ചരിത്ര പ്രസിദ്ധമായ ഒറ്റപ്പാലം ചിനക്കത്തൂർ പൂരത്തിന് നാളെ കൊടിയേറും.
Palakkad, 01 മാര്ച്ച് (H.S.) വള്ളുവനാട്ടിലെ ചരിത്ര പ്രസിദ്ധമായ ഒറ്റപ്പാലം ചിനക്കത്തൂർ പൂരത്തിന് നാളെ കൊടിയേറും. സംസ്ഥാന ടൂറിസം കലണ്ടറിൽ ഇടം പിടിച്ചിട്ടുള്ള പൂരം വർണാഭമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. ഇന്നും നാളെയുമായി പതിനായിരങ്ങൾ പൂര നഗ
Chinakkattoor Pooram


Palakkad, 01 മാര്ച്ച് (H.S.)

വള്ളുവനാട്ടിലെ ചരിത്ര പ്രസിദ്ധമായ ഒറ്റപ്പാലം ചിനക്കത്തൂർ പൂരത്തിന് നാളെ കൊടിയേറും. സംസ്ഥാന ടൂറിസം കലണ്ടറിൽ ഇടം പിടിച്ചിട്ടുള്ള പൂരം വർണാഭമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. ഇന്നും നാളെയുമായി പതിനായിരങ്ങൾ പൂര നഗരിയിലേക്ക് ഒഴുകിയെത്തും. എഴുന്നള്ളിക്കുന്ന 16 കുതിര കോലങ്ങൾ തയ്യാറായിക്കഴിഞ്ഞു.

ഇന്നലെ വാദ്യമേളങ്ങളോട് കൂടി നിരവധി കലാകാരന്മാരുടെ സാന്നിധ്യത്തിൽ താലപ്പൊലി നടന്നിരുന്നു. വിവിധ ദേശങ്ങളിൽ ആനച്ചമയ പ്രദർശനവും നടക്കും. പൂരം ദിവസം രാവിലെ പൂതൻ -തിറ അനുഷ്ഠാന കലാരൂപങ്ങളുടെ കാവേറ്റത്തോടെ പൂരത്തിന് പെരുമകേട്ട ചിനക്കത്തൂരിൽ പൂരാരവങ്ങൾ മുഴങ്ങും. പഞ്ചാരിമേളത്തിന് ചെറുശേരി കുട്ടൻ മാരാർ നേതൃത്വം നൽകും. ഉച്ചകഴിഞ്ഞാണ് പ്രസിദ്ധമായ കുതിരകളി.

പിന്നീട് തേരും തട്ടിൻമേൽക്കൂത്തും കാളകളും എണ്ണമറ്റ കലാരൂപങ്ങളും ദേവീ സന്നിധിയിലെത്തും. പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ ഉച്ചയ്ക്ക് ഏഴ് ദേശങ്ങളിൽ നിന്നായി പുറപ്പെടുന്ന ആനപ്പൂരങ്ങൾ വൈകിട്ട് അഞ്ചിന് മൈതാനത്തിൽ കിഴക്കും പടിഞ്ഞാറുമായി അണിനിരക്കും.

ഇരു ചേരികളിൽ നിന്നുള്ളവരും മുഖാമുഖം അണിനിരക്കുന്നതോടെ പാണ്ടിമേളം തുടങ്ങും. പടിഞ്ഞാറൻ ചേരിയിൽ ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരും കിഴക്കൻ ചേരിയിൽ ചെറുശേരി കുട്ടൻ മാരാരും പഴുവിൽ രഘുമാരാരും മേളത്തിന് നേതൃത്വം നൽകും.

ഒറ്റപ്പാലം, പാലപ്പുറം, മീറ്റ്ന, എറക്കോട്ടിരി, പല്ലാര്മംഗലം, തെക്കന് മംഗലം, വടക്കുമംഗലം എന്നീ ദേശങ്ങളാണ് പൂരത്തില് പങ്കളികളാവുന്നത്. ഒറ്റപ്പാലം, പാലപ്പുറം, മീറ്റ്ന, എറക്കോട്ടിരി, പല്ലാര്മംഗലം ദേശങ്ങളിലെ 17 ഗജവീരന്മാര് പടിഞ്ഞാറന് ചേരിയിലാണ്. തെക്കുമംഗലം, വടക്കുമംഗലം ദേശങ്ങളിലെ 10 ആനകള് കിഴക്കന് ചേരിയിലും.

6.30ന് ആണ് വാശിയേറിയ കുടമാറ്റം.അത് കഴിഞ്ഞാണ് വിശ്വപ്രസിദ്ധമായ കുതിരകളി.കളി കഴിഞ്ഞു കുതിരകള് പന്തികളിലേക്കു പിന്വാങ്ങിക്കഴിഞ്ഞാല് പിന്നെ ദേവിയെ വണങ്ങാനെത്തുന്ന തേരും തട്ടിന്മേല്ക്കൂത്തും വഴിപാട് കുതിരകളും കാളകളും പൂരപ്പറമ്പ് കയ്യടക്കും.

ഘോഷയാത്രയോടെപ്പം ഭക്തര് വഹിക്കുന്ന കുതിരയുടേയും കാളയുടേയും രൂപങ്ങളും ഈ പൂരത്തിന് മാറ്റു കൂട്ടുന്നു. പകൽ പൂരം പൂർത്തിയായ ശേഷമാണ് വെടിക്കെട്ട് ഉണ്ടാവുക. രാത്രി വീണ്ടും പൂരം ആരംഭിക്കും. ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ പൂർത്തിയാകും. പഞ്ചവാദ്യം, പാണ്ടിമേളം, പുലികളി ഇവയൊക്കെ ചിനക്കത്തൂര് പൂരത്തിൻ്റെ സവിശേഷതകളാണ്.

പൂരം വെടിക്കെട്ടിനുള്ള ഹൈക്കോടതിയുടെ അനുമതി കൂടി ലഭിച്ചതോടെ കൂടുതൽ ഉത്സവ പ്രേമികൾ പൂരനഗരിയിലേക്ക് ഒഴുകിയെത്തും എന്നാണ് കണക്കുകൂട്ടൽ. പൂരത്തിൻ്റെ ഭാഗമായി നഗരസഭ, ലക്കിടി പേരൂർ പഞ്ചായത്ത് പരിധിയിൽ പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News