Enter your Email Address to subscribe to our newsletters

Kozhikode, 10 മാര്ച്ച് (H.S.)
ഡബിള് ഡെക്കറിൽ ഇനി കോഴിക്കോട് ആസ്വദിക്കാം. വളരെ കുറഞ്ഞ ചെലവിൽ പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും നഗരത്തിൻ്റെ ഭംഗി ആസ്വദിക്കാനും സുഖമായി യാത്ര ചെയ്യാനും ഇതാ കെഎസ്ആർടിസി ഡബിള് ഡെക്കർ വന്നു. ഇതോടെ ഏറെ നാളത്തേ കാത്തിരിപ്പിന് തിരശീല വീഴുകയാണ്. കുറച്ചധികം പ്രത്യേകതകൾ ഉള്ള ബസ് കൂടിയാണിത്.
ഇന്ന് (മാർച്ച് 10) ആണ് കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം സെല്ലിൻ്റെ നേതൃത്വത്തിൽ ഡബിൾ ഡെക്കർ ബസ് സർവീസ് ആരംഭിച്ചത്. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ പിഎ മുഹമ്മദ് റിയാസാണ് ഫ്ലാഗ് ഓഫ് നിർവഹിച്ചത്. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നുമാണ് ഡബിൾ ഡെക്കർ ബസ് സർവീസ് നടത്തുന്നത്. പ്രകൃതി സൗഹൃദമായ ലോ ഫ്ലോർ ബസാണ് ഡബിൾ ഡെക്കർ ആക്കി മാറ്റിയത്. ഇലക്ട്രിക് ബസായ ഡബിള് ഡെക്കറിൻ്റെ താഴത്തെ നിലയിൽ ഏകദേശം 30 സീറ്റും മുകളിൽ 38 സീറ്റുമാണ് ഒരുക്കിയിട്ടുള്ളത്.
കോവിഡിന് ശേഷം ആരംഭിച്ച ഒരു പദ്ധതിയാണ് ബഡ്ജറ്റ് ടൂറിസം സെല്ല്. ഈ പദ്ധതിയുടെ ഭാഗമായാണ് ഈ ബസ് ലഭിച്ചത്. തിരുവനന്തപുരത്ത് ഉള്ള പോലെ ഓപ്പൺ ടെക്കായി ഇവിടെയും സർവീസ് നടത്തും. മഴ മുകളിൽ ഇരുന്ന് ആസ്വദിക്കാനും പറ്റും. ലോവർ അപ്പർ ബെർത്തിന് പ്രത്യേക നിരക്കാണ്. ഭാവിയിൽ കൂടുതൽ സ്ഥലങ്ങൾ കവർ ചെയ്യുമെന്ന് അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് ഓഫിസർ പ്രശോഭ് വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ കോഴിക്കോട് മാവൂർ റോഡ്, സരോവരം പാർക്ക്, മാനാഞ്ചിറ, കോഴിക്കോട് ബീച്ച്, എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക. വേനൽക്കാലത്ത് മാത്രമല്ല മഴക്കാലത്തും ഡബിൾ ഡെക്കർ ബസിൻ്റെ സർവീസ് ഉണ്ടാവും. മഴയുടെ വൈബ് ആസ്വദിക്കേണ്ടവർക്ക് മുകളിൽ ഇരുന്ന് ആസ്വദിക്കാം എന്ന പ്രത്യേകത കൂടി ഡബിൾ ഡെക്കർ ബസിലുണ്ട്. അത് മാത്രമല്ല, ബസിനുള്ളിൽ യാത്ര ചെയ്യുന്നവർക്ക് പാട്ടുപാടാനും ഡാൻസ് കളിക്കുന്നതിനും ഉള്ള എല്ലാ സംവിധാനങ്ങളും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്.
നിലവിൽ ബസിൻ്റെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിട്ടില്ല. ഒരാഴ്ചക്കുള്ളിൽ നിരക്ക് പ്രഖ്യാപിക്കും താഴെ യാത്ര ചെയ്യുന്നവർക്ക് നിരക്ക് അല്പം കൂടുതലാണെങ്കിൽ മുകളിലിരുന്ന് യാത്ര ചെയ്യുന്നവർക്ക് കുറവാണ്. മനോഹരമായ പച്ചനിറത്തിൽ ഉള്ള പെയിൻ്റാണ് ഡബിൾ ഡെക്കർ ബസിന് നൽകിയിരിക്കുന്നത്. അതിന് ഒത്ത നീല നിറത്തിലുള്ള സീറ്റ് കവറുകളും ഒരുക്കിയിട്ടുണ്ട്. ബസിനുള്ളിൽ കയറിയാൽ കുലുക്കം തീരെ അറിയാത്ത നിലയിൽ യാത്രക്കാർക്ക് യാത്ര ചെയ്യാൻ ആകും എന്നതും ഡബിൾഡക്കർ ബസിൻ്റെ സവിശേഷതയാണ്.
നിലവിൽ ഉച്ചക്ക് ശേഷമാണ് യാത്ര ആദ്യഘട്ടത്തിൽ ഉണ്ടാവുക. ഒരാഴ്ചയ്ക്കുള്ളിൽ ബസ് കോഴിക്കോടിൻ്റെ നഗര ഹൃദയങ്ങളിലൂടെ യാത്രക്കാരെയും വഹിച്ചുള്ള സർവീസ് ആരംഭിക്കും. ഉദ്ഘാടനത്തിന് ശേഷം മന്ത്രി റിയാസും മറ്റ് വിശിഷ്ട വ്യക്തികളെയും ഉൾപ്പെടുത്തി ആദ്യഘട്ടത്തിൽ സർവീസ് നടത്താൻ ഉദ്ദേശിക്കുന്ന ഭാഗങ്ങളിലൂടെ കന്നി യാത്രയും നടത്തി. കോഴിക്കോട് നഗര ഹൃദയത്തിലൂടെ കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് കന്നിയാത്ര നടത്തി ഒഴുകി നീങ്ങിയപ്പോൾ റോഡിൻ്റെ ഇരുവശത്തും കണ്ടുനിന്നവർ ഫോട്ടോയെടുത്തും വീഡിയോ ചിത്രീകരിച്ചും കൈവീശികാണിച്ചും ആദ്യ യാത്രയെ വേറിട്ടതാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR