ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ ബിജെപിയിൽ; 'അഭിമാനത്തോടെ പറയും ഞാൻ സംഘിയാണെന്ന്'; നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് സൂചന
Trivandrum, 01 മാര്ച്ച് (H.S.) തിരുവനന്തപുരം: മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഡോ. റോബിൻ രാധാകൃഷ്ണൻ സജീവ രാഷ്ട്രീയത്തിലേക്ക്. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു
ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ ബിജെപിയിൽ; 'അഭിമാനത്തോടെ പറയും ഞാൻ സംഘിയാണെന്ന്'; നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് സൂചന


Trivandrum, 01 മാര്ച്ച് (H.S.)

തിരുവനന്തപുരം: മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഡോ. റോബിൻ രാധാകൃഷ്ണൻ സജീവ രാഷ്ട്രീയത്തിലേക്ക്. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് റോബിൻ പാർട്ടി മെമ്പർഷിപ്പ് കൈപ്പറ്റിയത്. നേരത്തെ തന്നെ ബിജെപി അനുകൂല നിലപാടുകൾ പരസ്യമായി പ്രകടിപ്പിച്ചിരുന്ന താരം, ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായി.

താൻ ഒരു 'സംഘി' ആണെന്ന് പറയുന്നതിൽ തനിക്ക് അഭിമാനമേയുള്ളൂ എന്ന് അംഗത്വം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ റോബിൻ വ്യക്തമാക്കി. നേരത്തെ ബിജെപി നേതാക്കൾക്കൊപ്പം സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചപ്പോൾ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ അത്തരം ഭീഷണികൾക്കൊന്നും താൻ വഴങ്ങില്ലെന്നും തന്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തിപരമായ ഇഷ്ടമാണെന്നും അദ്ദേഹം ആവർത്തിച്ചു. നരേന്ദ്ര മോദിയെ ലോകത്തിലെ ഏറ്റവും കരുത്തനായ നേതാക്കളിൽ ഒരാളായാണ് താൻ കാണുന്നതെന്നും ബിജെപിയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് തനിക്ക് പൂർണ്ണ യോജിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

കേരളം ബിജെപി ഭരിക്കുന്ന ഒരു കാലം വരുമെന്നും ആ മാറ്റത്തിന് തുടക്കം കുറിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും റോബിൻ കൂട്ടിച്ചേർത്തു. ബിജെപിയെയും പ്രധാനമന്ത്രിയെയും ഇഷ്ടപ്പെടുന്നതിൽ ആർക്കാണ് പ്രശ്നമെന്നും താൻ ആരുടെയും ഇഷ്ടങ്ങളെ ചോദ്യം ചെയ്യാൻ വരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റോബിൻ സംഘിയാണ്, ചാണകമാണ് എന്നൊക്കെ പരിഹസിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, അതെ ഞാൻ ഒരു അഭിമാനിയായ സംഘിയാണ് - റോബിൻ പറഞ്ഞു.

തിരുവനന്തപുരം സ്വദേശിയായ റോബിൻ ഡോക്ടർ എന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലുമാണ് യുവാക്കൾക്കിടയിൽ സ്വാധീനം ഉറപ്പിച്ചത്. ബിഗ് ബോസ് സീസൺ 4-ൽ പങ്കെടുത്തതോടെയാണ് റോബിന് വലിയ രീതിയിലുള്ള ആരാധക പിന്തുണ ലഭിച്ചു തുടങ്ങിയത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിലോ അല്ലെങ്കിൽ തിരുവനന്തപുരത്തെ ഏതെങ്കിലും സീറ്റിലോ റോബിനെ ബിജെപി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ.

സുരേഷ് ഗോപി തൃശൂരിൽ നേടിയ വിജയത്തിന് പിന്നാലെ ജനപ്രിയ മുഖങ്ങളെ അണിനിരത്തി വോട്ട് വിഹിതം വർദ്ധിപ്പിക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമായാണ് റോബിന്റെ ഈ രാഷ്ട്രീയ പ്രവേശം. ബിഗ് ബോസ് വിന്നർ അഖിൽ മാരാർ എൻഡിഎ സഖ്യകക്ഷിയായ ട്വന്റി-20-യിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് റോബിൻ നേരിട്ട് ബിജെപിയിൽ എത്തിയത് എന്നതും ശ്രദ്ധേയമാണ്. റോബിന്റെ രാഷ്ട്രീയ പ്രവേശം കേരളത്തിലെ യുവ വോട്ടർമാർക്കിടയിൽ ബിജെപിക്ക് എത്രത്തോളം ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

---------------

Hindusthan Samachar / Roshith K


Latest News