വൈക്കത്ത് സണ്ണി എം. കപിക്കാട് സ്ഥാനാർത്ഥിയാകുമോ? കോൺഗ്രസിൽ ഭിന്നത രൂക്ഷം; ഡൽഹിയിൽ നിർണായക ചർച്ചകൾ
Newdelhi, 01 മാര്ച്ച് (H.S.) ന്യൂഡൽഹി/തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നതിനായി ഡൽഹിയിൽ നിർണായക യോഗങ്ങൾ പുരോഗമിക്കുന്നു. 50 മണ്ഡലങ്ങളിലെ ആദ്യ പട്ടിക ഉടൻ പുറത്തിറക്കാനാണ് പാർ
വൈക്കത്ത് സണ്ണി എം. കപിക്കാട് സ്ഥാനാർത്ഥിയാകുമോ? കോൺഗ്രസിൽ ഭിന്നത രൂക്ഷം; ഡൽഹിയിൽ നിർണായക ചർച്ചകൾ


Newdelhi, 01 മാര്ച്ച് (H.S.)

ന്യൂഡൽഹി/തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നതിനായി ഡൽഹിയിൽ നിർണായക യോഗങ്ങൾ പുരോഗമിക്കുന്നു. 50 മണ്ഡലങ്ങളിലെ ആദ്യ പട്ടിക ഉടൻ പുറത്തിറക്കാനാണ് പാർട്ടിയുടെ നീക്കമെങ്കിലും, വൈക്കം മണ്ഡലത്തിൽ പ്രമുഖ ദളിത് ചിന്തകനായ സണ്ണി എം. കപിക്കാടിനെ മത്സരിപ്പിക്കാനുള്ള നേതൃത്വത്തിന്റെ ആലോചന പാർട്ടിക്കുള്ളിൽ വലിയ ഭിന്നതയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങളുമായി ഡൽഹിയിൽ നടത്തുന്ന കൂടിക്കാഴ്ചകളിൽ വൈക്കം സീറ്റിലെ ഈ തർക്കം പ്രധാന ചർച്ചാവിഷയമാണ്.

വൈക്കം പിടിക്കാൻ സണ്ണി കപിക്കാട്

1991-ന് ശേഷം യുഡിഎഫിന് വിജയിക്കാൻ കഴിയാത്ത മണ്ഡലമാണ് വൈക്കം. നിലവിൽ സിപിഐ നേതാവ് സി.കെ. ആശയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. തുടർച്ചയായി ഇടതുപക്ഷം വിജയിക്കുന്ന ഈ സംവരണ മണ്ഡലത്തിൽ, ശക്തനായ ഒരു ദളിത് സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തി മണ്ഡലം തിരിച്ചുപിടിക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. സണ്ണി എം. കപിക്കാടിന്റെ വൈജ്ഞാനിക പശ്ചാത്തലവും ദളിത്-ആദിവാസി മേഖലകളിലുള്ള സ്വാധീനവും വോട്ടായി മാറുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

താൻ ഇടതുപക്ഷത്തിന്റെ ആളാണെന്ന പൊതുധാരണ തെറ്റാണെന്നും, ഭരണാധികാരികൾ മാറിമാറി വരണമെന്നതാണ് തന്റെ നിലപാടന്നും സണ്ണി എം. കപിക്കാട് മുൻപ് വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് നേതൃത്വവുമായി പ്രാഥമിക ചർച്ചകൾ നടത്തിയതായും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്.

പാർട്ടിക്കുള്ളിലെ എതിർപ്പും വെല്ലുവിളികളും

സണ്ണി എം. കപിക്കാടിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രാദേശിക കോൺഗ്രസ് നേതാക്കളിൽ നിന്ന് കടുത്ത എതിർപ്പാണ് ഉയരുന്നത്. ഗാന്ധിജിയെ ഉൾപ്പെടെ മുൻപ് വിമർശിച്ചിട്ടുള്ള ഒരാളെ കോൺഗ്രസ് ചിഹ്നത്തിലോ പിന്തുണയിലോ മത്സരിപ്പിക്കുന്നത് ശരിയല്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വാദം. ദശാബ്ദങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രാദേശിക നേതാക്കളെ മറികടന്ന് പുറത്തുനിന്നൊരാളെ കൊണ്ടുവരുന്നത് പ്രവർത്തകരുടെ ആത്മവീര്യം കെടുത്തുമെന്നും ഇവർ വാദിക്കുന്നു.

സംവരണ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിലെ ആശയക്കുഴപ്പം ഇപ്പോഴും തുടരുകയാണെന്ന് സ്ക്രീനിംഗ് കമ്മിറ്റി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വൈക്കത്തിന് പുറമെ മറ്റു ചില സംവരണ മണ്ഡലങ്ങളിലും ഒറ്റപ്പേരിലേക്ക് എത്താൻ പാർട്ടിക്കായിട്ടില്ല.

തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ

സിറ്റിംഗ് സീറ്റുകൾ, സംവരണ മണ്ഡലങ്ങൾ, തർക്കമില്ലാത്ത മണ്ഡലങ്ങൾ എന്നിങ്ങനെ 50 ഇടങ്ങളിലെ സ്ഥാനാർത്ഥികളെ ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. ഇതിനായി സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി എന്നിവരുമായാണ് കേരള നേതാക്കൾ ചർച്ച നടത്തുന്നത്. അടുത്തയാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി (CEC) യോഗം ചേർന്ന് പട്ടികയ്ക്ക് അന്തിമ അംഗീകാരം നൽകും.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടൻ പട്ടിക പുറത്തുവിടുമെന്ന് വി.ഡി. സതീശൻ അറിയിച്ചപ്പോൾ, കൃത്യമായ ചർച്ചകൾക്ക് ശേഷം മാത്രമേ പ്രഖ്യാപനം ഉണ്ടാവൂ എന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി.

വിസ്മയ സ്ഥാനാർത്ഥികൾ?

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തെ സൂചിപ്പിച്ച 'വിസ്മയ സ്ഥാനാർത്ഥികളിൽ' ഒരാളായിട്ടാണ് സണ്ണി എം. കപിക്കാടിനെ രാഷ്ട്രീയ കേരളം നോക്കിക്കാണുന്നത്. സണ്ണി കപിക്കാടിനെപ്പോലെയുള്ള സാമൂഹിക നിരീക്ഷകർ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത് ദളിത്-പിന്നോക്ക വോട്ടുകളുടെ സമാഹരണത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് യുഡിഎഫ് കരുതുന്നത്. എന്നാൽ ഇടത് സൈബർ ഇടങ്ങളിൽ ഇതിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു.

വൈക്കത്തെ ഈ 'പരീക്ഷണം' വിജയിക്കുമോ അതോ പാർട്ടിക്കുള്ളിലെ കലഹം സീറ്റ് നഷ്ടപ്പെടുത്തുമോ എന്നാണ് ഇനി അറിയേണ്ടത്.

---------------

Hindusthan Samachar / Roshith K


Latest News