തിരുവനന്തപുരം സിപിഎമ്മിൽ തലമുറമാറ്റം; എ.എ. റഹീം പുതിയ ജില്ലാ സെക്രട്ടറി; വി. ജോയി വർക്കലയിൽ ജനവിധി തേടും
Trivandrum , 01 മാര്ച്ച് (H.S.) തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, തിരുവനന്തപുരം ജില്ലാ സിപിഎമ്മിൽ നിർണ്ണായകമായ നേതൃമാറ്റം. രാജ്യസഭാ എംപിയും ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ. റഹീമിനെ സിപിഎം തിരുവനന്തപുരം ജില്ലാ സെ
തിരുവനന്തപുരം സിപിഎമ്മിൽ തലമുറമാറ്റം; എ.എ. റഹീം പുതിയ ജില്ലാ സെക്രട്ടറി; വി. ജോയി വർക്കലയിൽ ജനവിധി തേടും


Trivandrum , 01 മാര്ച്ച് (H.S.)

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, തിരുവനന്തപുരം ജില്ലാ സിപിഎമ്മിൽ നിർണ്ണായകമായ നേതൃമാറ്റം. രാജ്യസഭാ എംപിയും ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ. റഹീമിനെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പാർട്ടി നിശ്ചയിച്ചു. നിലവിലെ ജില്ലാ സെക്രട്ടറി വി. ജോയി എംഎൽഎ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിൽ നിന്നും വീണ്ടും ജനവിധി തേടുന്ന സാഹചര്യത്തിലാണ് പാർട്ടിയുടെ ഈ നീക്കം.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ അധ്യക്ഷതയിൽ തലസ്ഥാനത്ത് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് റഹീമിനെ ഈ സുപ്രധാന സ്ഥാനത്തേക്ക് നിയോഗിക്കാൻ ധാരണയായത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പാർട്ടി സംവിധാനത്തെ കൂടുതൽ കരുത്തുറ്റതാക്കുന്നതിനുമായി റഹീമിന് താല്ക്കാലിക ചുമതലയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. മാർച്ച് ആറിന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

തിരുവനന്തപുരം ജില്ലയിൽ ഇടതുമുന്നണിക്ക് വലിയ പ്രാധാന്യമുള്ള വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ, വി. ജോയിയുടെ ജനപ്രീതിയും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും വിജയസാധ്യത വർദ്ധിപ്പിക്കുമെന്ന് പാർട്ടി വിലയിരുത്തുന്നു. വർക്കലയിൽ ജോയിയെ തന്നെ മത്സരിപ്പിക്കണമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെയും പ്രാദേശിക ഘടകങ്ങളുടെയും ഉറച്ച നിലപാട്. ഭരണത്തുടർച്ചയുടെ മൂന്നാം ഊഴം ലക്ഷ്യമിടുന്ന എൽഡിഎഫിന് തലസ്ഥാനത്തെ സീറ്റുകൾ നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ജോയിയെ വീണ്ടും തിരഞ്ഞെടുപ്പ് രംഗത്തിറക്കുന്നതിലൂടെ മണ്ഡലം സുരക്ഷിതമാക്കാമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.

വി. ജോയി മത്സരരംഗത്തേക്ക് മാറുന്നതോടെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വാമനപുരം എംഎൽഎ ഡി.കെ. മുരളിയുടെ പേരും പരിഗണനയിൽ വന്നിരുന്നു. എന്നാൽ വാമനപുരത്ത് മുരളി തന്നെ മത്സരിക്കേണ്ടത് അനിവാര്യമാണെന്ന പാർട്ടി തീരുമാനത്തെ തുടർന്നാണ് എ.എ. റഹീമിലേക്ക് നറുക്കുവീണത്. യുവനേതൃത്വത്തെ സംഘടനയുടെ തലപ്പത്തേക്ക് കൊണ്ടുവരുന്നത് തിരഞ്ഞെടുപ്പ് വേളയിൽ പാർട്ടിക്ക് ഊർജ്ജം പകരുമെന്ന് സംസ്ഥാന നേതൃത്വം കരുതുന്നു.

സിപിഎമ്മിന്റെ സ്ഥാനാർത്ഥി പട്ടികയും ഇതോടൊപ്പം ഏകദേശ രൂപമായിട്ടുണ്ട്. വി. ശിവൻകുട്ടി (നേമം), വി. ജോയ് (വർക്കല), കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം), വി.കെ. പ്രശാന്ത് (വട്ടിയൂർക്കാവ്), ഡി.കെ. മുരളി (വാമനപുരം), ഒ.എസ്. അംബിക (ആറ്റിങ്ങൽ), ജി. സ്റ്റീഫൻ (അരുവിക്കര), സി.കെ. ഹരീന്ദ്രൻ (പാറശാല), ഐ.ബി. സതീഷ് (കാട്ടാക്കട), കെ. ആൻസലൻ (നെയ്യാറ്റിൻകര) എന്നിവരാണ് പട്ടികയിലുള്ളത്.

ജില്ലയിലെ മുതിർന്ന നേതാക്കൾക്കൊപ്പം യുവനിരയെയും ഉൾപ്പെടുത്തി സന്തുലിതമായ ഒരു ടീമിനെയാണ് സിപിഎം ഇത്തവണ കളത്തിലിറക്കുന്നത്. ദേശീയ തലത്തിൽ ശ്രദ്ധേയനായ യുവനേതാവ് എന്ന നിലയിൽ എ.എ. റഹീമിന്റെ കടന്നുവരവ് പാർട്ടിക്കുള്ളിലും പൊതുസമൂഹത്തിലും വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുക്കാൻ പിടിക്കുന്നതിനൊപ്പം പാർട്ടിയെ സജ്ജമാക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് റഹീമിന് മുന്നിലുള്ളത്.

---------------

Hindusthan Samachar / Roshith K


Latest News