Enter your Email Address to subscribe to our newsletters

Kalpetta, 01 മാര്ച്ച് (H.S.)
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകളിൽ നിന്ന് അതിജീവനത്തിന്റെ പുതുവഴിയിലേക്ക് ചുവടുവെച്ച് വയനാട്. ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമ്മിച്ച ടൗൺഷിപ്പിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചടങ്ങിൽ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായത് ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കൊച്ചു നൈസമോളും മുഖ്യമന്ത്രിയും തമ്മിലുള്ള ഹൃദ്യമായ നിമിഷങ്ങളായിരുന്നു.
സ്നേഹത്തണലിൽ നൈസമോൾ
ദുരന്തഭൂമി സന്ദർശിച്ച വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധ പിടിച്ചുപറ്റിയ നൈസമോൾ ഇക്കുറി മുഖ്യമന്ത്രിയുടെയും സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിനിടെ സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖാണ് നൈസയെ മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്തിച്ചത്. കുട്ടിയെ കണ്ട ഉടൻ തന്നെ മുഖ്യമന്ത്രി അവളെ അരികെ ചേർത്തുനിർത്തുകയും വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് മടിയിലിരുത്തി ലാളിക്കുകയും ചെയ്തു. റവന്യൂ മന്ത്രി കെ. രാജനും മുഖ്യമന്ത്രിയോടൊപ്പം നൈസയെ കൊഞ്ചിക്കാൻ കൂടി. ഉമ്മയോടൊപ്പം ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ട നൈസയ്ക്ക് ടൗൺഷിപ്പിലെ ആദ്യഘട്ട നറുക്കെടുപ്പിൽ തന്നെ പുതിയ വീട് ലഭിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ ആഘാതങ്ങൾക്കിടയിലും വിടർന്ന നൈസയുടെ പുഞ്ചിരി അതിജീവനത്തിന്റെ അടയാളമായി മാറി.
അടുത്ത മഴയ്ക്ക് മുൻപ് എല്ലാവർക്കും വീട്
ടൗൺഷിപ്പിൽ നിർമ്മാണം പൂർത്തിയാക്കിയ 178 വീടുകളുടെ താക്കോൽദാനവും പട്ടയ വിതരണവും മുഖ്യമന്ത്രി ചടങ്ങിൽ നിർവ്വഹിച്ചു. അടുത്ത കാലവർഷം എത്തുന്നതിന് മുൻപ് തന്നെ ദുരന്തബാധിതരായ മുഴുവൻ കുടുംബങ്ങൾക്കും വീട് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ബാക്കിയുള്ള ഗുണഭോക്താക്കൾക്ക് വരും മാസങ്ങളിൽ തന്നെ വീടുകൾ കൈമാറും. നാടിന്റെ കൂട്ടായ പരിശ്രമമാണ് ഈ ടൗൺഷിപ്പിന്റെ പൂർത്തീകരണത്തിന് പിന്നിലുള്ളത്. സമൂഹത്തിലെ നാനാതുറകളിലുള്ളവർ സഹായവുമായി മുന്നോട്ടുവന്നു. വാഗ്ദാനം നൽകിയ പലരും അത് കൃത്യമായി നിറവേറ്റി, മുഖ്യമന്ത്രി പറഞ്ഞു.
പുതിയ ജീവിതത്തിലേക്ക് ചുവടുവെച്ച് കുടുംബങ്ങൾ
ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സുരക്ഷിതമായ താമസസ്ഥലം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ടൗൺഷിപ്പ് നിർമ്മാണം വേഗത്തിലാക്കിയത്. ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച വീടുകൾ ദുരന്തബാധിതരുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷകൾ നൽകുന്നു. നൈസയെപ്പോലുള്ള കുട്ടികളുടെയും പ്രായമായവരുടെയും സുരക്ഷ ഉറപ്പാക്കുന്ന രീതിയിലാണ് ടൗൺഷിപ്പിലെ സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ മഹാദുരന്തത്തിൽ നിന്ന് കരകയറാൻ കേരളം ഒന്നടങ്കം നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് ഈ ടൗൺഷിപ്പ് സമർപ്പണമെന്ന് മന്ത്രി കെ. രാജൻ അഭിപ്രായപ്പെട്ടു. തദ്ദേശവാസികളും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്ത ചടങ്ങ് വയനാടിന്റെ പുനർനിർമ്മാണ പ്രക്രിയയിലെ നിർണ്ണായകമായ ഒരു ഘട്ടമായി മാറി. വരും മാസങ്ങളിൽ കൂടുതൽ വീടുകൾ പൂർത്തിയാക്കി മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ.
---------------
Hindusthan Samachar / Roshith K