Enter your Email Address to subscribe to our newsletters

Newdelhi, 01 മാര്ച്ച് (H.S.)
ന്യൂഡൽഹി: ഇറാൻ, ഇസ്രായേൽ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, അവിടെയുള്ള മലയാളി പ്രവാസികൾക്ക് സഹായമെത്തിക്കുന്നതിനായി ന്യൂഡൽഹിയിലെ കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അടിയന്തര നടപടി. സംഘർഷബാധിത മേഖലകളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്കും അവരുടെ നാട്ടിലുള്ള ബന്ധുക്കൾക്കും വിവരങ്ങൾ കൈമാറുന്നതിനും സഹായം അഭ്യർത്ഥിക്കുന്നതിനും കൺട്രോൾ റൂമുമായി ബന്ധപ്പെടാം.
ഹെൽപ്പ് ലൈൻ നമ്പറുകൾ
ആവശ്യക്കാർക്ക് താഴെ പറയുന്ന നമ്പറുകളിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്:
-
011-23747079
-
011-23742320
-
+91-9310443880
ഏകോപനത്തിനായി ഉന്നത ഉദ്യോഗസ്ഥർ
റസിഡന്റ് കമ്മീഷണർ പുനീത് കുമാർ, അഡീഷണൽ റസിഡന്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ് എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കൺട്രോളർ എ.എസ് ഹരികുമാർ, ലെയ്സൺ ഓഫീസർ രാഹുൽ കെ. ജെയ്സ്വർ, നോർക്ക ഡെവലപ്മെന്റ് ഓഫീസർ ജെ. ഷാജിമോൻ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡൽഹി കേന്ദ്രീകരിച്ച് വിദേശകാര്യ മന്ത്രാലയവുമായും വിവിധ എംബസികളുമായും നിരന്തരം ആശയവിനിമയം നടത്തി മലയാളി പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് കൺട്രോൾ റൂമിന്റെ ലക്ഷ്യം.
എംബസികളുമായി സഹകരണം
വിവിധ ജി.സി.സി രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുമായി കേരള സർക്കാർ നിരന്തര സമ്പർക്കം പുലർത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ച് പുതിയ നിർദ്ദേശങ്ങൾ ഉടനടി പ്രവാസികളിലേക്ക് എത്തിക്കും. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ടിട്ടുണ്ട്:
-
അബുദാബി (യു.എ.ഇ): 800-46342 (ടോൾ ഫ്രീ), വാട്സ് ആപ്പ്: +971543090571
-
കുവൈറ്റ്: +96565501946
-
ഖത്തർ (ദോഹ): +974-55647502
-
ബഹ്റൈൻ: 0097339418071
ജാഗ്രതാ നിർദ്ദേശം
സംഘർഷമേഖലകളിൽ ഉള്ള മലയാളികൾ അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സർക്കാർ അറിയിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നുമാണ് നിർദ്ദേശം. ഗൾഫ് മലയാളികളുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഇടപെട്ട് മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമെങ്കിൽ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ പരിഗണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / Roshith K