Enter your Email Address to subscribe to our newsletters

Kalpetta, 01 മാര്ച്ച് (H.S.)
കൽപ്പറ്റ: ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി നിർമ്മിച്ച വയനാട് ടൗൺഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖിന് നേരെ ഒരു വിഭാഗത്തിന്റെ കൂക്കുവിളി. ചടങ്ങിൽ സ്വാഗത പ്രസംഗം നടത്തിയ ചീഫ് സെക്രട്ടറി എംഎൽഎയുടെ പേര് പരാമർശിച്ചപ്പോഴായിരുന്നു സദസ്സിൽ നിന്ന് കൂക്കുവിളിയുയർന്നത്. സംഭവം തനിക്ക് ഏറെ മനോവിഷമമുണ്ടാക്കിയെന്ന് ടി. സിദ്ദിഖ് പിന്നീട് പ്രതികരിച്ചു.
ടൗൺഷിപ്പ് നിർമ്മാണത്തിന് സർക്കാരിനെ സഹായിക്കരുതെന്ന് ചിലർ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗത്തിനിടെ സൂചിപ്പിച്ചു. ഈ സമയത്ത് സദസ്സിൽ നിന്ന് വലിയ രീതിയിലുള്ള കയ്യടികളുമുണ്ടായി.
തനിക്കെതിരെയുണ്ടായ കൂവൽ ആസൂത്രിതമാണെന്ന് സംശയിക്കുന്നതായി ടി. സിദ്ദിഖ് പറഞ്ഞു. ദുരിതബാധിതരാരും എന്നെ കൂവിയിട്ടില്ല, അവർ എനിക്ക് കയ്യടിക്കുകയാണ് ചെയ്തത്. ഈ സംഭവം വലിയ മനോവിഷമമുണ്ടാക്കി. ഇടപെടേണ്ടവർ യഥാസമയം ഇടപെട്ടില്ല, എംഎൽഎ കുറ്റപ്പെടുത്തി.
കൂടാതെ, റവന്യൂ മന്ത്രി കെ. രാജന്റെ പ്രസംഗത്തിലെ ചില പരാമർശങ്ങൾക്കെതിരെയും സിദ്ദിഖ് രംഗത്തെത്തി. കല്ലുമാത്രം ഇട്ട് പോകുന്നവരല്ല, കല്ലിന് മീതെ കല്ല് വെക്കുന്നവരാണ് ഞങ്ങൾ എന്ന മന്ത്രിയുടെ പരാമർശം ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദുരന്ത ഭൂമിയിൽ ഒരു തരത്തിലുള്ള വിഭാഗീയതയും ഉണ്ടായിരുന്നില്ലെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം നിൽക്കുകയാണ് താൻ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ മുറിവുകൾ ഉണക്കി വയനാട് പുതിയ ജീവിതത്തിലേക്ക് ചുവടുവെക്കുന്നു. ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ച അത്യാധുനിക ടൗൺഷിപ്പിൻ്റെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്കായി സമർപ്പിച്ചു. നിർമാണം പൂർത്തിയായ 178 വീടുകളുടെ താക്കോലും ഭൂമിയുടെ പട്ടയവുമാണ് ആദ്യഘട്ടത്തിൽ ഗുണഭോക്താക്കൾക്ക് കൈമാറിയത്. ഉദ്ഘാടനത്തിന് മുന്പായി ടൗണ്ഷിപ്പിലെ നിര്മാണം പൂര്ത്തിയായ വീടുകള് മുഖ്യമന്ത്രി സന്ദര്ശിച്ചു.
ഉദ്ഘാടന പ്രസംഗത്തിൽ അതിജീവനത്തിൻ്റെ കേരള മാതൃകയെ മുഖ്യമന്ത്രി പുകഴ്ത്തി. ഒറ്റ രാത്രികൊണ്ട് ഒരു നാട് തന്നെ ഇല്ലാതായ വലിയ യാതനയിൽ നിന്നാണ് നമ്മൾ ഈ അതിജീവനം കെട്ടിപ്പടുത്തത് അദ്ദേഹം പറഞ്ഞു. അടുത്ത മഴക്കാലത്തിന് മുൻപ് ദുരന്തബാധിതരായ മുഴുവൻ കുടുംബങ്ങളെയും സ്വന്തം വീടുകളിലേക്ക് മാറ്റുമെന്ന ഉറപ്പും മുഖ്യമന്ത്രി നൽകി.
ടൗണ്ഷിപ്പിൻ്റെ ആദ്യ ഘട്ടമാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ആദ്യഘട്ട ഗുണഭോക്താക്കളായി 178 കുടുംബങ്ങള്. അവര്ക്ക് അവരുടെ ഭൂമിയുടെ പട്ടയം നല്കുകയാണ്. ബാക്കിയുള്ള ഗുണഭോക്താക്കള്ക്കും ഏതാനും മാസങ്ങള്ക്കുള്ളില്തന്നെ വീട് കൈമാറുന്നതായിരിക്കും. അവരുടെ വീടുകളുടെ പണിയും അന്തിമ ഘട്ടത്തിലെത്തി നില്ക്കുകയാണ്. അടുത്ത മഴക്കാലത്തിനു മുന്പ് മുഴുവന് ദുതന്തബാധിതര്ക്കും സ്വന്തം വീടും ഭൂമിയും നല്കി പുനരധിവസിപ്പിക്കുന്നതിനുള്ള കര്മപദ്ധതിയാണ് തയാറാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോള് നാം ഓര്ക്കേണ്ട ഒരു കാര്യം ഒട്ടും എളുപ്പമായിരുന്നില്ല നമ്മുടെ യജ്ഞം എന്നതാണ്. അപ്രതീക്ഷിതമായി ഒറ്റ രാത്രികൊണ്ട് ഒരു നാട് തന്നെ ഇല്ലാതാകുന്ന അവസ്ഥ, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടുന്ന അവസ്ഥ, ജീവനോപാധികള് ഇല്ലാതാകുന്ന നില, ശാരീരികമായ അവശതകള് ഏറ്റുവാങ്ങേണ്ടി വന്നവര് അങ്ങനെ ഒട്ടേറെ യാതനകള് അനൂഭവിക്കുന്ന സഹോദരങ്ങളെയാണ് ആ ദുരന്തം ബാക്കിവച്ചത്. ഏതു നാടും പകച്ചു നിന്നു പോകുന്ന ഘട്ടമാണ്. ആ ഒരു അവസ്ഥയില് നിന്നാണ് നമ്മള് ആരംഭിക്കുന്നത്.
മരുന്ന് പല രോഗങ്ങള്ക്കും പരിഹാരമാണ്. പക്ഷേ മാനസികമായ വേദനകള്ക്ക് പരിഹാരമല്ല. ആ വേദനകളില് പരസ്പരം ആശ്വാസമാകാന് കഴിയും. പല നഷ്ടങ്ങളും നികത്താന് നമുക്ക് ആകില്ല. പക്ഷേ സാമീപ്യംകൊണ്ട് മനുഷ്യരെ ആ നഷ്ടത്തിൻ്റെ ആഘാതത്തില്നിന്ന് പതിയെ പുറത്തുവരാന് സഹായിക്കാന് കഴിയും. അതൊക്കയാണ് മനുഷ്യത്വത്തിൻ്റെ സവിശേഷത. ആ സവിശേഷതയാണ് മുണ്ടക്കൈ ചൂരല്മല അതിജീവനത്തില് കാണാന് കഴിഞ്ഞത്. സ്നേഹത്തിൻ്റെ, കാരുണ്യത്തിൻ്റെ, പാരസ്പര്യത്തിൻ്റെ കേരള മാതൃക ഒരിക്കല്ക്കൂടി ലോകം കണ്ടറിഞ്ഞു. അതായിരുന്നു ഈ അതിജീവനം. ഇവിടെ തടസങ്ങള് ഏറെ ഉണ്ടായി. വ്യാജപ്രചരണം മുതല് കേന്ദ്രസഹായ നിഷേധം വരെ. ദുരന്ത ബാധിതരെ തെറ്റിദ്ധരിപ്പിക്കാനും ചിലര് ശ്രമിച്ചു. കോടതി വ്യവഹാരങ്ങള് വേറൊരു ഭാഗത്തു നടന്നു.
ദുരന്ത ബാധിതര്ക്കൊപ്പം നില്ക്കാന് നാടും ജനങ്ങളും ഒന്നടങ്കം തയാറായി. നാട്ടില് നടന്ന രക്ഷാപ്രവര്ത്തനങ്ങളില് ഈ ഐക്യം പ്രകടമായിരുന്നു. വിദ്യാര്ഥികള്, യുവജനങ്ങള്, സന്നദ്ധ പ്രവര്ത്തകര്, ആംബുലന്സ് ഡ്രൈവര്മാര്, ഓഫ് റോഡ് ഡ്രൈവര്മാര് തുടങ്ങി കേരളത്തിൻ്റെ സമസ്ത മേഖലയിലുള്ളവര് രക്ഷാപ്രവര്ത്തനത്തില് കൈകോര്ത്തു. അതി വേഗം ക്യാമ്പുകള് സജ്ജമായി.
---------------
Hindusthan Samachar / Roshith K