ഇറാനില് കുടുങ്ങിയത് മൂവായിരത്തിലേറെ ഇന്ത്യന് വിദ്യാര്ത്ഥികള്
Tehran, 01 മാര്ച്ച് (H.S.) ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില് ഏറ്റവും വലിയ ആശങ്ക ഇറാനില് കുടുങ്ങിക്കിടക്കുന്ന ഇന്ത്യന് വിദ്യാര്ത്ഥികളുടെ കാര്യത്തിലാണ്. ഇറാന് പരമോന്നത അലി ഖാംനഇ കൊല്ലപ്പെട്ടതോടെ സംഘര്ഷം ഗള്ഫ് മേഖ
Iran


Tehran, 01 മാര്ച്ച് (H.S.)

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില് ഏറ്റവും വലിയ ആശങ്ക ഇറാനില് കുടുങ്ങിക്കിടക്കുന്ന ഇന്ത്യന് വിദ്യാര്ത്ഥികളുടെ കാര്യത്തിലാണ്.

ഇറാന് പരമോന്നത അലി ഖാംനഇ കൊല്ലപ്പെട്ടതോടെ സംഘര്ഷം ഗള്ഫ് മേഖലയിലേക്കും വ്യാപിച്ചിരിക്കുകയാണ്. അമേരിക്കയുടെ പിന്തുണയോടെ കടുത്ത ആക്രമണമാണ് ഇസ്രായേല് ഇറാനെതിരേ നടത്തുന്നത്. ഇറാനും കടുത്ത തിരിച്ചടിയാണ് നല്കുന്നത്. ഇസ്രായേലിനെതിരേ മാത്രമല്ല, ഗള്ഫ് മേഖലയിലെ യുഎസ് താവളങ്ങളിലേക്കും ഇറാന് ആക്രമണം തുടരുകയാണ്. ഇറാനിലെ സാമൂഹിക അന്തരീക്ഷം ആകെ കലുഷിതമായ സാഹചര്യത്തില് അവിടെയുള്ള ഇന്ത്യന് വിദ്യാര്ത്ഥികളുടെ കാര്യമാണ് ആശങ്ക സൃഷ്ടിക്കുന്നത്.

ഇറാനില് കുടുങ്ങിക്കിടക്കുന്ന മൂവായിരത്തിലധികം ഇന്ത്യന് വിദ്യാര്ത്ഥികളെ നാട്ടിലെത്തിക്കാന് അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്. ഇവരില് ഭൂരിഭാഗവും ജമ്മു കശ്മീരില് നിന്നുള്ള മെഡിക്കല് വിദ്യാര്ത്ഥികളാണ്. അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നീക്കങ്ങളെത്തുടര്ന്ന് മേഖലയില് ഇന്റര്നെറ്റ്, വാര്ത്താവിനിമയ സംവിധാനങ്ങള് ഭാഗികമായി തടസപ്പെട്ടതോടെ വിദ്യാര്ത്ഥികള്ക്ക് തങ്ങളുടെ കുടുംബങ്ങളുമായി ബന്ധപ്പെടാന് കഴിയാത്ത അവസ്ഥയുമുണ്ട്. ഇതും പരിഭ്രാന്തി വര്ധിപ്പിക്കുന്നുണ്ട്.

ഇറാനിലെ വിദ്യാര്ത്ഥികളുടെ ഇന്ത്യയിലുള്ള ബന്ധുക്കളും വലിയ പരിഭ്രാന്തിയിലാണ്. ഇറാനില് ഏകദേശം 3000 ഇന്ത്യന് വിദ്യാര്ത്ഥികള് ഉണ്ടെന്നും അതില് 2000 പേരും കശ്മീരില് നിന്നുള്ളവരാണെന്നും ജമ്മു കശ്മീര് സ്റ്റുഡന്റ്സ് അസോസിയേഷന് അറിയിച്ചു. 1200 പേര് മെഡിക്കല് വിദ്യാര്ത്ഥികളാണ്. ഈ വിദ്യാര്ത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാന് അടിയന്തര പദ്ധതി തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്.

ഇറാനില് നിന്നുള്ള നിരവധി മെഡിക്കല് വിദ്യാര്ത്ഥികള് ഇതിനകം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഇറാനിലെ ആഭ്യന്തര സംഘര്ഷം മൂലം ഫെബ്രുവരി 23 ന് ടെഹ്റാനിലെ ഇന്ത്യന് എംബസി ഇന്ത്യന് പൗരന്മാരോട് ലഭ്യമായ മാര്ഗങ്ങളിലൂടെ രാജ്യം വിടാന് നിര്ദേശിച്ചിരുന്നു. തുടര്ന്നാണ് പലരും നാട്ടിലേക്കു മടങ്ങിയത്.

വിദ്യാര്ത്ഥികള്ക്ക് പുറമെ നൂറുകണക്കിന് വിമാന യാത്രക്കാരും വിവിധ ഗള്ഫ് വിമാനത്താവളങ്ങളില് കുടുങ്ങിക്കിടക്കുകയാണ്. പൂനെയിലെ ഇന്ദിര സ്കൂള് ഓഫ് ബിസിനസ് സ്റ്റഡീസിലെ 84 വിദ്യാര്ത്ഥികളും കര്ണാടകയില് നിന്നുള്ള 150 ഓളം സ്കൂള്-കോളജ് വിദ്യാര്ത്ഥികളും നിലവില് ദുബായില് കുടുങ്ങിയിട്ടുണ്ട്. വ്യോമപാതകള് അടച്ചതും വിമാനങ്ങള് റദ്ദാക്കിയതുമാണ് ഇവരുടെ മടക്കയാത്ര പ്രതിസന്ധിയിലാക്കിയത്. ഇറാനിലെ ഇന്ത്യന് എംബസി നേരത്തെ തന്നെ പൗരന്മാരോട് ജാഗ്രത പാലിക്കാനും അത്യാവശ്യമില്ലാത്ത യാത്രകള് ഒഴിവാക്കാനും നിര്ദ്ദേശിച്ചിരുന്നു. നിലവില് പത്തൊന്പതിനായിരത്തോളം ഇന്ത്യക്കാരാണ് ഇറാനില് താമസിക്കുന്നത്. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന് സര്ക്കാര് സ്ഥിതിഗതികള് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതര് വ്യക്തമാക്കി.

ഇറാനിലും മറ്റ് ഗള്ഫ് രാജ്യങ്ങളിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന് കേന്ദ്ര സര്ക്കാര് പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. നിലവില് മിഡില് ഈസ്റ്റിലെ സാഹചര്യം അസ്ഥിരമാണെന്നും വിമാനങ്ങള് പറത്തുന്നത് പോലും അപകടകരമായ അവസ്ഥയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രമന്ത്രിമാരുമായി ചര്ച്ച നടത്തി ഒഴിപ്പിക്കല് നടപടികള്ക്ക് വേഗം കൂട്ടുമെന്നും മുന്കാലങ്ങളിലെ യുദ്ധസാഹചര്യങ്ങളില് ചെയ്തതു പോലെ എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം, മിഡില് ഈസ്റ്റിലെ സാഹചര്യം കാരണം ഇന്ത്യയില് കുടുങ്ങിപ്പോയ വിദേശികള്ക്ക് വിസ കാലാവധി നീട്ടുന്നതിനായുള്ള നടപടികളും വിദേശകാര്യ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News