Enter your Email Address to subscribe to our newsletters

Thiruvananthapuram, 10 മാര്ച്ച് (H.S.)
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരത്തിന് ഇറങ്ങാൻ കോപ്പുകൂട്ടി കെസി വേണുഗോപാൽ. അഞ്ച് എംപിമാർക്ക് ഇളവ് നൽകുന്ന ഫോർമുലയാണ് കോൺഗ്രസിൽ മുന്നോട്ടുവച്ചിരിക്കുന്നത്. കെസി വേണുഗോപാൽ മത്സരത്തിന് ഇറങ്ങിയാൽ തങ്ങൾ പിന്മാറുമെന്ന് വിഡി സതീശനും രമേശ് ചെന്നിത്തലയും അടുത്ത അനുയായികളോട് ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തിരക്കിട്ട കൂടിയാലോചനകളാണ് ഇപ്പോൾ നടന്നുവരുന്നത്. കെസി വേണുഗോപാലിനൊപ്പം കെ സുധാകരൻ, എംകെ രാഘവൻ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ് എന്നീ എംപിമാരും നിയമസഭയിലേക്ക് മത്സരിക്കുമെന്നാണ് സൂചന. എന്നാൽ ഹൈക്കമാൻഡ് പ്രതിനിധിയായി കെസി വേണുഗോപാൽ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത് ഗുണത്തിലേറെ ദോഷം ചെയ്യുമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ എൻപി ചേക്കൂട്ടി വ്യക്തമാക്കി.
നിയമസഭയിൽ പോരാടിയ നേതാക്കൾ തന്നെ തെരഞ്ഞെടുപ്പിനെ നയിക്കുന്നതാണ് ഉചിതമെന്നും മറ്റുള്ളവർ ഇറങ്ങുന്നത് കുളം കലക്കാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ട ഹൈക്കമാൻഡ് തന്നെ മത്സരത്തിന് ഇറങ്ങിയാൽ, തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഏത് കമാൻഡ് വരുമെന്ന ചോദ്യവും എൻപി ചേക്കൂട്ടി ഉന്നയിക്കുന്നുണ്ട്.
എംപിമാരുടെ മോഹവും ഹൈക്കമാൻഡ് നീക്കവും
ഇത്രയധികം എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങി വിജയിച്ചാൽ സംസ്ഥാനത്ത് ഒരു മിനി ലോക്സഭാ തെരഞ്ഞെടുപ്പ് വേണ്ടിവരുമെന്ന കാര്യവും സജീവമായി ചർച്ചയാകുന്നുണ്ട്. അതിനാൽ നിയമസഭയിലേക്ക് കണ്ണുംനട്ടിരിക്കുന്ന എംപിമാരെ ചൊടിപ്പിക്കാത്ത തരത്തിലുള്ള ഒരു തീരുമാനം വരാനും സാധ്യതയുണ്ട്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയെ മത്സരിക്കാൻ അനുവദിക്കാത്ത സാഹചര്യമുണ്ടായാൽ മറ്റ് പാർലമെൻ്റ് അംഗങ്ങളും കേരളത്തിൽ മത്സരത്തിന് ഇറങ്ങേണ്ടതില്ലെന്ന തീരുമാനവും ഉണ്ടായേക്കാം. ഈ രീതിയിലും കാര്യങ്ങൾ മാറിമറിയാൻ സാധ്യതയുണ്ട്.
തൻ്റെ പഴയ തട്ടകമായ ആലപ്പുഴ മണ്ഡലത്തിൽ നിന്ന് ജനവിധി തേടാനാണ് കെസി വേണുഗോപാൽ ഒരുക്കം കൂട്ടുന്നത്. കഴിഞ്ഞ ഒരു മാസമായി അദ്ദേഹം ആലപ്പുഴ കേന്ദ്രീകരിച്ച് സജീവമായി രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. യുഡിഎഫ് അധികാരത്തിൽ വരികയാണെങ്കിൽ കെസി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പ്രധാന പേരുകളിലൊന്നായി കോൺഗ്രസ് ഹൈക്കമാൻഡ് പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് കെസി വേണുഗോപാൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, സിറ്റിങ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണമോ എന്ന കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ല എന്നായിരുന്നു ഏറ്റവും ഒടുവിൽ അദ്ദേഹം പ്രതികരിച്ചത്.
നേതൃത്വത്തിലെ ഭിന്നതയും സമുദായ സമവാക്യങ്ങളും
കെസി വേണുഗോപാൽ രംഗത്തിറങ്ങിയാൽ മത്സരത്തിൽ നിന്ന് പിന്മാറുമെന്ന് വിഡി സതീശനും രമേശ് ചെന്നിത്തലയും രഹസ്യയോഗങ്ങളിൽ വ്യക്തമാക്കിയതോടെ വിഷയം കൂടുതൽ സങ്കീർണമാകുകയാണ്. താൻ മത്സരിക്കുമോ എന്ന കാര്യത്തിൽ പോലും തീരുമാനമായിട്ടില്ലെന്നും മുൻകൂട്ടി പ്രഖ്യാപനം നടത്തിയാൽ പാർട്ടി ശാസിക്കുമെന്നുമാണ് വിഡി സതീശൻ നിരന്തരം വ്യക്തമാക്കുന്നത്. ഹൈക്കമാൻഡിൽ നിന്ന് വ്യക്തമായ ചില സൂചനകൾ ലഭിച്ചതുകൊണ്ടാകാം ഈ പ്രതികരണമെന്നാണ് കെപിസിസിയിലെ ഒരു മുതിർന്ന അംഗം വ്യക്തമാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നത് നൂറ്റിപ്പത്ത് ശതമാനം ഉറപ്പാണെന്ന് കെ സുധാകരൻ പറയുന്നതിന് പിന്നിലും ഡൽഹിയിൽ നടക്കുന്ന ചില ചർച്ചകളാണ്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന പ്രതീക്ഷയിലിരിക്കെയാണ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സങ്കീർണമാകുന്നത്. കേരളത്തിലെ നിലവിലെ നേതൃത്വം മത്സരത്തിനിറങ്ങി വിജയിച്ചാലും തമ്മിലടി തീർക്കാൻ എഐസിസി ഏറെ പാടുപെടും. അതുകൊണ്ടുതന്നെ കെസി വേണുഗോപാൽ നേരത്തെ തന്നെ രംഗത്തിറങ്ങാനാണ് സാധ്യത.
കേരളത്തിൽ നേരിട്ടെത്തിയും അല്ലാതെയും കാര്യങ്ങൾ വിലയിരുത്തുന്ന രാഹുൽ ഗാന്ധി സ്ഥാനാർഥി നിർണയത്തിൽ എന്ത് തീരുമാനമെടുക്കും എന്നതും നിർണായകമാണ്. വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പിന്നാക്ക വിഭാഗക്കാരെ മത്സരിപ്പിക്കണമെന്ന് ശിവഗിരി മഠം രാഹുൽ ഗാന്ധിയോട് പരസ്യമായി തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞു. സമാനമായ രീതിയിൽ മറ്റ് സമുദായ സംഘടനകളും തങ്ങളുടെ ആവശ്യങ്ങൾ അറിയിച്ചിട്ടുണ്ട്. ഇവയെല്ലാം ക്രോഡീകരിച്ച് കൊണ്ടുപോകാൻ ഉചിതമായ വഴി കണ്ടെത്തിയില്ലെങ്കിൽ തെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകളൊക്കെ അസ്ഥാനത്താകും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR