ബാങ്ക് വായ്പകൾ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ചൂരൽമല ദുരന്തബാധിതർ
Wayanad, 10 മാര്ച്ച് (H.S.) ചൂരൽമലയിൽ സ്ഥിരതാമസക്കാരായ പലർക്കും ഇനിയും ബാങ്ക് വായ്പകൾ എഴുതി തള്ളിയിട്ടില്ലെന്നാരോപിച്ച് ദുരന്തബാധിതർ പ്രതിഷേധിച്ചു. വായ്പ എഴുതിത്തള്ളാത്തതിൽ പ്രതിഷേധിച്ച് ചൂരൽമല സ്വദേശികൾ കലക്ടറേറ്റിലേക്ക് ഇന്നലെ (മാർച്ച് 9) മാർച്ച
Chooralmala


Wayanad, 10 മാര്ച്ച് (H.S.)

ചൂരൽമലയിൽ സ്ഥിരതാമസക്കാരായ പലർക്കും ഇനിയും ബാങ്ക് വായ്പകൾ എഴുതി തള്ളിയിട്ടില്ലെന്നാരോപിച്ച് ദുരന്തബാധിതർ പ്രതിഷേധിച്ചു. വായ്പ എഴുതിത്തള്ളാത്തതിൽ പ്രതിഷേധിച്ച് ചൂരൽമല സ്വദേശികൾ കലക്ടറേറ്റിലേക്ക് ഇന്നലെ (മാർച്ച് 9) മാർച്ച് നടത്തി. മാനദണ്ഡങ്ങളുടെ പേരിൽ ചിലരെ മാത്രം ഒഴിവാക്കി നിർത്തിയെന്നാണ് ഇവരുടെ പരാതി.

ദുരന്തം നേരിട്ട് ബാധിച്ചിട്ടില്ലെങ്കിലും ദുരന്തത്തെ തുടർന്ന് തൊഴിലും ഉപജീവന മാർഗങ്ങളും നഷ്ടപ്പെട്ടവരാണ് സമരവുമായി രംഗത്തെത്തിയത്. ദുരന്തം നടന്ന ആദ്യ ഘട്ടത്തിൽ 10, 11, 12 വാർഡുകളിലെ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തി സഹായം നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നുവെങ്കിലും, പിന്നീട് കുറച്ച് ആളുകളെ മാത്രമാണ് പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് സമരക്കാർ ആരോപിച്ചു.

ഞങ്ങളെ ആരും പരിഗണിക്കുന്നില്ല. തുല്യ നീതി എല്ലാവർക്കും കിട്ടണം. ഞങ്ങൾ വളരെ വിഷമത്തിലാണ്. തൊഴിൽ നഷ്ടപ്പെട്ടു. ഇനി കിടക്കുന്ന ലോൺ തള്ളണം. 10,11,12 വാർഡുകൾക്ക് ഇനിയെങ്കിലും നീതി കിട്ടണം, എന്ന് പ്രദേശവാസി കദീജ പറയുന്നു. ഇപ്പോൾ ഞങ്ങൾക്ക് ചെയ്യാൻ ജോലിയൊന്നുമില്ല. ലോൺ അടയ്ക്കാൻ ഒരു നിവൃത്തിയും ഇല്ല. കുറച്ച് ആളുകളെ സർക്കാർ മാറ്റി നിർത്തിക്കുകയാണ്. ഒരു ആനുകൂല്യവും കിട്ടിയിട്ടില്ല, എന്ന് പ്രദേശവാസി രാധ പ്രതികരിച്ചു.

അതേസമയം ഒരു പരാതിയുമായി പോയാൽ നിങ്ങളുടെ ആരെങ്കിലും മരിച്ചിട്ടുണ്ടോ. അല്ലെങ്കിൽ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നാണ് അധികൃതർ ചോദിക്കുന്നത്. 6 ലക്ഷം രൂപയ്ക്ക് വച്ച ലോൺ ഇപ്പോൾ ഏഴ് ലക്ഷം രൂപയായി. ലോൺ അടയ്ക്കാൻ ഒരു മാർഗവുമില്ല. അതിനാൽ എത്രയും വേഗം ലോൺ എഴുതിത്തള്ളണം, എന്ന് പ്രദേശവാസി അജിത ആവശ്യപ്പെടുന്നു.

ദുരന്തം വരുന്നത് വരെ കൃത്യമായി ലോൺ അടച്ച് വരികയായിരുന്നു. എന്നാൽ ദുരന്തത്തിന് ശേഷം സാമ്പത്തിക ബുദ്ധിമുട്ട് കാരണം ലോൺ അടയ്ക്കാൻ സാധിച്ചില്ല. തന്നെയുമല്ല ഉരുൾപൊട്ടിയതിന് ശേഷം ഞങ്ങൾക്കൊന്നും ഒരു ആനുകൂല്യങ്ങളും കിട്ടിയിട്ടില്ല. ഇപ്പോൾ ഒറ്റപ്പെട്ടവരെപ്പോലെയാണ് കഴിയുന്നത്. ഞങ്ങളുടെ ലോൺ എത്രയും വേഗം എഴുതിത്തള്ളണം. ഇപ്പോൾ ലോൺ അടയ്ക്കാതെ ഇരട്ടി പലിശകളായി കിടക്കുകയാണ്, എന്ന് പ്രദേശവാസി ആസ്യ പറഞ്ഞു.

ഇന്നിവിടെ എത്തിയിരിക്കുന്നത് ചൂരൽമലയിലെ 300 ഓളം ആളുകളുടെ വായ്പ്പകൾ എഴുതിത്തള്ളണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ്. എല്ലാവരും അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്. കലക്ടർ ഞങ്ങളോട് സംസാരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ദുരന്തത്തിന് ശേഷം ഞങ്ങളെ ആരും തിരിഞ്ഞുപോലും നോക്കുന്നില്ല എന്നതാണ് ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം. ഇപ്പോൾ ഒരടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്, എന്ന് പ്രദേശവാസി സബിത പറഞ്ഞു. ഇതുവരെ നിരവധി പതാരികളും അപേക്ഷകളും നൽകി. എന്നാൽ ഇതുവരെ ഒരു നടപടിയും സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പക്ഷേ ഇതിനോടകം ഗവൺമെൻ്റിൻ്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല, എന്ന് നിമിഷയും ഉന്നയിച്ചു.

ദുരന്തബാധിത മേഖലയിൽ സർക്കാർ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ വായ്പകൾ നേരത്തെ തന്നെ എഴുതിത്തള്ളിയിരുന്നു. എന്നാൽ പട്ടികയിൽ നിന്ന് ഒഴിവായവരെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ലോൺ റിലീഫ് ഫോറത്തിൻ്റെ നേതൃത്വത്തിലാണ് കലക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചത്. ദുരന്തത്തിനുശേഷം ഉപജീവന മാർഗം പൂർണമായും നഷ്ടപ്പെട്ട പല കുടുംബങ്ങളും ആശങ്കയിലാണ്. ഇനിയും ഏകദേശം 130 ഓളം കുടുംബങ്ങളുടെ വായ്പകളാണ് എഴുതിത്തള്ളാനുള്ളതെന്ന് സമര സമിതി പറയുന്നു. തങ്ങളെയും സർക്കാർ ലിസ്റ്റിൽ ഉൾപ്പെടുത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് സമരക്കാരുടെ ആവശ്യം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News