പുലി പതുങ്ങുന്നതുപോലെ പാഞ്ഞടുത്തു; കണ്ണൂരിലെ കെഎസ് യു പ്രതിഷേധത്തിൽ നടുക്കം രേഖപ്പെടുത്തി മന്ത്രി വീണാ ജോർജ്
Pathanamthitta , 01 മാര്ച്ച് (H.S.) പത്തനംതിട്ട: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ് യു പ്രവർത്തകർ നടത്തിയ പ്രതിഷേധം തന്നെ ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ ആക്രമണമായിരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പതുങ്ങിയിരിക്കുന്ന പുലി ഇരയെ ആക്രമിക്കുന്നതുപോലെയാ
പുലി പതുങ്ങുന്നതുപോലെ പാഞ്ഞടുത്തു; കണ്ണൂരിലെ കെഎസ് യു പ്രതിഷേധത്തിൽ നടുക്കം രേഖപ്പെടുത്തി മന്ത്രി വീണാ ജോർജ്


Pathanamthitta , 01 മാര്ച്ച് (H.S.)

പത്തനംതിട്ട: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ് യു പ്രവർത്തകർ നടത്തിയ പ്രതിഷേധം തന്നെ ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ ആക്രമണമായിരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പതുങ്ങിയിരിക്കുന്ന പുലി ഇരയെ ആക്രമിക്കുന്നതുപോലെയാണ് പ്രതിഷേധക്കാർ തനിക്ക് നേരെ കുതിച്ചെത്തിയതെന്ന് മന്ത്രി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി അന്നുണ്ടായ ദുരനുഭവങ്ങൾ വിശദീകരിച്ചത്.

ആക്രമണത്തിന് സമാനമായ പ്രതിഷേധം

കണ്ണൂരിൽ രാജ്യാന്തര ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. സർക്കാരിലെ ചികിത്സാപ്പിഴവുകൾ ആരോപിച്ച് വിവിധയിടങ്ങളിൽ കരിങ്കൊടി പ്രതിഷേധങ്ങൾ നടക്കുന്നുണ്ടായിരുന്നു. എന്നാൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടത് അപ്രതീക്ഷിതവും ഭയപ്പെടുത്തുന്നതുമായ നീക്കങ്ങളായിരുന്നു. സ്റ്റേഷനിൽ എത്തിയപ്പോൾ ഫോണുമായി കുറച്ചുപേർ ചിത്രീകരിക്കാൻ നിൽക്കുന്നത് കണ്ടിരുന്നു. പ്ലാറ്റ്ഫോം ടിക്കറ്റ് കൗണ്ടർ കഴിഞ്ഞ് മുന്നോട്ട് നീങ്ങിയപ്പോഴാണ് പ്രതിഷേധക്കാർ സുരക്ഷാ വലയം ഭേദിച്ച് തനിക്ക് നേരെ കുതിച്ചതെന്ന് മന്ത്രി ഓർത്തെടുത്തു.

ആസൂത്രിതമായ നീക്കം

പൊലീസിന്റെ ശ്രദ്ധ തിരിക്കാൻ ഒരാൾ കരിങ്കൊടിയുമായി ആദ്യം മുന്നിലെത്തി. സ്വാഭാവികമായും സുരക്ഷാ ഉദ്യോഗസ്ഥർ അയാളെ തടയാൻ ശ്രമിക്കുമ്പോൾ, രണ്ടാമതൊരാൾ പതുങ്ങിനിന്ന് തനിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഒരു ജനപ്രതിനിധിയോടും സ്ത്രീയോടും കാണിക്കേണ്ട യാതൊരു മര്യാദയും അവിടെയുണ്ടായിരുന്നില്ല. കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യ രീതിയാണ്, എന്നാൽ ഇത് തന്നെ ശാരീരികമായി ഉപദ്രവിക്കാനുള്ള കുതിച്ചെത്തലായിരുന്നു, മന്ത്രി പറഞ്ഞു. പ്രതിഷേധത്തിൽ തന്റെ ശരീരത്തിന് നല്ല വേദനയുണ്ടായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ദൃശ്യങ്ങൾ വളച്ചൊടിച്ചു

പുറത്തുവന്ന ദൃശ്യങ്ങൾ പ്രതിഷേധക്കാർ തന്നെ പകർത്തിയതാണെന്നും അതിൽ അവരുടെ ഭാഗം മാത്രമാണ് കാണിച്ചിട്ടുള്ളതെന്നും മന്ത്രി കുറ്റപ്പെടുത്തി. എന്നിരുന്നാലും ആ ദൃശ്യങ്ങളിൽ പോലും ഒരാൾ സുരക്ഷാ വലയം ലംഘിച്ച് തനിക്കടുത്തേക്ക് വരുന്നത് വ്യക്തമാണ്. പ്രതിഷേധത്തെത്തുടർന്ന് കഴുത്തിന് പരിക്കേറ്റ മന്ത്രി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. ഇപ്പോൾ പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിലാണ് അവർ.

സംഭവവുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ കെഎസ് യു വലിയ തോതിലുള്ള പരിഹാസങ്ങളും പ്രതിഷേധങ്ങളും തുടരുകയാണ്. മന്ത്രിയുടെ അഭിനയത്തിന് അവാർഡ് നൽകുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം കെഎസ് യു സംസ്ഥാന കമ്മിറ്റി ട്രോഫിയും സെർവിക്കൽ കോളറും പാർസലായി അയച്ചിരുന്നു. എന്നാൽ മന്ത്രിക്കെതിരെയുള്ള ഈ അക്രമം ജനാധിപത്യ സംവിധാനത്തിന് ചേർന്നതല്ലെന്ന ഉറച്ച നിലപാടിലാണ് ഇടത് മുന്നണി. സംഭവത്തിൽ റെയിൽവേ പൊലീസ് മന്ത്രിയുടെ മൊഴി രേഖപ്പെടുത്താൻ തയ്യാറെടുക്കുകയാണ്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ നിയമനടപടികൾ ഉണ്ടായേക്കും.

---------------

Hindusthan Samachar / Roshith K


Latest News