Enter your Email Address to subscribe to our newsletters

Thiruvananthapuram, 10 മാര്ച്ച് (H.S.)
മന്ത്രി കെ.ബി. ഗണേഷ്കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉയർത്തിയ ഗുരുതര ആരോപണങ്ങളെത്തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധി ഒഴിവാകുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാൽ, മന്ത്രി മാപ്പു പറഞ്ഞതോടെ പരാതി പിൻവലിക്കുകയാണെന്നും തങ്ങൾ ഒത്തുതീർപ്പിലെത്തിയെന്നും ബിന്ദു മേനോൻ വ്യക്തമാക്കിയതോടെ പ്രശ്നം അവസാനിക്കുകയാണ്. രാവിലെ നടന്ന മന്ത്രിസഭാ യോഗത്തിൽ മന്ത്രി കെ.ബി. ഗണേഷ്കുമാർ പങ്കെടുത്തു.
ഭാര്യയുടെ പരാതി മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല. പരാതിയും കേസും ഇല്ലാത്തതിനാൽ മന്ത്രി രാജിവയ്ക്കില്ല. കൊട്ടാരക്കര വാളകത്തെ വസതിയിൽ മന്ത്രിയെ അസ്വാഭാവിക സാഹചര്യത്തിൽ കണ്ടെന്നാണ് ഭാര്യ വെളിപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ ആരോപണമാണിതെന്നും ഇതിനു പിന്നിൽ കോൺഗ്രസാണെന്നും ഗണേഷ് കുമാർ പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ നടന്ന സംഭവം തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് വിവാദമായത്. തുടർന്ന് വിഷയം പ്രതിപക്ഷം ഏറ്റെടുത്തു. ബിന്ദു മേനോൻ മാധ്യമങ്ങൾക്കു മുന്നിലെത്തി പരസ്യമായി പരാതി ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് മന്ത്രിക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, മന്ത്രിയുടെ രാജി സി.പി.എം. ആവശ്യപ്പെടുമെന്ന അഭ്യൂഹവും ശക്തമായി. അതിനിടയിൽ, സി.പി.ഐയും മന്ത്രിയെ തള്ളി അഭിപ്രായം പ്രകടിപ്പിച്ചു. രാവിലെ വാളകത്തെ വീട്ടിൽനിന്നും ഗണേഷ്കുമാർ മന്ത്രിസഭാ യോഗത്തിനു പോകുന്നതിനു മുൻപ് പ്രശ്നം പരിഹരിച്ചതായാണു സൂചന.
ഗണേഷ്കുമാർ തന്നോട് മാപ്പ് പറഞ്ഞതോടെ പ്രശ്നം അവസാനിച്ചതായി ബിന്ദു മേനോൻ രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചു. ഉണ്ടായത് കുടുംബപ്രശ്നമാണെന്നും അത് പരിഹരിക്കപ്പെട്ടതായും മന്ത്രിയും അറിയിച്ചു. അതിനുശേഷമാണ് ഗണേഷ്കുമാർ മന്ത്രിസഭാ യോഗത്തിനെത്തിയത്. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ഗണേഷ്കുമാറിനെ പാർട്ടി പ്രവർത്തകർ സ്വീകരിച്ചു. രാജിവയ്ക്കില്ലെന്ന് ഗണേഷ്കുമാർ വ്യക്തമാക്കി. കിഴക്കേകോട്ടയിൽ കെ.എസ്.ആർ.ടി.സിയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രിയെ ജീവനക്കാരും മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്. ഇതെല്ലാം മാധ്യമങ്ങളുടെ ഊഹാപോഹങ്ങൾ മാത്രമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കുടുംബപ്രശ്നം പരിഹരിക്കപ്പെട്ടെങ്കിലും പ്രതിപക്ഷം ഈ വിഷയം കൈവിട്ടിട്ടില്ല. ഗാർഹിക പീഡനത്തിൽ സർക്കാർ സ്വമേധയാ കേസെടുക്കണമെന്നും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജിവയ്ക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ശനിയാഴ്ച നടന്ന സംഭവങ്ങൾ
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. വാളകത്തെ വീട്ടിലേക്ക് ഗണേഷ് കുമാറിന്റെ ഭാര്യ അറിയിപ്പില്ലാതെ എത്തുകയായിരുന്നു. വീട്ടിലെത്തി മുറി തുറന്നപ്പോൾ അവിടെ ഗണേഷ് കുമാറിനൊപ്പം മറ്റൊരു യുവതിയെ കണ്ടുവെന്നും ഇതിന്റെ തെളിവ് തന്റെ കൈവശമുണ്ടെന്നുമാണ് ബിന്ദു മേനോൻ പറഞ്ഞത്. തുടർന്ന് തന്നെ മുറിയിൽനിന്ന് പുറത്താക്കാനും ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങാനും അവിടെയുണ്ടായിരുന്ന ചിലർ ശ്രമിച്ചു.
ഇതേത്തുടർന്ന് മന്ത്രിയുടെ ഭാര്യ ബന്ധുവായ മുൻ ഡി.ജി.പി. ശ്രീലേഖയെ വിളിച്ച് സഹായം അഭ്യർഥിച്ചു. ശ്രീലേഖയുടെ നിർദേശപ്രകാരം സുരക്ഷയ്ക്കായി 112 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് ബിന്ദു മേനോൻ വിവരമറിയിച്ചു. ഇതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയെങ്കിലും വീട്ടിലേക്ക് കയറാൻ ജീവനക്കാർ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. പൊലീസ് സ്ഥലത്തെത്തുന്നതിനു മുൻപുതന്നെ മുറിയിലുണ്ടായിരുന്ന സ്ത്രീയെ അവിടെനിന്നു മാറ്റിയെന്നും മന്ത്രിയുടെ സുഹൃത്തുക്കളും ജീവനക്കാരും തനിക്ക് എതിരാണെന്നും ബിന്ദു മേനോൻ ആരോപിച്ചിരുന്നു. ഇതിന്റെയെല്ലാം തെളിവ് കൈവശമുണ്ടെന്നും മുഖ്യമന്ത്രിയുടെ മകളെ വിളിച്ച് ഇക്കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും ബിന്ദു മേനോൻ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.
ഭാര്യയുടെ വെളിപ്പെടുത്തലിനു പിന്നാലെ വിവാദങ്ങളെ രാഷ്ട്രീയമായി നേരിടുമെന്നായിരുന്നു മന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ വരുമെന്നും ഇതൊക്കെ താൻ മുൻകൂട്ടി പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഒന്നല്ല, അയ്യായിരം പ്രണയമുണ്ടെന്നും പ്രണയമില്ലാത്തവൻ പൊട്ടനാണെന്നുമാണ് അദ്ദേഹം പരിഹസിച്ചത്. ഭാര്യയുമായുള്ള വിഷയത്തിൽ മുൻ ഐ.പി.എസ്. ഓഫിസർ ശ്രീലേഖ ഇടപെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോൾ 'ആരാണ് ഈ ശ്രീലേഖ' എന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. അവർ ബി.ജെ.പിക്കാരിയാണെന്നും കുശുമ്പുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഭാര്യ 112-ൽ വിളിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ സമനില തെറ്റിയാൽ ആർക്കും അങ്ങനെ പരാതി പറയാം എന്നായിരുന്നു മന്ത്രി പ്രതികരിച്ചത്.
ഗണേഷ് കുമാർ മന്ത്രിസഭയിലെ പുഴുക്കുത്ത്; നടപടി വേണമെന്ന് വെള്ളാപ്പള്ളി നടേശൻ
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രി ശക്തമായ നടപടിയെടുക്കണമെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മന്ത്രിസ്ഥാനത്തിരിക്കുമ്പോഴെങ്കിലും ഒരു നിലവാരം പുലർത്താൻ അദ്ദേഹം ബാധ്യസ്ഥനാണ്. ഇത്രയും വഷളായ പ്രവൃത്തി കാണിച്ച മറ്റൊരു മന്ത്രി ഇതിനു മുൻപ് ഉണ്ടായിട്ടില്ല. അതുകൊണ്ട് ജനങ്ങൾക്ക് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളണം.
അദ്ദേഹത്തിന് പെണ്ണിനോടും പൊന്നിനോടും ഏറെ ഇഷ്ടമാണ്. കനകസിംഹാസനത്തിൽ കയറിയിരിക്കുന്ന ഇവൻ ശുംഭനോ ശുനകനോ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് തെറ്റാണെന്ന് പറയാൻ സാധിക്കില്ല. മാന്യമായി പൊതുപ്രവർത്തനം നടത്തേണ്ടതിന് പകരം, മന്ത്രിസഭയിലിരുന്നുകൊണ്ട് ഇത്രയും വഷളായ പ്രവൃത്തികളാണ് അദ്ദേഹം കാണിക്കുന്നത്. ഒരു മന്ത്രിയെന്നല്ല, ആരും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണിത്.
ഭാര്യ പരാതി പിൻവലിച്ചു എന്നതുകൊണ്ട് കാര്യങ്ങൾ അവസാനിക്കുന്നില്ല. സമൂഹത്തിൽ പൊതുപ്രവർത്തകൻ എന്ന നിലയിൽ കാണിക്കേണ്ട മാന്യതയും മര്യാദയും അദ്ദേഹം കാട്ടിയില്ല. ഭംഗിയായി ഭരണം നടത്തിക്കൊണ്ടിരിക്കുന്ന മന്ത്രിസഭയുടെ പുഴുക്കുത്താണ് ഗണേഷ് കുമാർ. ദാർഷ്ട്യവും മാടമ്പിത്തരവുമാണ് അദ്ദേഹത്തിന്റെ വാക്കിലും പ്രവൃത്തിയിലുമുള്ളത്. അയ്യായിരം പേരെ പ്രണയിക്കുന്നുണ്ടെന്ന് തലയിൽ ആൾത്താമസമുള്ള ആരെങ്കിലും പറയുമോ? അങ്ങനെ അല്ലാത്തവർ പൊട്ടന്മാരും ഷണ്ഡന്മാരുമാണെന്നാണ് അദ്ദേഹം പറയുന്നത്. കേരള സർക്കാരിനുണ്ടായ വലിയ അപചയമായിപ്പോയി ഈ സംഭവം. വാദി പരാതി പിൻവലിച്ചു എന്നതുകൊണ്ട് കേസ് ഇല്ലാതാകുന്നില്ല. അതുകൊണ്ട് ജനങ്ങൾക്ക് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി എടുക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR