സുധാകരൻ അടഞ്ഞ അധ്യായമോ? അനുനയനീക്കം ഉപേക്ഷിച്ച് സിപിഎം, പകരം 'നിരീക്ഷണം'
Thiruvananthapuram, 10 മാര്ച്ച് (H.S.) അംഗത്വം പുതുക്കാതെ പാർട്ടിയുമായി ഇടഞ്ഞുനില്ക്കുന്ന മുൻ മന്ത്രി ജി സുധാകരനുമായി സിപിഎം ഇനി അനുനയത്തിനില്ല. സുധാകരനുമായി ഇനി ചർച്ചയില്ലെന്നാണ് പാർട്ടി തീരുമാനം. പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം
G Sudhakaran


Thiruvananthapuram, 10 മാര്ച്ച് (H.S.)

അംഗത്വം പുതുക്കാതെ പാർട്ടിയുമായി ഇടഞ്ഞുനില്ക്കുന്ന മുൻ മന്ത്രി ജി സുധാകരനുമായി സിപിഎം ഇനി അനുനയത്തിനില്ല.

സുധാകരനുമായി ഇനി ചർച്ചയില്ലെന്നാണ് പാർട്ടി തീരുമാനം. പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം സംസാരിച്ചിട്ടും സുധാകരൻ വഴങ്ങാത്തതിനെ തുടർന്നാണ് ഈ തീരുമാനമെന്ന് സിപിഎം ആലപ്പുഴ ജില്ലാസെക്രട്ടറി ആർ. നാസർ വ്യക്തമാക്കി.

സിപിഎം തീരുമാനം പുറത്തുവന്നതോടെ അമ്പലപ്പുഴ മണ്ഡലത്തില് സുധാകരനെ പൊതുസ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള ശ്രമങ്ങള് കോണ്ഗ്രസ് സജീവമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കോണ്ഗ്രസ് നേതാക്കള് സുധാകരനുമായി നിരന്തരം ബന്ധപ്പെടുന്നതായാണ് വിവരം. സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തയാറായാല് യുഡിഎഫ് പിന്തുണ നല്കുമെന്ന ഉറപ്പു നല്കിയിട്ടുമുണ്ട്. സുധാകരൻ സ്വന്തം നിലയില് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ശേഷമായിരിക്കും യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കുക എന്നറിയുന്നു.

സുധാകരന്റെ തീരുമാനം അറിഞ്ഞ ശേഷം അമ്പലപ്പുഴ മണ്ഡലത്തിലെ സ്ഥാനാർഥിയെ തീരുമാനിക്കാം എന്ന നിലപാടിലാണ് കോണ്ഗ്രസ് ഇപ്പോഴുള്ളത്. ഈ രീതിയിലുള്ള സന്ദേശമാണ് സംസ്ഥാന നേതൃത്വം ജില്ലയിലെ നേതാക്കള്ക്ക് നല്കിയിട്ടുള്ളത്. സുധാകരൻ വിഷയം കത്തിത്തുടങ്ങിയപ്പോള് തന്നെ അമ്പലപ്പുഴ മണ്ഡലത്തില് മത്സരിപ്പിക്കാനായി സാധ്യതാ പട്ടികയില് ഉണ്ടായിരുന്ന നേതാക്കളോട് മറ്റെവിടെയെങ്കിലും പരിഗണിക്കേണ്ടതുണ്ടോയെന്നു നേതൃത്വം ആരാഞ്ഞിരുന്നു.

അതേസമയം, അമ്പലപ്പുഴ മണ്ഡലത്തില് സുധാകരൻ സ്വതന്ത്രനായി മത്സരിക്കാനും യു.ഡി.എഫ് പിന്തുണക്കാനുമുള്ള സാധ്യത മുന്നില്ക്കണ്ട് അദ്ദേഹത്തിന്റെ വീട് സി.പി.എം നിരീക്ഷിക്കുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. സുധാകരന്റെ വീട്ടിലെത്തുന്നവരുടെയും ചർച്ചകളുടെയുമൊക്കെ വിവരങ്ങള് പാർട്ടി പ്രാദേശിക ഘടകം വഴി ശേഖരിക്കുന്നതായാണ് വിവരം. കൂടാതെ സ്പെഷ്യല് ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നിരീക്ഷണമുണ്ടെന്നും സൂചനയുണ്ട്.

പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് സുധാകരൻ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിട്ട് ഒരാഴ്ച പോലും തികഞ്ഞിട്ടില്ല. തുടർന്ന് എം.വി.ഗോവിന്ദൻ, ആർ. നാസർ എന്നിവരടക്കമുള്ള നേതാക്കള് ഫോണിലൂടെ അനുരഞ്ജനശ്രമങ്ങള് നടത്തിയെങ്കിലും സുധാകരൻ വഴങ്ങിയില്ല. നേതാക്കള് പറയുന്നതെല്ലാം കേള്ക്കുകയും മറുപടി നല്കാതിരിക്കുകയുമാണ് ചെയ്തത്. തുടർന്ന് സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുടെ നിർദേശപ്രകാരം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാതയും സുധാകരന്റെ ബന്ധു കൂടിയായ ജില്ലാ സെക്രട്ടേറിയറ്റംഗം ജി. ഹരിശങ്കറും വീട്ടിലെത്തി അംഗത്വം പുതുക്കണമെന്ന് അഭ്യർഥിച്ചിരുന്നു.

ഒരു മണിക്കൂർ നീണ്ട ചർച്ചയില് അംഗത്വം പുതുക്കുക, സർക്കാർ പരിപാടികളില് പങ്കെടുക്കുക, തെരഞ്ഞെടുപ്പു പ്രവർത്തനവുമായി ബന്ധപ്പെട്ടു നല്കിയ ചുമതലകള് നിർവഹിക്കുക എന്നീ കാര്യങ്ങളാണ് അദ്ദേഹത്തോടാവശ്യപ്പെട്ടത്. എന്നാല്, സുധാകരന്റെ സമീപനം അനുകൂലമായിരുന്നില്ല. പാർട്ടി ബന്ധം ഉപേക്ഷിക്കില്ലെന്നും അനുഭാവിയായി തുടരുമെന്നും അവരെ അറിയിക്കുകയും ചെയ്തു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പാർട്ടിയില് നിന്ന് പിണങ്ങിയ സമയത്തുപോലും ഇല്ലാത്ത അനുനയ നീക്കമാണ് സുധാകരന്റെ കാര്യത്തില് സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായത്. എന്നാല്, ഇതിലൊന്നും അദ്ദേഹം വഴങ്ങാത്ത സാഹചര്യമാണ് ഇനി ചർച്ച വേണ്ടെന്ന നിലപാടെടുക്കാൻ പ്രേരണയായെതെന്നാണു സൂചന.

അതിനിടെ കുട്ടനാടിന്റെ സ്വപ്ന പദ്ധതിയായ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് പൊതുമരാമത്ത് മന്ത്രി റിയാസ് സുധാകരനെ ക്ഷണിച്ചിരുന്നെങ്കിലും അനാരോഗ്യം കാരണമായി പറഞ്ഞ് അദ്ദേഹം അതില്നിന്നും ഒഴിവായി. പാലം ഉദ്ഘാടനത്തിനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സുധാകരനെ നേരില്ക്കണ്ട് അനുനയിപ്പിക്കാൻ ശ്രമിക്കുമെന്ന് കരുതിയെങ്കിലും അതും നടന്നില്ല. പാലം ഉദ്ഘാടന ചടങ്ങിന്റെ ലൈവ് സംപ്രേക്ഷണത്തിന്റെ ലിങ്ക് സുധാകരന്റെ ഫേസ്ബുക്ക് പേജില് പ്രത്യക്ഷപ്പെട്ടപ്പോള് മഞ്ഞുരുകിയെന്ന് എല്ലാവരും കരുതിയതാണ്. പക്ഷേ, ആ ലിങ്ക് എഫ്.ബി.പേജില് നിന്ന് ഉടൻ തന്നെ സുധാകരൻ നീക്കുകയും ചെയ്തു.

സംസ്ഥാന കമ്മിറ്റിയില്നിന്ന് പ്രായപരിധിയുടെ പേരില് ഒഴിവാക്കിയപ്പോള് ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ചിലാണ് ഉള്പ്പെടുത്തിയത്, അവിടെ അഞ്ചുവർഷത്തോളം പ്രവർത്തിച്ചിട്ടും ഒരിക്കല്പ്പോലും ജില്ലാ സെക്രട്ടറി വിവരങ്ങള് അന്വേഷിച്ചില്ല, പൊതുപരിപാടികളിലേക്കു ക്ഷണിച്ചില്ല, അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിനും വിളിച്ചില്ല, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അപമാനിക്കുന്ന രീതിയില് സംസാരിച്ചു തുടങ്ങിയ കാരണങ്ങള് ചൂണ്ടിക്കാട്ടി പാർട്ടിയില് തുടർന്ന് നേതാക്കള്ക്കു ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് സുധാകരൻ എഫ്.ബി പോസ്റ്റില് വ്യക്തമാക്കിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News