Enter your Email Address to subscribe to our newsletters

Ernakulam, 10 മാര്ച്ച് (H.S.)
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരത്തെത്തുടർന്ന് ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടാൻ പാടില്ലെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം. സമരം കാരണം രോഗികൾക്കോ ആശുപത്രി ജീവനക്കാർക്കോ ഒരുതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്ന് കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.
ആശുപത്രികളിലേക്കുള്ള പ്രവേശന കവാടങ്ങൾ ഉപരോധിക്കാൻ പാടില്ല. ജോലിക്ക് വരാൻ താൽപ്പര്യമുള്ള നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കും പൊലീസ് മതിയായ സംരക്ഷണം നൽകണം. ആശുപത്രി പരിസരത്ത് യാതൊരുവിധ തടസ്സങ്ങളും ഉണ്ടാകാൻ പാടില്ല എന്നും കോടതിയുടെ കര്ശന നിര്ദേശമുണ്ട്. ജോലിക്ക് വരാൻ താൽപ്പര്യമുള്ള നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കും ആവശ്യമായ പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. സമരക്കാരായ സംഘടനകൾ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും പൊലീസ് നിർദേശിച്ചു.
സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകളുടെ സംഘടന നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സമരത്തിൽ എസ്മ പ്രയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് മാനേജ്മെൻ്റുകൾ ഹൈക്കോടതിയെ സമീപിച്ചത്.
അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി വർധിപ്പിക്കുക, ഡ്യൂട്ടി ഷിഫ്റ്റിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാർ സമരം ചെയ്യുന്നത്. അവകാശങ്ങൾ നേടിയെടുക്കാനുള്ള സമരത്തിനിടയിലും രോഗികളുടെ ചികിത്സ മുടങ്ങരുതെന്ന നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.
കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് ശമ്പള വര്ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്നത്. നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി പണിമുടക്കുന്നത്. വർധിച്ചുവരുന്ന ജീവിതച്ചെലവിനനുസരിച്ച് വേതനം വർധിപ്പിക്കുക, ജോലിഭാരം കുറയ്ക്കുന്നതിന് സ്റ്റാഫ് ലെവലുകൾ മെച്ചപ്പെടുത്തുക, മെച്ചപ്പെട്ട രോഗി-പരിചരണ അനുപാതം, യൂണിയൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ ഏകപക്ഷീയമായി പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
അതേസമയം സമരം പൂർണമാണെങ്കിലും രോഗികളുടെ ജീവന് ഭീഷണിയാകുന്ന നടപടികൾ ഉണ്ടാകില്ലെന്ന് സംഘടന വ്യക്തമാക്കിയിരുന്നു. കാഷ്വാലിറ്റി, തീവ്രപരിചരണ വിഭാഗം (ഐസിയു), വെൻ്റിലേറ്റർ യൂണിറ്റുകൾ, ഡയാലിസിസ് സെൻ്ററുകൾ, ലേബർ റൂം, അത്യാവശ്യ ജീവൻരക്ഷാ ശസ്ത്രക്രിയകൾ എന്നിവയെ സമരത്തിൽനിന്ന് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
യുഎൻഎയുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ടറേറ്റിനു മുമ്പിൽ നടത്തിവരുന്ന സമരം വീണ്ടും ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്. സമരത്തില് ഉള്പ്പെട്ട നഴ്സുമാരെ തിരിച്ചെടുക്കുമെന്ന് യുഎൻഎയുമായ നടത്തിയ ചർച്ചയിൽ അറിയിച്ചിരുന്നു. എന്നാൽ ഇത് പിന്നീട് മാനേജ്മെൻ്റ് പ്രതിനിധികൾ പൂര്ണമായും നിഷേധിച്ചതോടെയാണ് നഴ്സുമാർ ഇന്നും അതിരാവിലെ മുതൽ കോഴിക്കോട് കലക്ടറേറ്റ് കവാടത്തിനു കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR