മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ഗാർഹിക പീഡന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും അദ്ദേഹം അടിയന്തരമായി രാജിവയ്ക്കണമെന്നും പ്രതിപക്ഷം.
Thiruvananthapuram, 10 മാര്ച്ച് (H.S.) മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ഗാർഹിക പീഡന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും അദ്ദേഹം അടിയന്തരമായി രാജിവയ്ക്കണമെന്നും പ്രതിപക്ഷം. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുലർത്തുന്ന മൗനം സംശയാസ്പ
K B Ganesh Kumar


Thiruvananthapuram, 10 മാര്ച്ച് (H.S.)

മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ഗാർഹിക പീഡന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും അദ്ദേഹം അടിയന്തരമായി രാജിവയ്ക്കണമെന്നും പ്രതിപക്ഷം. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുലർത്തുന്ന മൗനം സംശയാസ്പദമാണെന്നും ആരോപണവിധേയനായ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കോൺഗ്രസ് നേതാക്കളായ വിഡി സതീശൻ, ജെബി മേത്തർ, ഷാനിമോൾ ഉസ്മാൻ എന്നിവർ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മൗനം ഇരട്ടത്താപ്പ്

മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും ഇത്തരം ഒരാൾ മന്ത്രിസഭയിൽ തുടരുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. പരാതിയിലെ പല വരികളും വിരൽ ചൂണ്ടുന്നത് ഗൗരവമുള്ള കുറ്റകൃത്യങ്ങളിലേക്കാണ്. അവിടെ കൃത്യമായി എന്ത് സംഭവിച്ചു എന്നത് പൊലീസ് അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണം. പൊലീസിനെ വിവരമറിയിച്ചിട്ടും കൃത്യമായ നടപടികൾ സ്വീകരിച്ചില്ല എന്നത് നിയമവാഴ്ചയുടെ വീഴ്ചയാണ്. മന്ത്രിയെ രാജിവയ്പ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം, അല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കണം.

സ്വന്തം മന്ത്രിസഭയിലെ അംഗത്തിനെതിരെ ഇത്രയും വലിയൊരു ആരോപണം വന്നിട്ടും ഒരു പ്രതികരണമോ പത്രക്കുറിപ്പോ നൽകാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ മൗനത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. 2013ൽ ഗണേഷ് കുമാറിനെതിരെ സമാനമായ ആരോപണങ്ങൾ ഉയർന്നപ്പോൾ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി അദ്ദേഹത്തിൻ്റെ രാജി ആവശ്യപ്പെട്ടിരുന്നു. അന്ന് രാജി ആവശ്യപ്പെട്ട പിണറായി വിജയനും വിഎസ് അച്യുതാനന്ദനും ഇന്ന് അതേ ഗണേഷ് കുമാറിനെ സംരക്ഷിക്കുന്നത് ഇരട്ടത്താപ്പാണ്. മറ്റുള്ളവരുടെ കാര്യത്തിൽ ആവേശം കാണിക്കുന്നവർ സ്വന്തം മന്ത്രിസഭയിലെ ആളുകളുടെ കുറ്റകൃത്യങ്ങൾ കുടുംബ പ്രശ്നമായി ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി കപ്പ് പിടിച്ചു നിൽക്കുന്ന ജനസമ്പർക്ക പരിപാടികളിലെ ദൃശ്യങ്ങൾ ഇനി സർക്കാരിൻ്റെ പരാജയത്തിൻ്റെ അടയാളമായി പ്രതിപക്ഷം ഉയർത്തിക്കാട്ടുമെന്ന് അദ്ദേഹം പരിഹസിച്ചു. ഇതെല്ലാം വെറും പിആർ വർക്കുകൾ മാത്രമാണെന്നും യഥാർഥ പ്രശ്നങ്ങളിൽ സർക്കാർ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു ക്രിമിനൽ കുറ്റം നടന്നാൽ അത് പൊലീസിനെ അറിയിക്കേണ്ടത് ഉത്തരവാദിത്തമാണ്. എന്നാൽ പൊലീസ് അത് ഒളിച്ചുവയ്ക്കാൻ ശ്രമിക്കുന്നത് കുറ്റകരമാണ്.

ഗതാഗത മന്ത്രിയല്ല, മറിച്ച് കേരളത്തിൻ്റെ മുഖ്യമന്ത്രിയാണ് ഇവിടെ എക്സ്പോസ്ഡ് ആയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഈ വിഷയം ശക്തമായി ഉയർത്തിക്കൊണ്ടുവരുമെന്നും സതീശൻ വ്യക്തമാക്കി. യുഡിഎഫിൻ്റെ കാലത്ത് ഈ വിഷയം കുടുംബ പ്രശ്നമായിരുന്നെങ്കിൽ ഇപ്പോഴത്തെ അവസ്ഥയും അങ്ങനെ തന്നെയാകണമല്ലോ എന്നും അന്ന് ഉമ്മൻ ചാണ്ടി കാണിച്ച ആർജവം കാണിക്കാൻ പിണറായി വിജയൻ തയ്യാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു. വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് വിവരങ്ങൾ ചോർന്നിട്ടുണ്ടെന്നും ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തബാധിതരെ സഹായിക്കേണ്ട സ്ഥാനത്തിരുന്ന് ഇത്തരമൊരു ആരോപണം നേരിടുന്നത് അംഗീകരിക്കാനാവില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഓഫിസ് സ്ത്രീപീഡകരെ കുടിയിരുത്തുന്ന കേന്ദ്രമായി

സംസ്ഥാനത്തെ ഒരു മന്ത്രിയുമായി ബന്ധപ്പെട്ട് ഉയർന്ന അതിക്രമ ആരോപണങ്ങളും അത് ഒതുക്കിത്തീർക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങളെയും അതിരൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എംപി ജെബി മേത്തർ രംഗത്തെത്തി. പരാതിയില്ലെന്നും കേസ് ഒത്തുതീർപ്പായെന്നും പറഞ്ഞ് ആരോപണവിധേയരായ ഭരണനേതൃത്വത്തെ സംരക്ഷിക്കുന്ന രക്ഷാദൗത്യമാണ് മുഖ്യമന്ത്രി ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി.

മന്ത്രിയുടെ സ്റ്റാഫ് ഭാര്യയെ കടന്നുപിടിച്ചതും ഫോൺ തട്ടിപ്പറിച്ചതും ഒരിക്കലും കാണാൻ പാടില്ലാത്ത മോശമായ കാര്യങ്ങൾ കണ്ടു എന്നതുൾപ്പെടെയുള്ള ഗുരുതരമായ വെളിപ്പെടുത്തലുകൾ പൊതുസമൂഹത്തിൻ്റെ മുന്നിലുണ്ട്. ഇത്തരത്തിൽ എന്തും ചെയ്ത ശേഷം മാപ്പ് പറഞ്ഞ് എല്ലാം സെറ്റിൽ ചെയ്യാമെന്നാണ് കരുതുന്നതെങ്കിൽ പിന്നെ എന്തിനാണ് ഈ രാജ്യത്ത് ഐപിസിയും സിആർപിസിയും ഭാരതീയ ന്യായസംഹിതയുമൊക്കെയുള്ളതെന്ന് ജെബി മേത്തർ ചോദിച്ചു.

സഹായത്തിനായി 112ലേക്ക് വിളിച്ചപ്പോൾ പിങ്ക് പൊലീസും ലോക്കൽ പൊലീസും ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് ഭരണകൂടത്തിൻ്റെ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നത്. മുൻപ് വെറുമൊരു ഇമെയിൽ സന്ദേശം ലഭിച്ചപ്പോൾ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട പിണറായി വിജയൻ തന്നെയാണ് ഇപ്പോൾ ഗുരുതരമായ ആരോപണം കണ്ടില്ലെന്ന് നടിക്കുന്നത്. വിഎസ് അച്യുതാനന്ദനും കൊടിയേരി ബാലകൃഷ്ണനും ഉണ്ടായിരുന്ന കാലഘട്ടത്തിൽ നിന്ന് മാറി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയപ്പോൾ പിണറായി വിജയൻ്റെ നിലപാടുകൾ പാടെ മാറിയെന്നും പൊലീസിന് കേസെടുക്കാതിരിക്കാൻ നിർദേശം നൽകിയത് മുഖ്യമന്ത്രിയാണെന്നും അവർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസും മന്ത്രിസഭയുമെല്ലാം ഇപ്പോൾ സ്ത്രീപീഡകരെ കുടിയിരുത്തുന്ന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്നും അവർ പറഞ്ഞു.

ഇതൊന്നും അംഗീകരിക്കാനോ സഹിക്കാനോ കേരളത്തിലെ സ്ത്രീകൾ തയ്യാറല്ലെന്നും മഹിളാ കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾ നടക്കുകയാണെന്നും വിഷയത്തിൽ ഡിജിപിക്ക് താൻ പരാതി നൽകിക്കഴിഞ്ഞുവെന്നും ജെബി മേത്തർ വ്യക്തമാക്കി. കാര്യങ്ങൾ പഠിക്കട്ടെ എന്ന് പറഞ്ഞ മന്ത്രി ആർ ബിന്ദു നാല് ദിവസമായിട്ടും ഈ വിഷയം പഠിച്ചു കഴിഞ്ഞില്ലേ എന്നും അവർ ചോദിച്ചു.

മുഖ്യമന്ത്രിയുടെ മകളോട് വരെ മന്ത്രിയുടെ ഭാര്യ പരാതി പറഞ്ഞിട്ടും മുഖ്യമന്ത്രി ഇടപെട്ടിട്ടില്ല. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാതെയും നടപടിയെടുക്കേണ്ടിടത്ത് നടപടിയെടുക്കാതെയും എല്ലാം പൂഴ്ത്തിവയ്ക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. കാണാൻ പാടില്ലാത്തത് കണ്ടു എന്ന് പറയുമ്പോൾ അവിടെ വേറൊരു വ്യക്തി കൂടി ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതെല്ലാം പൊലീസും ആഭ്യന്തരവകുപ്പും അന്വേഷിക്കേണ്ടതാണ്. സാധാരണക്കാരനായ ഒരു പൗരനാണ് ഇത്തരമൊരു തെറ്റ് ചെയ്തിരുന്നെങ്കിൽ വെറുമൊരു മാപ്പ് പറയുന്നതുകൊണ്ട് നിയമത്തിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുമോയെന്നും മന്ത്രിയായതുകൊണ്ട് മാത്രം ഒരുക്കിയിട്ടുള്ള ഈ സംരക്ഷണകവചം അംഗീകരിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിഷയത്തിൽ പരാതിയില്ലാതിരുന്നിട്ടും അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ട് സ്ത്രീപക്ഷ നിലപാട് ഉയർത്തിപ്പിടിച്ച പ്രസ്ഥാനമാണ് കോൺഗ്രസ്. സിനിമ സ്റ്റൈലിൽ ഇമോഷണലായി മാപ്പ് പറഞ്ഞാൽ തീരുന്നതാണോ നിയമലംഘനങ്ങളെന്ന് പൊലീസ് അന്വേഷിക്കണം. അവൾക്കൊപ്പം എന്ന് പറഞ്ഞ് ഹോർഡിങ്സുകൾ വയ്ക്കുന്ന മുഖ്യമന്ത്രി യഥാർഥത്തിൽ മന്ത്രിയുടെ ഭാര്യയുടെ വൈകാരികമായ പ്രതികരണങ്ങളെ നിസാരവത്കരിക്കുകയാണ്. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് നാണവും മാനവും ഇല്ലാത്തവരോട് എന്ത് പറഞ്ഞിട്ട് എന്ത് കാര്യം എന്ന് ചോദിച്ച പിണറായി വിജയൻ്റെ വാക്കുകൾ കേരളം അദ്ദേഹത്തെത്തന്നെ തിരികെ ഓർമിപ്പിക്കുകയാണ്. കുട്ടികൾക്കും വരുംതലമുറയ്ക്കും മാതൃകയാകേണ്ട ഭരണകർത്താക്കളും സ്റ്റാഫും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ഒരു കാരണവശാലും ഈ വിഷയം ഒതുക്കിത്തീർക്കാൻ അനുവദിക്കില്ലെന്നും ഡിജിപിക്ക് നൽകിയ പരാതിയിന്മേൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ജെബി മേത്തർ വ്യക്തമാക്കി.

വനിത നേതാക്കളുടെ മൗനം ദുരൂഹം

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണകാലത്ത് കേരളത്തിൽ സ്ത്രീ സുരക്ഷ എന്നത് വെറും ജലരേഖയായി മാറിയിരിക്കുകയാണെന്ന് കെപിസിസി നിർവാഹക സമിതിയംഗം ഷാനിമോൾ ഉസ്മാൻ ആരോപിച്ചു. ഒരു മന്ത്രിയുടെ ഭാര്യ തന്നെ നേരിട്ട് പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറാകാത്തത് നിയമവ്യവസ്ഥയെ പരിഹസിക്കുന്നതിന് തുല്യമാണ്. ഈ സാഹചര്യത്തിൽ സാധാരണക്കാരായ സ്ത്രീകൾ നൽകുന്ന അപേക്ഷകളുടെയും പരാതികളുടെയും അവസ്ഥ എന്തായിരിക്കുമെന്ന് പൊതുസമൂഹം ഗൗരവമായി ചിന്തിക്കണം. ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ദുരൂഹമാണ്.

കൊടിയുടെ നിറം നോക്കി മാത്രം സ്ത്രീ സുരക്ഷ വിഷയങ്ങളിൽ ഇടപെടുന്ന ഇടതുപക്ഷത്തെ വനിത നേതാക്കളുടെ ഇരട്ടത്താപ്പിനെയും അവർ രൂക്ഷമായി വിമർശിച്ചു. ശൈലജ ടീച്ചർ, ശ്രീമതി ടീച്ചർ, സിഎസ് സുജാത എന്നിവർ എവിടെ പോയി എന്നും മന്ത്രിമാരായ വീണ ജോർജും ചിഞ്ചുറാണിയും എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും ഷാനിമോൾ ഉസ്മാൻ ചോദിച്ചു. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രിക്ക് സ്വന്തം മന്ത്രിസഭയിലെ അംഗത്തിനെതിരെ പരാതി ഉയരുമ്പോൾ എങ്ങനെ മൗനം പാലിക്കാൻ കഴിയുന്നുവെന്നത് അത്ഭുതകരമാണ്.

ഗണേഷ് കുമാറിൻ്റെ ഭാര്യ പരാതി പിൻവലിച്ചതോ മാപ്പ് പറഞ്ഞതോ അവരുടെ കുടുംബപരമായ വിഷയങ്ങൾ മാത്രമായിരിക്കാം. എന്നാൽ 112 എന്ന എമർജൻസി നമ്പറിൽ വിളിച്ചറിയിച്ചിട്ടും സ്ഥലത്തെത്തിയ പൊലീസ് നടപടിയെടുക്കാതെ പിൻമാറിയത് എന്തുകൊണ്ടാണെന്ന കാര്യത്തിൽ മുഖ്യമന്ത്രി മറുപടി നൽകണം. കേരളത്തിലെ സാഹിത്യകാരന്മാരും വനിത നേതാക്കളും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഇത്തരം വിഷയങ്ങളിൽ ഇടപെടാൻ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News